ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണീ കെ.കെ ജോസഫ്!; പുള്ളിപ്പുലിയെ വട്ടം കറക്കി അണ്ണാന്‍

Image: Screengrab from Latest Sightings youtube video
Image: Screengrab from Latest Sightings youtube video

കാട്ടിലെ വേട്ടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരില്‍ ഒരാളാണ് പുള്ളിപ്പുലി. ചുവടുകളൊന്നും പിഴയ്ക്കാതെ ഇരയെ വേട്ടയാടി പിടിക്കുന്നതില്‍ കേമന്‍മാരാണ് ഇക്കൂട്ടര്‍. പുള്ളിപ്പുലിയുടെ കൈയ്യില്‍ നിന്ന് അതിവിദഗ്ദമായി രക്ഷപ്പെടുന്ന അണ്ണാന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സൗത്ത് ആഫ്രിക്കയിലാണ് സംഭവം.

പീറ്റ് വാന്‍ വൈക്ക് എന്ന വ്യക്തിയാണ് വീഡിയോ പുറത്ത് വിട്ടത്. സൗത്ത് ആഫ്രിക്കയിലെ മലമല പ്രൈവറ്റ് ഗെയിം റിസര്‍വിലാണ് സംഭവം. അവിടെ നടന്ന സഫാരിക്കിടിയിലാണ് അദ്ദേഹം ഈ ദൃശ്യം കണ്ടതും പകര്‍ത്തിയതും. അന്നത്തെ തന്റെ അനുഭവവും അദ്ദേഹം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

'ആപ്പിള്‍ ലീഫ്' മരത്തിലിരിക്കുന്ന പുള്ളിപ്പുലിയെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. പിന്നീടാണ് മരത്തിലിരിക്കുന്ന അണ്ണാനെ പിടിക്കാനായി പുലി കഷ്‌പ്പെടുന്നത് നമ്മള്‍ കാണുക. പുള്ളിപ്പുലിയില്‍ നിന്ന് ഓടി രക്ഷപ്പെടാതെ വളരെ രസകരമായി കുതറി മാറുകയാണ് അണ്ണാന്‍. മരത്തിന്റെ ഒരുവശത്തേക്ക് പുലി വരുമ്പോള്‍ അണ്ണാന്‍ വിപരീത ദിശയിലേക്ക് കുതറിമാറും. അതേ ദിശയിലേക്ക് പോവുമ്പോള്‍ പുലിയെ പറ്റിച്ചുകൊണ്ട് അണ്ണാന്‍ വീണ്ടും വേറെ ദിശയിലേക്ക് ചായും. അഞ്ച് മിനിറ്റോളം നീണ്ടുനിന്ന ഈ ഒളിച്ചുകളി പോരാട്ടത്തിന് ശേഷം അണ്ണാന്‍ പൊന്തക്കാട്ടിലേക്ക് ഓടിരക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്.

വീഡിയോ വളരെപെട്ടെന്ന്തന്നെ ശ്രദ്ധ നേടി. നിരവധി പേര്‍ അണ്ണാന്റെ കൗശലത്തിന് കൈയടിച്ചു. വലിപ്പത്തിലല്ല ബുദ്ധിയിലാണ് കാര്യമെന്ന് ഒരാള്‍ കമന്റ് ചെയ്തു.

Content Highlights: Squirrel's take on leopard in a game viral video