ആമകൾ അതിർത്തി കടക്കുന്നത് ഈ 'രഹസ്യ സങ്കേത'ത്തിലേക്ക്; ശ്രദ്ധാകേന്ദ്രമായി ‘ശ്രീലങ്കൻ ഡോം’

ന്യൂഡൽഹി: തമിഴ്‌നാട്ടിൽനിന്നുള്ള ഒലിവ് റിഡ്‌ലി ആമകളുടെ സഞ്ചാരപഥം നിരീക്ഷച്ചതിലൂടെ സമുദ്രത്തിലെ അധികമാരും അറിയപ്പെടാത്ത 'ശ്രീലങ്കൻ ഡോം' എന്ന പ്രതിഭാസത്തിലേക്ക് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ തിരിയുന്നു. ഉപഗ്രഹങ്ങൾ പുറത്തുവിട്ട ചിത്രങ്ങൾ നിരീക്ഷിച്ചതിലൂടെയാണ് ഈ രഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തിയത്.
ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ഈ പ്രദേശം, സമുദ്രജീവികളുടെ പ്രധാനപ്പെട്ട വിഹാരകേന്ദ്രമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിൽനിന്നുള്ള ആമകൾക്ക് പുറമെ ഒഡീഷയിൽനിന്നുള്ള ആമകളും ഈ മേഖലയിലേക്ക് എത്തുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.
ഒരു പ്രകൃതിദത്ത നീരുറവ പോലെ പ്രവർത്തിക്കുന്ന പ്രതിഭാസമാണ് ഓഷ്യൻ ഡോം. കാറ്റും സമുദ്രജലപ്രവാഹങ്ങളും ചേർന്ന് സമുദ്രത്തിന്റെ ആഴങ്ങളിലുള്ള പോഷക സമ്പന്നമായ തണുത്ത ജലത്തെ മുകളിലേക്ക് തള്ളുകയും ഇത് ഒരു ഡോം ആകൃതിയിൽ രൂപപ്പെടുകയും ചെയ്യുന്നു. സൂര്യപ്രകാശമേൽക്കുന്ന ഈ പോഷകസമൃദ്ധമായ ജലത്തിൽ പ്ലവകങ്ങൾ വൻതോതിൽ വളരുന്നു. ഇത് ചെറുമീനുകളെയും കടൽ ജീവികളെയും ആകർഷിക്കുന്നതോടെ കടലിനടിയിൽ ഒരു വലിയ ഭക്ഷണശേഖരം തന്നെ ഒരുങ്ങുന്നു.
ഓരോ വർഷവും മേയ് മാസത്തിൽ രൂപപ്പെടുന്ന ശ്രീലങ്കൻ ഡോം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ശക്തമാവുകയും സെപ്റ്റംബറോടെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഈ സമയത്തിനുശേഷം ആമകൾ തങ്ങളുടെ പഴയ വാസസ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആവാസവ്യവസ്ഥകളിൽ ഒന്നാണെങ്കിലും ശ്രീലങ്കൻ ഡോമിനെക്കുറിച്ച് വേണ്ടത്ര പഠനങ്ങളോ ശ്രദ്ധയോ ലഭിച്ചിട്ടില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ഡോമുകൾ നിലവിലുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗിനിയ ഡോം, അംഗോള ഡോം, പസഫിക് സമുദ്രത്തിലെ മിൻഡാനാവോ ഡോം, കോസ്റ്റാറിക്ക ഡോം, കൂടാതെ ഇന്ത്യൻ സമുദ്രത്തിലെതന്നെ സീഷെൽസ്-ചാഗോസ് റിഡ്ജ് എന്നിവ ഇതിൽ ചിലതാണ്. ഇതിൽ കോസ്റ്റാറിക്ക ഡോമാണ് ഏറ്റവും കൂടുതൽ പഠനവിധേയമായിട്ടുള്ളത്.
Long message, but trust me, it will be worth your time. Here is a remarkable update from Tamil Nadu’s tagged turtles. Early tracking data shows that some have already travelled to the Sri Lanka Dome, a little known ocean region where marine life gathers in extraordinary numbers.… pic.twitter.com/h2yUzvOLiW
— Supriya Sahu IAS (@supriyasahuias) April 25, 2026
സമുദ്രത്തിലെ ഇത്തരം പ്രതിഭാസങ്ങളുടെ സംരക്ഷണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ആമകളുടെ കൂടുകൂട്ടുന്ന തീരങ്ങളും അവയുടെ സഞ്ചാരപാതകളും ഭക്ഷണകേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കി സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ഇടപെടലുകളും ഈ ആവാസവ്യവസ്ഥയെ തകർക്കുന്നതിന് മുൻപ് ഇവ സംരക്ഷിക്കപ്പെടേണ്ടത് സമുദ്രജീവികളുടെ നിലനിൽപ്പിന് അനിവാര്യമാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: Identification of the Sri Lanka Dome as a critical nutrient-rich marine hub., Explanation of how upwelling currents support marine food chains., Tracking Olive Ridley turtles from Tamil Nadu and Odisha to the dome., Seasonal behavior of the dome from May to September., Urgent call for international cooperation in marine habitat protection.