ജൈവവൈവിധ്യം വിളിച്ചോതി പശ്ചിമഘട്ടം; കര്‍ണാടകത്തില്‍ കണ്ടെത്തിയത് മൂന്ന് പുതിയ സസ്യങ്ങള്‍

സൊണറില ജിഗാൻടീ
സൊണറില ജിഗാൻടീ

ബെംഗളൂരു: കര്‍ണാടകത്തിലെ പശ്ചിമഘട്ടത്തില്‍ നിന്ന് മൂന്ന് പുതിയ സസ്യങ്ങളെ കണ്ടെത്തി ഗവേഷകര്‍. ദവാന്‍ഗേറേ സര്‍വകലാശാലയിലെ അധ്യാപകനായ സിദ്ധപ്പ ബി. കാക്കലമേലി, റിസര്‍ച്ച് സ്‌കോളറായ പ്രശാന്ത് കാരടക്കട്ടി എന്നിവരാണ് കണ്ടെത്തലിന് പിന്നില്‍. 2024-25-ല്‍ വിവിധയിടങ്ങളില്‍ നടന്ന സര്‍വേയുടെ അടിസ്ഥാനത്തിലാണ് മേലസ്റ്റോമേസീയേ കുടുംബത്തില്‍പ്പെടുന്ന മൂന്ന് പുതിയ സസ്യങ്ങളെ കണ്ടെത്തിയത്.

സൊണറില ബാബബുഡന്‍ഗിരിയെന്‍സിസ്, സൊണറില ജിഗാന്‍ടീ, സൊണറില ചാര്‍മഡഐയെന്‍സിസ് എന്നിങ്ങനെയാണ് പുതുതായി കണ്ടെത്തിയ മൂന്ന് സസ്യങ്ങള്‍ക്ക് പേരുനല്‍കിയിരിക്കുന്നത്. സൊണറില ബാബബുഡന്‍ഗിരിയെന്‍സിസനെ ചിക്കമംഗളൂരുവിലുള്ള ബാബ ബുഡന്‍ഗിരി മലനിരകളിലാണ് കണ്ടത്. സൊണറില ജിഗാന്‍ടീയെ കൊടകിലെ മലാല്ലി വെള്ളച്ചാട്ടത്തിനടുത്തുള്ള പ്രദേശത്തുനിന്നാണ് കിട്ടിയത്. സൊണറില ചാര്‍മഡഐയെന്‍സിസിനെ ചിക്കമംഗളൂരുവിലുളള ചാര്‍മഡി ഘട്ടില്‍നിന്നുമാണ് കണ്ടെത്തിയത്.

മലേഷ്യയിലുള്ള സൊണറില വാലിക്കീ, സൊണറില ഗഡ്ഗിലിയാന, സൊണറില ഗ്രാന്‍ഡിസ് എന്നീ സസ്യങ്ങളുമായി ഇവയ്ക്ക് സാമ്യമുള്ളതായി സസ്യശാസ്ത്രജ്ഞര്‍ കൂടിയായ സിദ്ധപ്പയും പ്രശാന്തും പറയുന്നു. സൊണറില ജനുസ്സില്‍പ്പെടുന്ന 46 ഇനങ്ങളില്‍പ്പെടുന്ന സസ്യങ്ങളാണ് ഇന്ത്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 43 സ്പീഷിസുകളും പശ്ചിമഘട്ടത്തില്‍ മാത്രമാണുളളത്. 11 ഇനങ്ങളെ മുന്‍പ് കര്‍ണാടകയില്‍ രേഖപ്പെടുത്തിയിട്ടുള്ളതായും ഗവേഷകര്‍ പറയുന്നു.

ലോകമെമ്പാടും 30 ലക്ഷം വരുന്ന സസ്യ ഇനങ്ങളാണുള്ളതെന്ന് സസ്യശാസ്ത്രജ്ഞര്‍ പറയുന്നു. ഇതില്‍ രണ്ടരലക്ഷം വരുന്ന സസ്യ ഇനങ്ങളെ മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുളളത്. 27,50,000 സസ്യങ്ങള്‍ ഇനിയും തിരിച്ചറിയപ്പെടാനുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

Content Highlights: Three New Plant Species Have been Discovered at Westernghats in Karnataka