നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗിലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഗവേഷകര്‍; എണ്ണത്തില്‍ നേരിയ വര്‍ധനവ്

നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗിലം |   ഫോട്ടോ:  എ.പി
നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗിലം | ഫോട്ടോ: എ.പി

ഗുരുതര വംശനാശഭീഷണി നേരിടുന്ന തിമിംഗിലവിഭാഗമായ നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് വെയിലുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ്. 2024-ലെ, ഏറ്റവുമൊടുവില്‍ നടന്ന കണക്കെടുപ്പ് പ്രകാരം ഇവയുടെ എണ്ണം 384 ആണ്. 2023-ല്‍ ഇത് 376 ആയിരുന്നു. അതായത് എണ്ണത്തില്‍ 2.1 ശതമാനത്തിന്റെ വര്‍ധനവ്. ന്യൂ ഇംഗ്ലണ്ട് അക്വേറിയത്തിലെ ആന്‍ഡേഴ്‌സണ്‍ കാബറ്റ് സെന്റര്‍ ഫോര്‍ ഓഷ്യന്‍ ലൈഫിലെയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷനിലെയും (എന്‍ഒഎഎ) ഗവേഷകര്‍ സംയുക്തമായാണ് കണക്കെടുപ്പ് നടത്തിയത്.

കഴിഞ്ഞവര്‍ഷം നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് വെയിലുകളുടെ ഏതാനും കുഞ്ഞുങ്ങളുണ്ടായത് ഇവയുടെ എണ്ണം ഉയരാന്‍ കാരണമായി. എണ്ണത്തില്‍ നേരിയ വര്‍ധന മാത്രമേയുള്ളൂവെങ്കിലും സന്തോഷത്തിന് വകയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് വെയിലുകളുടെ ഏതാനും എണ്ണം മാത്രമാണ് 2024-ല്‍ ചത്തത്. സമീപവര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പരിക്കുകളുണ്ടാകുന്ന സാഹചര്യങ്ങളും കുറഞ്ഞു.

മത്സ്യബന്ധന വലയടക്കമുളള ഉപകരണങ്ങളില്‍ കുടുങ്ങുന്നതും കപ്പലിടിച്ചുള്ള ആഘാതങ്ങളും ഈ തിമിംഗിലങ്ങളുടെ മരണത്തിലേക്ക് നയിച്ചിരുന്നു. അപകടങ്ങളെ അതിജീവിക്കുന്നവയ്ക്ക് ഗുരുതര പരിക്കുകളുമായി ജീവിതം തള്ളിനീക്കേണ്ടതായും വന്നു. 2024-ല്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് വെയില്‍ വിഭാഗത്തില്‍പ്പെടുന്ന അഞ്ച് തിമിംഗിലങ്ങളാണ് ചത്തത്. 16 എണ്ണം മത്സ്യബന്ധനവലകളില്‍ കുടുങ്ങുകയും എട്ട് തിമിംഗിലങ്ങള്‍ക്ക് കപ്പലിടിച്ചുളള ആഘാതത്തില്‍ പരിക്ക് സംഭവിക്കുകയും ചെയ്തു. എന്നാല്‍, 2025-ൽ സ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടു.

ഈവര്‍ഷം ഇതുവരെ നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് വെയിലുകളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മത്സ്യബന്ധനവലയില്‍ കുടുങ്ങി ഒരു തിമിംഗിലത്തിന് 2025-ല്‍ പരിക്ക് സംഭവിച്ചപ്പോള്‍ മറ്റൊന്നിനെ കപ്പലിടിക്കുകയും ചെയ്തു. മത്സ്യബന്ധനവലകളില്‍ കുടുങ്ങുന്ന സംഭവങ്ങള്‍ തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 2024-ല്‍ മത്സ്യബന്ധനവലകളില്‍ നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗിലം കുടുങ്ങിയ സംഭവത്തിന്റെ 50 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് വര്‍ഷാവസാനമാണ്. അതിനാല്‍ ഈ വര്‍ഷം മത്സ്യബന്ധനവലയില്‍ ഈ തിമിംഗിലം കുടുങ്ങുന്ന സാഹചര്യം ഇനിയും റിപ്പോര്‍ട്ട് ചെയ്‌തേക്കാം.

കഴിഞ്ഞ ഡിസംബറില്‍ മത്സ്യബന്ധനവലയില്‍ കുടുങ്ങിയ ഒരു നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗിലത്തെ ഈ വര്‍ഷം ഏപ്രിലില്‍ ശരീരത്ത് വലയുടെ അവശിഷ്ടങ്ങളുമായി വീണ്ടും ഗവേഷകര്‍ കണ്ടിരുന്നു. സെന്റര്‍ ഫോര്‍ കോസ്റ്റല്‍ സ്റ്റഡിയുടെ മറൈന്‍ ആനിമല്‍ എന്‍ടാംഗിള്‍മെന്റ് റെസ്‌പോണ്‍സ് ടീമിന് ഈ തിമിംഗിലത്തിന്റെ ശരീരത്തിലുളള മത്സ്യവലയുടെ ഒരു ഭാഗം നീക്കം ചെയ്യാന്‍ മാത്രമേ സാധിച്ചുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മീന്‍ പിടിക്കാനുപയോഗിക്കുന്ന ഉപകരണം ഇപ്പോഴും ശരീരത്തില്‍ ശേഷിക്കുന്ന തിമിംഗിലം ഈ ജീവിവിഭാഗം നേരിടുന്ന ഭീഷണികളിലൊന്നിന്റെ ഓര്‍മപ്പെടുത്തലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2025-ല്‍ ഇതുവരെ നോര്‍ത്ത് അറ്റ്‌ലാന്റിക് റൈറ്റ് തിമിംഗിലത്തിന്റെ പതിനൊന്ന് കുഞ്ഞുങ്ങളാണുണ്ടായത്. ഈ എണ്ണം ഗവേഷകര്‍ പ്രതീക്ഷച്ചതിലുമേറെ താഴെയാണ്.

Content Highlights: A Slight Increase In The Population of North Atlantic Right Whales