ഫാൽക്കൺ സംരക്ഷണത്തിനുള്ള പദ്ധതി 30-ാം വര്‍ഷത്തിലേക്ക്; ഇതുവരെ തുറന്നുവിട്ടത് 2,355 എണ്ണത്തെ

അബുദാബി (യുഎഇ): ഫാല്‍ക്കണ്‍ പക്ഷികളുടെ വിവിധ ഉപജാതികളെ സംരക്ഷിച്ച് അവയെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുന്ന യുഎഇയുടെ ഷെയ്ഖ് സയീദ് ഫാല്‍ക്കണ്‍ പ്രോഗ്രാം 30-ാം വര്‍ഷത്തിലേക്ക് കടന്നു. കസാക്കിസ്താനില്‍ 2025 മേയില്‍ 81 പക്ഷികളെ തുറന്നുവിട്ടതോടെ പദ്ധതിയുടെ ഭാഗമായ ഫാല്‍ക്കണുകളുടെ എണ്ണം 2,355 ആയി ഉയര്‍ന്നു.
53 പെരിഗ്രൈന്‍ ഫാല്‍ക്കണുകള്‍, 28 സേക്കര്‍ ഫാല്‍ക്കണുകള്‍ എന്നിവയെയാണ് കസാക്കിസ്താനില്‍ സംഘടന തുറന്നുവിട്ടത്. തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് കസാക്കിസ്താനില്‍ ഫാല്‍ക്കണുകളെ തുറന്നുവിടുന്നത്. ഫാല്‍ക്കണുകളുടെ ദേശാടകരായ ചില ഉപജാതികളുടെ ദേശാടനപാതയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളാണ് കസാക്കിസ്താന്‍, റഷ്യ, ചൈന, മംഗോളിയ തുടങ്ങിയവ.
പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമാണ് എല്ലാ ഫാല്‍ക്കണുകളെയും സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നുവിടുന്നത്. തിരിച്ചറിയുന്നതിനായി കാലുകളില്‍ ബാന്‍ഡ് ഘടിപ്പിച്ച ശേഷമാണിത്. സ്വാഭാവിക ആവാസവ്യവസ്ഥയില്‍ അതിജീവനം സാധ്യമാക്കിയോ എന്നും ദേശാടനപാത അറിയുന്നതിനുമായി ചില ഫാല്‍ക്കണുകളില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സാറ്റ്‌ലൈറ്റ് ട്രാക്കറുകള്‍ ഘടിപ്പിക്കുന്നതും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. ഇതുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന വിവരങ്ങള്‍ പ്രോഗ്രാമിന്റെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.
വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെ പുനരധിവാസത്തിനായി ലോകത്തെ മുന്‍നിര സംരംഭങ്ങളിലൊന്നായി 1995-ല്‍ ആരംഭിച്ച പദ്ധതി മാറിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കാലാവസ്ഥാ മാറ്റം, സ്വാഭാവിക ആവാസവ്യവസ്ഥയിലുണ്ടായ മനുഷ്യരുടെ കൈയ്യേറ്റങ്ങള്‍ എന്നിവ ഫാല്‍ക്കണുകള്‍ നേരിടുന്ന ഭീഷണികളില്‍ ചിലതാണ്.
Content Highlights: sheikh Zayed falcon release programme returned 2,355 falcons to wild