പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല: അന്തിമ വിജ്ഞാപനമിറക്കാൻ മൂന്ന് സംസ്ഥാനങ്ങൾ; കേരളത്തിൽ സമവായമായില്ല

ന്യൂഡൽഹി: പശ്ചിമഘട്ടം ഉൾക്കൊള്ളുന്ന ആറു സംസ്ഥാനങ്ങളിൽ മൂന്നിടത്തെ പരിസ്ഥിതിലോലമേഖല (ഇ.എസ്.എ.) നിർണയിക്കുന്ന അന്തിമവിജ്ഞാപനമിറക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു. കസ്തൂരിരംഗൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ 2014-ൽ കരടിറങ്ങിയെങ്കിലും 12 വർഷമായിട്ടും വിവിധ സംസ്ഥാനങ്ങളുടെ എതിർപ്പുകാരണം അന്തിമ വിജ്ഞാപനമിറക്കാൻ സാധിച്ചിട്ടില്ല.
എന്നാൽ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ അന്തിമവിജ്ഞാപനം ഏറക്കുറെ തയ്യാറായിട്ടുണ്ടെന്ന് ‘ഇന്ത്യൻ എക്സ്‌പ്രസ്’ ദിനപത്രം റിപ്പോർട്ടുചെയ്തു. കേരളവും കർണാടകവും ഉന്നയിച്ച എതിർപ്പുകളിൽ സമവായത്തിലെത്തിയിട്ടില്ല എന്നറിയുന്നു. 2014-ൽ ഇറക്കിയ കരടുവിജ്ഞാപനത്തിൽ അഞ്ചുതവണ മാറ്റംവരുത്തിയിട്ടും അന്തിമരൂപമാക്കാൻ സാധിച്ചില്ല. 2024 ജൂലായിലാണ് അവസാന കരട് ഇറങ്ങിയത്. ഇതിന്റെ കാലാവധി അടുത്തമാസം അവസാനിക്കും. ആറുസംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല മേഖലയായി ഇതിൽ പറയുന്നത്.
കേരളത്തിലെ 123 വില്ലേജുകളിലായി 9,993 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതിലോല മേഖല. ഇത് 98 വില്ലേജുകളിലെ 8,590 ചതുരശ്ര കിലോമീറ്ററാക്കി കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഏറ്റവുംകൂടുതൽ പരിസ്ഥിതിലോല മേഖലയുള്ള (20,668 ചതുരശ്ര കിലോമീറ്റർ) കർണാടകമാകട്ടെ, ഇതിനായുള്ള മൊത്തം നടപടിക്രമങ്ങളെത്തന്നെ ചോദ്യംചെയ്യുകയുമാണ്.
അതേസമയം, ഗുജറാത്തും (449 ച.കിലോമീറ്റർ), ഗോവയും (1,461 ച.കിലോമീറ്റർ) മഹാരാഷ്ട്രയും (17,340 ച. കിലോമീറ്റർ) അന്തിമവിജ്ഞാപനത്തിന്റെ കാര്യത്തിൽ ഏറക്കുറെ സമവായത്തിലെത്തി. തമിഴ്‌നാടിനാവട്ടെ (6,914 ച. കിലോമീറ്റർ) ഇക്കാര്യത്തിൽ വലിയ താത്പര്യമില്ല. കേരളവും കർണാടകവുമായി ചർച്ചകൾ തുടരുന്നതിനിടയിൽത്തന്നെ, സമവായത്തിലെത്തിയ സംസ്ഥാനങ്ങളിൽ അന്തിമ വിജ്ഞാപനമിറക്കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. വിജ്ഞാപനത്തിൽ കേരളം ഉൾപ്പെടുമോ എന്നതു സംബന്ധിച്ച സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന പരിസ്ഥിതിവകുപ്പ് പറഞ്ഞു.
പരിസ്ഥിതിലോല മേഖല
ഒരുപ്രദേശം പരിസ്ഥിതിലോലമേഖലയായി വിജ്ഞാപനം ചെയ്താൽ ഖനനം, പാറമട, താപ വൈദ്യുതിനിലയം എന്നിവ പുതുതായി വരുന്നതോ വികസിപ്പിക്കുന്നതോ പൂർണമായി നിരോധിക്കുകയോ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യാം.
വലിയതോതിൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന ചുവപ്പുവിഭാഗത്തിൽപ്പെട്ട വ്യവസായങ്ങൾ, 20,000 ചതുരശ്ര മീറ്ററിലേറെ ബിൽറ്റ് അപ്പ് ഏരിയ വരുന്ന കെട്ടിടങ്ങൾ എന്നിവയുടെ കാര്യവും അങ്ങനെത്തന്നെ. കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2013 നവംബറിൽത്തന്നെ ഈ മേഖലയിൽ പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന പദ്ധതികൾ തടഞ്ഞുകൊണ്ട് കേന്ദ്രം നിർദേശമിറക്കിയിരുന്നു. അന്തിമവിജ്ഞാപനം വരുന്നതോടെ ഇവയ്ക്ക് കൂടുതൽ നിയമപിൻബലം ലഭിക്കും.
ഗാഡ്ഗിലും കസ്തൂരിരംഗനും
മാധവ് ഗാഡ്ഗിൽ കമ്മിറ്റി 2011-ൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത് പശ്ചിമഘട്ടം പൂർണമായും അതായത് 1,29,037 ചതുരശ്ര കിലോമീറ്ററും ഇ.എസ്.എ. ആക്കണമെന്നാണ്. സംസ്ഥാനങ്ങളുടെ വ്യാപക എതിർപ്പിനെത്തുടർന്ന് 2012-ൽ നിയോഗിച്ച കസ്തൂരിരംഗൻ കമ്മിറ്റിയാണ് ഏതാണ്ട് 60,000 ചതുരശ്ര കിലോമീറ്ററാക്കി കുറച്ചത്. അഞ്ചുതവണ ഇതിലും മാറ്റംവരുത്തിയാണ് 56,825.7 ചതുരശ്ര കിലോമീറ്ററിലെത്തിയത്.
Content Highlights: Central government moving toward final notification for Western Ghats ESA., Gujarat, Maharashtra, and Goa have reached a consensus., Kerala and Karnataka continue to oppose the current draft boundaries., The 2024 draft notification period expires soon, necessitating 2026 policy decisions., ESA designation restricts mining, quarrying, and large-scale industrial projects.