തൂവെള്ള നിറത്തിലൊരു ഭീമന്‍ പാണ്ട, കണ്ടെത്തിയത് ചൈനയിലെ സെച്വാന്‍ പ്രവിശ്യയിൽ

വെള്ള നിറത്തോടു കൂടിയ ഭീമൻ പാണ്ട, ക്യാമറയിൽ പതിഞ്ഞ ദൃശ്യം | Photo: twitter.com/ndtv
വെള്ള നിറത്തോടു കൂടിയ ഭീമൻ പാണ്ട, ക്യാമറയിൽ പതിഞ്ഞ ദൃശ്യം | Photo: twitter.com/ndtv

അപൂര്‍വമായി കാണപ്പെടുന്ന ആല്‍ബിനോ പാണ്ടയെ ചൈനയില്‍ കണ്ടെത്തി. സെച്വാന്‍ പ്രവിശ്യയിലെ വോലോങ് നാഷണല്‍ നേച്വര്‍ റിസര്‍വാണ് ദേഹമാകെ വെള്ള നിറത്താല്‍ മൂടപ്പെട്ടിരിക്കുന്ന പാണ്ടയുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. സാധാരണ പാണ്ടകള്‍ക്ക് കറുപ്പും വെളുപ്പും കലര്‍ന്ന ശരീരമാണ്, എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തരാണ് ആല്‍ബിനോ പാണ്ടകള്‍. 

ആല്‍ബിനിസം എന്ന രോഗാവസ്ഥയാണ് പാണ്ടയുടെ വെള്ള നിറത്തിന് പിന്നില്‍. ജനിതക വ്യതിയാനം മൂലം ശരീരത്തില്‍ മെലാനിന്റെ അളവ് കുറയുന്നതാണ് ആല്‍ബിനിസം എന്ന അവസ്ഥയ്ക്ക് കാരണം. 2019-ലാണ് നേച്വര്‍ റിസര്‍വിന്റെ ക്യാമറയില്‍ ആദ്യമായി ആൽബിനോ പാണ്ടയുടെ ചിത്രം പതിയുന്നത്. അഞ്ചോ ആറോ വയസ്സ് പ്രായം മതിക്കുന്ന പാണ്ടയ്ക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ല. 

2019 മുതല്‍ ആല്‍ബിനോ പാണ്ട നേച്വര്‍ റിസര്‍വിലെ അധികൃതരുടെ നിരീക്ഷണത്തിലാണ്. സ്വഭാവസവിശേഷതകളും മറ്റും പഠിക്കുന്നതിനായി തുടര്‍ന്ന് ക്യാമറകള്‍ സ്ഥാപിക്കുകയായിരുന്നു. ഇതിലൂടെ ഭീമന്‍ പാണ്ടയുടെ നീക്കങ്ങള്‍ അധികൃതര്‍ പഠിച്ചു. 

അടുത്തിടെ മറ്റുള്ള സാധാരണ പാണ്ടകളുമായി ഇടപഴകുന്ന ആല്‍ബിനോ പാണ്ടയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഭീമന്‍ പാണ്ടയെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്താനൊരുങ്ങുകയാണ് അധികൃതര്‍. അപൂര്‍വയിനത്തില്‍പ്പെട്ട ഭീമന്‍ പാണ്ടകളെ ഇതിനു മുമ്പും ചൈനയില്‍ കണ്ടെത്തിയിട്ടുണ്ട്. 1985-നും 2021-നുമിടയില്‍ തവിട്ടു നിറത്തിലുള്ള പത്ത് ഭീമന്‍ പാണ്ടകളുടെ സാന്നിധ്യം ചൈനയില്‍ രേഖപ്പെടുത്തി. 

Content Highlights: rare albino giant panda spotted in the wild in southwest china