മരുന്നുകളിലെ രാസപദാർത്ഥം; കഴുകന്മാരുടെ സംരക്ഷണത്തിനായി 'വൾച്ചർ റെസ്റ്റോറന്റ്' തുടങ്ങി ജാർഖണ്ഡ്

റാഞ്ചി: ഗുരുതര വംശനാശഭീഷണി നേരിടുന്ന കഴുകന്മാരുടെ സംരക്ഷണത്തിനായി 'വള്‍ച്ചര്‍ റെസ്റ്റോറന്റ്' തുറന്ന് ജാർഖണ്ഡ്. കഴുകന്മാര്‍ക്കായുള്ള ഫീഡിങ് കേന്ദ്രമെന്ന നിലയിലാകും ഇത് പ്രവര്‍ത്തിക്കുക. അടുത്തകാലത്തായി വെറ്ററിനറി മരുന്നുകളുപയോഗിച്ച കന്നുകാലികളുടെയും മറ്റും ജഡങ്ങള്‍ ഭക്ഷിക്കുന്നത് കഴുകന്മാര്‍ക്ക് ഭീഷണിയായി മാറുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം മരുന്നുകളിലടങ്ങിയിരിക്കുന്ന ഹാനികരമായ പദാര്‍ത്ഥങ്ങള്‍ ഇവയുടെ ജീവഹാനിയിലേക്കും നയിക്കുന്നത് ഒഴിവാക്കാനുമുള്ള പരിശ്രമത്തിലാണ് അധികൃതര്‍. കോടര്‍മ ജില്ലയിലെ ഒരു ഹെക്ടര്‍ വരുന്ന സ്ഥലത്താകും റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുക.
വെറ്ററിനറി മരുന്നു സംബന്ധമായ പദാര്‍ത്ഥങ്ങളില്ലാത്ത കന്നുകാലികളുടെ ജഡം ലഭ്യമാകുന്ന പക്ഷം റെസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിക്കും. സമാനമായ കേന്ദ്രങ്ങള്‍ മറ്റിടങ്ങളില്‍ തുടങ്ങാനും വനംവകുപ്പ് അധികൃതര്‍ പദ്ധതിയിടുന്നു. ഗോശാലകളില്‍ നിന്നുമൊക്കെയായി ജഡങ്ങളെത്തും. ഇതിന് മുന്നോടിയായി ജഡത്തില്‍ ഹാനികരമായ മരുന്നുപദാര്‍ത്ഥങ്ങളില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തും.
സംസ്ഥാനത്ത് കഴുകന്മാരുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യമാണ് ഫീഡിങ് കേന്ദ്രമെന്ന ആശയത്തിന് പിന്നില്‍. ഫീഡിങ് കേന്ദ്രത്തില്‍ നായശല്യം ഒഴിവാക്കുന്നതിനായി വേലികളും സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് ജാര്‍ഖന്ധില്‍ കഴുകന്മാരുടെ സാന്നിധ്യം ധാരാളമുണ്ടായിരുന്നു. നിലവില്‍ ഇവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങള്‍ സംസ്ഥാനത്ത് കുറവാണ്.
ചത്തൊടുങ്ങുന്നതിന് മുന്‍പ് കന്നുകാലികള്‍ക്ക് നല്‍കുന്ന വെറ്ററിനറി മരുന്നിലെ ഡൈക്ലോഫനാക് എന്ന പദാര്‍ത്ഥം കഴുകന്മാരുടെ ഒരു പങ്ക് ചത്തൊടുങ്ങുന്നതിന് പ്രധാന കാരണമായിരുന്നുവെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഫീഡിങ് കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്ന കോടര്‍മ ജില്ലയില്‍ രണ്ടു ദശാബ്ദത്തോളം കഴുകന്മാരില്ലായിരുന്നു. 2019-ലാണ് ജില്ലയില്‍ വീണ്ടും കഴുകന്മാര്‍ സാന്നിധ്യമറിയിക്കുന്നത്. കഴുകന്മാരുടെ നാലിനങ്ങളെ സംസ്ഥാനത്ത് കാണാം. 2015-ല്‍ മഹാരാഷ്ട്രയിലെ ഫംസാദ് വന്യജീവി സങ്കേതത്തിലാണ് ഇത്തരത്തില്‍ ആദ്യമായി 'വള്‍ച്ചര്‍ റെസ്റ്റോറന്റ്' സ്ഥാപിതമാകുന്നത്.
Content Highlights: vulture restaurant set up in Jharkhand