തൊലി ചീകിമാറ്റി, മണ്ണിട്ട് മൂടി വേരറുക്കുന്നു; മഞ്ഞക്കൊന്നക്കെതിരേ പൃഥ്വി റൂട്ടിന്റെ പോരാട്ടം

#നീനു മോഹന്‍
പൃഥി റൂട്ട് അംഗങ്ങള്‍ മുത്തങ്ങക്കാട്ടില്‍ മഞ്ഞക്കൊന്ന നശീകരണത്തില്‍
പൃഥി റൂട്ട് അംഗങ്ങള്‍ മുത്തങ്ങക്കാട്ടില്‍ മഞ്ഞക്കൊന്ന നശീകരണത്തില്‍

മുത്തങ്ങ: വേനല്‍മഴ പെയ്തിട്ടും പുല്‍നാമ്പിന്റെ തളിരുപോലുമില്ല മുത്തങ്ങക്കാട്ടില്‍. കാടിനെ കയ്യേറി മഞ്ഞക്കൊന്നയാകെ പടര്‍ന്നിരിക്കുന്നു. മഞ്ഞക്കൊന്നയുടെ വാടിയ ഇലകള്‍മൂടിയ മണ്ണില്‍ മറ്റൊന്നും മുളയ്ക്കുന്നില്ല. മുന്നോട്ടു നീങ്ങുംതോറും കാഴ്ചമറക്കുന്ന മഞ്ഞക്കൊന്നകാടുകള്‍ക്കുള്ളില്‍ മണ്ണിലിരിക്കുന്ന യുവതികളെയും യുവാക്കളെയും കാണാം. കത്തിയെടുത്ത് മഞ്ഞക്കൊന്നയുടെ തൊലിചീകി മാറ്റി, മണ്ണിട്ട് മൂടി അധിനിവേശസസ്യത്തിന്റെ വേരറുക്കുകയാണ് ഇവര്‍. കോഴിക്കോട് കേന്ദ്രമായുള്ള പൃഥ്വി റൂട്ട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ എല്ലാ വാരാന്ത്യങ്ങളിലും യുവാക്കളുടെ ഒരു കൂട്ടം ചുരം കയറി മുത്തങ്ങയിലെത്തും - മഞ്ഞക്കൊന്ന (Senna spectabilis) നിര്‍മാര്‍ജനത്തില്‍ സന്നദ്ധഭടന്മാരായി.

കോഴിക്കോട് രാമകൃഷ്ണ മിഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരിസ്ഥിതി ക്ലബ് പൃഥ്വിയില്‍ സജീവമായിരുന്ന പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് പൃഥ്വി റൂട്ട്. 30 പിന്നിട്ടവര്‍ മുതല്‍ ഇപ്പോള്‍ പ്ലസ് വണില്‍ പഠിക്കുന്നവര്‍ വരെയുള്ള സംഘം. ഡോക്ടര്‍മാരും ശാസ്ത്രഞ്ജരും അധ്യാപകരുമുള്ള ഈ കൂട്ടായ്മ ഏറെക്കാലമായി പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളായിരിക്കെ സന്ദര്‍ശിച്ച മുത്തങ്ങ വന്യജീവി സങ്കേതം അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന പടര്‍ന്നതോടെ തകര്‍ച്ചയിലാണെന്ന വിവരമാണ് വലിയൊരു ഉത്തരവാദിത്വം ചുമലിലേറ്റാന്‍ ഇവരെ പ്രേരിപ്പിച്ചത്. സംഘടനയുടെ ഭാഗമായവര്‍ എല്ലാ വെള്ളിയാഴ്ചയും രാത്രിയോടെ മുത്തങ്ങയിലെത്തും. ശനിയും ഞായറും ഇവിടെ തങ്ങി മഞ്ഞക്കൊന്ന നശീകരണ പ്രവര്‍ത്തനം. ഞായറാഴ്ച വൈകിട്ട് മടങ്ങും. ഏഴു ആഴ്ചകളിലായി തുടര്‍ച്ചയായി ഇവര്‍ കാട്ടിലെത്തുന്നുണ്ട്. ഇതിനകം രണ്ടു ഹെക്ടറോളം വനത്തിലെ മഞ്ഞക്കൊന്നകള്‍ നശിപ്പിച്ചു. മഞ്ഞക്കൊന്നക്ക് തീവ്രവ്യാപനശേഷിയുള്ളതിനാല്‍ വര്‍ഷങ്ങളോളും ഈ പ്രവര്‍ത്തനം തുടരാനാണ് യുവാക്കളുടെ തീരുമാനം.

പൃഥ്വി റൂട്ട് കൂട്ടായ്മയുടെ മുഖ്യരക്ഷാധികാരി രാമകൃഷ്ണമിഷന്‍ സ്‌കൂളധ്യാപകന്‍ കെ.ജി. രഞ്ജിത്ത് രാജ്

'അണ്ണാറക്കണ്ണനും തന്നാലായത് എന്നു കേട്ടിട്ടില്ലേ, മഞ്ഞക്കൊന്ന നിര്‍മാര്‍ജനത്തില്‍ പൃഥ്വി റൂട്ടിന്റെ ഇടപെടല്‍ അത്രയേയുള്ളൂ', പൃഥ്വി റൂട്ട് കൂട്ടായ്മയുടെ മുഖ്യരക്ഷാധികാരിയായ രാമകൃഷ്ണ മിഷന്‍ സ്‌കൂളധ്യാപകന്‍ കെ.ജി. രഞ്ജിത്ത് രാജ് പറഞ്ഞു. 'വയനാട് വന്യജീവി സങ്കേതത്തില്‍ 1400 ഹെക്ടറോളം സ്ഥലത്ത് അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന വ്യാപിച്ചു കഴിഞ്ഞു. ഇവിടെ മറ്റു സസ്യങ്ങള്‍ വളരുന്നില്ല. ജലക്ഷാമം രൂക്ഷമായി തുടങ്ങി, ആവാസവ്യവസ്ഥതന്നെ തകിടം മറഞ്ഞു. ഇതിന്റെ വ്യാപനം എളുപ്പവും നശീകരണം പ്രയാസവുമാണ്. പക്ഷേ നമുക്കാവുന്ന ഇടപെടലിന് തുടക്കം കുറിക്കാം എന്നതാണ് പ്രധാനം', കെ.ജി. രഞ്ജിത്ത് രാജ് പറഞ്ഞു.

'പണ്ടു സ്‌കൂളില്‍ നിന്ന് ഇവിടെയെത്തിയപ്പോള്‍ തന്നെ ബോട്ടണി അധ്യാപകന്‍ കുറച്ചു മഞ്ഞക്കൊന്നകളെ കാണിച്ച് ഭാവിയില്‍ പ്രശ്നമായേക്കും എന്നു പറഞ്ഞിരുന്നു. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല', സി.ഡബ്ള്യു.ആര്‍.ഡി.എമ്മില്‍ ശാസ്ത്രഞ്ജയായ പി. സുഗമ്യ പറഞ്ഞു. 'മരത്തിന്റെ വേരിനോട് ചേര്‍ന്നുള്ള തടയില്‍ ഒരു മീറ്റര്‍ നീളത്തില്‍ തൊലി ചീകിക്കളഞ്ഞു, വേരിനോട് ചേര്‍ന്ന ഭാഗത്ത് മണ്ണിട്ടു മൂടുകയാണ് മഞ്ഞക്കൊന്ന നശിപ്പിക്കാനുള്ള രീതി. മരം ഉണങ്ങിനശിക്കണം. ഒരാഴ്ച ഈ പ്രവൃത്തി ചെയ്ത മരങ്ങള്‍ അടുത്ത ആഴ്ച വീണ്ടും ചെന്നു നോക്കണം, ചിലതില്‍ വേരിനോട് ചേര്‍ന്ന ഭാഗങ്ങളില്‍ എവിടെയെങ്കിലും സൂര്യപ്രകാശം തട്ടി വീണ്ടും തളിര്‍ത്തുവരുന്നതായി കാണാം. അടുത്ത ആഴ്ച അതും പിഴുതുമാറ്റും',  സുഗമ്യ വിശദീകരിച്ചു.

പൃഥ്വി റൂട്ടില്‍ നിന്ന് 30 ഓളം പേരാണ് ഓരോ ആഴ്ചയും മുത്തങ്ങയിലെത്തുന്നത്. യാത്രാചെലവും ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളും പൃഥ്വി റൂട്ട് അംഗങ്ങള്‍ തന്നെയെത്തിക്കും. താമസസൗകര്യവും ഭക്ഷണം പാകം ചെയ്യാനുള്ള ജീവനക്കാരനെയും സംഘത്തിന് സുരക്ഷയൊരുക്കാവാന്‍ വനംവകുപ്പ് ജീവനക്കാരനെയും വനംവകുപ്പ് വിട്ടുനല്‍കും. ഏറ്റെടുത്ത ദൗത്യം വലുതായതിനാല്‍ തന്നെ വളന്റിയര്‍മാരായും സാമ്പത്തികമായും കൂടുതല്‍ പിന്തുണ ആവശ്യമുണ്ടെന്ന് പൃഥ്വി റൂട്ട് അംഗങ്ങള്‍ പറയുന്നു. എന്തുതന്നെയായാലും കാടിനെ വീണ്ടെടുക്കണമെന്ന ഉറപ്പിലാണ് അംഗങ്ങള്‍.


 

Content Highlights: prithvi root members comes to muthanga forest to destroy manja konna