റിലയൻസിന്റെ 'വൻതാര'യ്ക്ക് കേന്ദ്രത്തിന്റെ 'പ്രാണി മിത്ര' പുരസ്കാരം; നേട്ടം കോർപ്പറേറ്റ് വിഭാഗത്തിൽ

പ്രതീകാത്മക ചിത്രം, അനന്ത് അംബാനി | Photo: www.ril.com/, Facebook/ Reliance Industries Limited
പ്രതീകാത്മക ചിത്രം, അനന്ത് അംബാനി | Photo: www.ril.com/, Facebook/ Reliance Industries Limited

മുംബൈ: അനന്ത് അംബാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് നടത്തുന്ന മൃഗപരിപാലന കേന്ദ്രമായ ‘വൻതാര’യ്ക്ക് മൃഗസംരക്ഷണ മികവിനുള്ള ‘പ്രാണി മിത്ര’ ദേശീയ പുരസ്കാരം. കോർപ്പറേറ്റ് വിഭാഗത്തിലാണ് കേന്ദ്രസർക്കാരിന്റെ പുരസ്കാരം ലഭിച്ചത്.

ആനകളുടെ രക്ഷാപ്രവർത്തനം, ചികിത്സ, ജീവിതകാലം മുഴുവനുമുള്ള പരിചരണം എന്നിവയ്ക്കായി സമർപ്പിക്കപ്പെട്ട ‘വൻതാര’യുടെ കീഴിലുള്ള ‘രാധേകൃഷ്ണ ടെമ്പിൾ എലിഫന്റ് വെൽഫെയർ ട്രസ്റ്റി’ന്റെ (ആർ.കെ.ടി.ഇ.ഡബ്ല്യു.ടി.) സംഭാവനകൾക്കുള്ള അംഗീകാരംകൂടിയാണിത്. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.

അഞ്ചുവർഷമായി മൃഗസംരക്ഷണത്തിന് സി.എസ്.ആർ. സഹായധനം ഉൾപ്പെടെ സംഭാവന നൽകിയ സ്ഥാപനങ്ങൾക്കും പൊതുമേഖലാ കമ്പനികൾക്കും സർക്കാർ- സഹകരണ സ്ഥാപനങ്ങൾക്കുമാണ് കോർപ്പറേറ്റ് വിഭാഗത്തിലെ ‘പ്രാണി മിത്ര’ പുരസ്കാരം നൽകുന്നത്.

‘വൻതാര’യിലെ ആന പരിചരണകേന്ദ്രത്തിൽ 240 ആനകളാണുള്ളത്. ഇതിൽ 30 എണ്ണത്തിനെ സർക്കസിൽനിന്നും നൂറെണ്ണത്തിനെ തടി പിടിക്കുന്നതിൽനിന്നും മോചിപ്പിച്ച് എത്തിച്ചതാണ്. കൂടാതെ, തെരുവിൽ ഭിക്ഷയെടുക്കുന്നതിനും ആനസവാരിക്കും മറ്റും ഉപയോഗിച്ചിരുന്ന ആനകളും ‘വൻതാര’യുടെ സംരക്ഷണത്തിലേക്ക് എത്തിയിട്ടുണ്ട്. പ്രത്യേകമായി തയ്യാറാക്കിയ 998 ഏക്കർ വനമാണ് ആനകൾക്കായി ജാംനഗറിലെ വൻതാരയിൽ ഒരുക്കിയിട്ടുള്ളത്.

Content Highlights: Reliance Vantara elephant care center in Jamnagar receives the national Prani Mitra award