പക്ഷികളോടുള്ള കരുതൽ; ദീപാവലിക്ക് പടക്കം പൊട്ടിക്കാത്ത തമിഴ്ഗ്രാമങ്ങൾ

വേട്ടങ്കുടിപ്പട്ടി പക്ഷി സങ്കേതത്തിലെ ദൃശ്യം, ഫയല്‍ ചിത്രം | Photo-ANI  (twitter.com/ANI)
വേട്ടങ്കുടിപ്പട്ടി പക്ഷി സങ്കേതത്തിലെ ദൃശ്യം, ഫയല്‍ ചിത്രം | Photo-ANI (twitter.com/ANI)

ചെന്നൈ: വിദേശപക്ഷികൾ ചേക്കേറുന്ന ശിവഗംഗ ജില്ലയിലെ വേട്ടങ്കുടിപ്പട്ടി, കൊല്ലുകുടിപ്പട്ടി ഗ്രാമങ്ങളിലെ ജനങ്ങൾ 50 വർഷമായി ദീപാവലിക്കു പടക്കംപൊട്ടിക്കാറില്ല. പക്ഷികളോടുള്ള കരുതലും സ്നേഹവുമാണ് കാരണം. ശിവഗംഗയിൽനിന്നും മധുര റോഡിൽ തിരുപുത്തൂരിനു സമീപമാണ് വേട്ടങ്കുടിപ്പട്ടിയും കൊല്ലുകുടിപ്പട്ടിയും. ഇവിടെ വിസ്തൃതമായ പക്ഷിസങ്കേതമുണ്ട്.

ഏഴായിരത്തിലധികം വിദേശ ഇനം പക്ഷികൾ പ്രജനനത്തിനായി ഇവിടെയെത്തും. സെപ്റ്റംബർ മുതൽ മാർച്ച് വരെ അവ വെള്ളത്തിൽ വളർന്ന മരങ്ങളിൽ കൂടുണ്ടാക്കി മുട്ടവിരിയിക്കും. പക്ഷികൾക്കു യാതൊരു പ്രയാസങ്ങളും ഉണ്ടാകരുതെന്ന് ഗ്രാമവാസികൾക്കു നിർബന്ധമാണ്. 

അവർ ഈ പക്ഷികളെ ഗ്രാമത്തിലെ അതിഥികളായാണ് കാണുന്നത് അതുകൊണ്ടുതന്നെ 50 വർഷമായി ഇവിടെ ആഘോഷങ്ങളിലും വിവാഹങ്ങളിലും മൃതദേഹംവഹിച്ചുള്ള യാത്രകളിലുമൊന്നും പടക്കംപൊട്ടിക്കാറില്ല. നിയമം പാലിക്കുന്നതിൽ ഗ്രാമീണർ ഒറ്റക്കെട്ടാണ്. ഇവരുടെ നന്മ കണ്ടറിഞ്ഞ വനംവകുപ്പ് അധികൃതർ ശനിയാഴ്ച ഗ്രാമവാസികൾക്കു മധുരം വിതരണംചെയ്തു.

Content Highlights: tamil villagers whom doesn't celebrate diwali