ഹായ് ട്വയിൻ... ഹംബാക്ക് തിമിംഗലത്തോട് 20 മിനുട്ട് ആശയവിനിമയം നടത്തി ഗവേഷകര്‍

ഹംബാക്ക് തിമിം​ഗിലവും കുഞ്ഞും  (പ്രതീകാത്മക ചിത്രം) | Photo: AFP
ഹംബാക്ക് തിമിം​ഗിലവും കുഞ്ഞും (പ്രതീകാത്മക ചിത്രം) | Photo: AFP

ഹംബാക്ക് തിമിംഗിലവുമായി ​ഗവേഷകർ ആശയവിനിമയം നടത്തിയതായി റിപ്പോർട്ട്. 20 മിനുട്ടോളമാണ് ട്വയിന്‍ എന്ന് പേരുള്ള തിമിംഗിലവുമായി അലസ്‌ക വെയില്‍ ഫൗണ്ടേഷന്‍, എസ്ഇടിഐ (സെര്‍ച്ച് ഫോര്‍ എക്‌സ്ട്രാടെറസ്റ്ററിയല്‍ ഇന്റലിജന്‍സ്) ഗവേഷകര്‍ ആശയവിനിമയം നടത്തിയതെന്നും സയൻസ് അലേർട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ഗവേഷകര്‍ അലസ്‌കന്‍ തീരത്തിന് സമീപത്തിലൂടെ ബോട്ടില്‍ സഞ്ചരിച്ചു. സാമൂഹിക ജീവികള്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന കോണ്‍ടാക്ട് കോളിലൂടെ ഏതെങ്കിലും തിമിംഗിലങ്ങള്‍ പ്രതികരിക്കുമോയെന്ന ഗവേഷകര്‍ കാത്തിരിക്കുകയായിരുന്നു. 

മനുഷ്യര്‍ പരസ്പരം ആശംസകള്‍ കൈമാറുന്നതിന് സമാനമാണ് സാമൂഹിക ജീവികളിലെ കോണ്‍ടാക്ട് കോള്‍. ഒരു തിമിംഗിലം മറ്റൊരു തിമിംഗിലമുള്ള പ്രദേശം ഏതെന്നറിയുവാനും ഇത്തരം കോണ്‍ടാക്ട് കോളുകള്‍ ഉപയോഗപ്പെടുത്തുന്നു. ട്വയിന്‍ എന്ന തിമിംഗിലം ഗവേഷകരോട് അധികം വൈകാതെ പ്രതികരിച്ചു. നിശ്ചിത ഇടവേളകളില്‍ 36 തവണ ഇത്തരം കോണ്‍ടാക്ട് കോളുകള്‍ ഗവേഷകര്‍ പുറപ്പെടുവിച്ചു. എല്ലാത്തിനോടും ട്വയിന്‍ പ്രതികരിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആശയവിനിമയത്തിനിടെ രസകരമായ സംഭവവികാസങ്ങളുമുണ്ടായി. ഗവേഷകര്‍ പത്ത് സെക്കന്‍ഡ് വൈകി കോണ്‍ടാക്ട് കോള്‍ പുറപ്പെടുവിച്ചാല്‍ ട്വയിനും പത്ത് സെക്കന്‍ഡ് വൈകിയാകും പ്രതികരിക്കുക. ഹംബാക്ക് തിമിംഗിലങ്ങളും മനുഷ്യരും തമ്മിലുള്ള ആദ്യത്തെ ആശയവിനിമയമായി ഇത് വിലയിരുത്തപ്പെടുന്നു. തിമിംഗിലവുമായി ആശയവിനിമയം നടത്തുന്നതിന് മുന്‍പ് ഗവേഷകര്‍ ഒരു ചെറിയ ഹംബാക്ക് തിമിംഗില കൂട്ടത്തിന്റെ ശബ്ദം റെക്കോഡ് ചെയ്തിരുന്നു. ഈ സംഘത്തില്‍ ചിലപ്പോള്‍ ട്വയിനും ഉള്‍പ്പെട്ടിരിക്കാമെന്നും ട്വയിന്‍ അവളുടെ തന്നെ ശബ്ദത്തോട് പ്രതികരിച്ചതാകാമെന്നും കരുതപ്പെടുന്നു. 

1940-കളില്‍ വികസിപ്പിച്ച ഇന്‍ഫര്‍മേഷന്‍ തിയറി ആശയവിനിമയത്തിന് സഹായകരമായെന്നാണ് phys.org പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. ഇലക്ട്രിക്കല്‍ എന്‍ജിനയറായ ക്ലോഡെ ഷാനോന്‍ ആണ് ഈ തിയറിയുടെ ആദ്യരൂപം വികസിപ്പിക്കുന്നത്. ഇതിലൂടെ തിമിംഗിലങ്ങള്‍ പങ്കുവെയ്ക്കുന്ന സന്ദേശം മനസിലാക്കാമെന്നും പറയപ്പെടുന്നു. തിമിംഗിലങ്ങളുമായുള്ള ആശയവിനിമയം പുതിയ പ്രതീക്ഷകളാണ് ഗവേഷകര്‍ക്ക് നല്‍കുന്നത്. ഭാവിയില്‍ അന്യഗ്രഹ ജീവികളോട് ഇത്തരത്തില്‍ ആശയവിനിമയം നടത്താന്‍ കഴിയുമെന്നാണ് ഗവേഷകരുടെ നിഗമനം.


 

Content Highlights: scientists make conversation with the humpback whale named twain for 20 minutes