മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക പ്രധാന ലക്ഷ്യം; 'വിത്തുണ്ട' പദ്ധതിയുമായി വനംവകുപ്പ്

#എം.ആർ. സിജു
പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്രതീകാത്മക ചിത്രം | Photo: Gettyimages

പത്തനംതിട്ട: വനങ്ങൾ ക്ഷയിക്കുന്നതാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ കാരണമെന്ന വാദവുമായി വനംവകുപ്പ്. ഇതിന് പരിഹാരമായി സ്വാഭാവികവനമുണ്ടാക്കാനും സംഘർഷം ലഘൂകരിക്കാനും ‘വിത്തുണ്ട’ പദ്ധതി നടപ്പാക്കും.

വന്യജീവികളുടെ കാടിറക്കത്തെക്കുറിച്ചോ മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്നവ ഏതെന്നോ കാടുകയറ്റാൻ എന്തുചെയ്യണമെന്നോ കണ്ടെത്താതെയാണ് ‘വിത്തുണ്ട’ എല്ലാ വനമേഖലയിലും എറിയാനൊരുങ്ങുന്നത്.

27,000 ഹെക്ടർ ഏകവിളത്തോട്ടങ്ങളും 90,000 ഹെക്ടർ തേക്കുതോട്ടവും സംസ്ഥാനത്തെ വനഭൂമിയിലുണ്ട്. മഞ്ഞക്കൊന്ന, ധൃതരാഷ്ട്രപ്പച്ച, കൊങ്ങിണി തുടങ്ങിയ അധിനിവേശസസ്യങ്ങളുടെ വ്യാപനവും കാട്ടുതീയും വനനാശത്തിനിടയാക്കുന്നു. വനത്തിനുണ്ടാകുന്ന സ്വാഭാവികനാശം വന്യമൃഗങ്ങൾ കാടിറങ്ങുന്നതിന് ഇടയാക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്റെ വാദം. ഇതിന് പരിഹാരമായി വിത്തുണ്ട വിതറിയാൽ കാലക്രമേണ പരിസ്ഥിതി പുനഃസ്ഥാപിക്കൽ സാധ്യമാകുമെന്നും ഭക്ഷണലഭ്യത കൂട്ടാനാകുമെന്നുമാണ് വിലയിരുത്തൽ.

വിത്തുണ്ട

ജാപ്പനീസ് പ്രകൃതി കൃഷി പ്രചാരകനായ മസനോബു ഫുകുവോക്കയാണ് വിത്തുണ്ടയുടെ (വിത്തുപന്ത്/എർത്ത് ബോൾ) ഉപജ്ഞാതാവ്. മണ്ണ്, ചാണകം, മഞ്ഞൾ എന്നിവയുടെ മിശ്രിതത്തിൽ വിവിധ നാടൻ മരങ്ങളുടെ വിത്തുകൾ പൊതിഞ്ഞ് തുറസ്സായ വനപ്രദേശത്തേക്ക് എറിഞ്ഞ് വനങ്ങളും പരിസ്ഥിതിയും പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം.

കാട്ടുതീ ബാധിച്ചതും മണ്ണിടിച്ചിൽ ഉണ്ടായതുമായ പ്രദേശങ്ങൾ, വിദേശ അധിനിവേശസസ്യങ്ങൾ വ്യാപിച്ച മേഖലകൾ, പ്രവർത്തനമില്ലാത്ത തോട്ടങ്ങൾ, അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങൾ, ആദിവാസികൾ കൃഷി ഉപേക്ഷിച്ച മേഖല, വാറ്റിലും അക്കേഷ്യയും നീക്കംചെയ്തയിടങ്ങൾ എന്നിവിടങ്ങളിലാകും വിത്തുണ്ട ഇടുന്നത്.

ഒരു ഹെക്ടറിൽ 2000-2500 വിത്തുണ്ട ഇടാനാണ് നിർദേശം. പ്രതിരോധശേഷി കൂടിയതും സുലഭമായതുമായ അഞ്ച് മരത്തിന്റെ വിത്തുകളാണ് ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയ്ക്കനുസരിച്ച് ഉൾപ്പെടുത്തുക.
 

Content Highlights: seedballs to be dispersed in forests of kerala