നേപ്പാളിൽനിന്നുള്ള അപൂർവ ഫലവൃക്ഷങ്ങൾ! 65 സെന്റിൽ ഒരുക്കിയ സ്വപ്നഭൂമി, നെടുങ്കണ്ടത്തെ 'പ്രാകൃതം' കാട്

നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം കല്ലാർ മലമുകളിലുള്ള, സുധാകരൻ നായരുടെ ’പ്രാകൃത’ത്തിൽ എത്തുന്നവർക്ക് നിമിഷനേരംകൊണ്ട് പുതിയ ഉണർവ് ലഭിക്കും. കുടുംബസ്വത്തായി ലഭിച്ച 65 സെന്റ് സ്ഥലത്ത് ഇദ്ദേഹം ഒരുക്കിയ കുട്ടിവനമാണ് ’പ്രാകൃതം’. ഇവിടെ വിളയുന്നത് നൂറുകണക്കിന് ഫലവൃക്ഷങ്ങളും കിഴങ്ങുവർഗങ്ങളും വള്ളിച്ചെടികളും.
പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നതിനാണ് ഈ സ്വപ്നഭൂമിയെന്ന് സുധാകരൻ നായർ പറയുന്നു. രണ്ട് പതിറ്റാണ്ടിലധികമായി ഇവിടെ പ്രകൃതികൃഷി നടത്തുന്നു. സെൻട്രൽ വാട്ടർ കമ്മിഷനിലടക്കം ജോലിചെയ്ത സുധാകരൻ നായർ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും നേപ്പാൾ, ഭൂട്ടാൻ, തുടങ്ങിയ രാജ്യങ്ങളിലും ദീർഘകാലം കഴിഞ്ഞിട്ടുണ്ട്. ഇവിടെനിന്നെല്ലാം ഫലവൃക്ഷത്തൈകൾ കൊണ്ടുവന്നു. ഇതെല്ലാം കുഴിച്ചുവെച്ചതല്ലാതെ ഒരുപരിചരണവും നൽകിയില്ല.
കാട്ടിലെ മരങ്ങൾക്ക് ആരാണ് വെള്ളവും വളവും നൽകാറുള്ളതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. കാലാവസ്ഥയിലെ മാറ്റങ്ങളെയും കീടങ്ങളെയുമെല്ലാം പ്രതിരോധിക്കുന്നവ അതിജീവിക്കും. ഇങ്ങനെ വളർന്നതാണ് പ്രാകൃതത്തിലെ മാവ്, സപ്പോട്ട, കോക്കം, കെപ്പൽ, റൊളീനിയ, ലിച്ചി, ക്യാന്റിൽ ഫ്രൂട്ട്, സ്വീറ്റ് റസൂൽ, ഞാവൽ, ചാമ്പ, പേര, പാഷൻ ഫ്രൂട്ട്, പ്ലാവ്, വിന്റ് സോർസോപ്പ്, ഉഡാറ, റെഡ് പമേലോ, വെൽവെറ്റ് ആപ്പിൾ, എലഫന്റ് ആപ്പിൾ, ഐസ്ക്രീം ബീൻസ്, ചെറിമോയ തുടങ്ങിയവയെല്ലാം. ഇവയുടെ വിവിധ ഇനങ്ങൾ കാടുപോലെ വളരുന്നു. ഫലങ്ങൾ പക്ഷികളും ജീവികളും സുധാകരൻനായരും ബന്ധുക്കളും സുഹൃത്തുക്കളും കഴിക്കുന്നു.
വിവിധ നാടുകളിൽ ജോലിചെയ്തപ്പോൾ രൂപപ്പെട്ട ജീവിതവീക്ഷണവും ഈ ഇടം ഒരുക്കാൻ പ്രേരിപ്പിച്ചുവെന്ന് സുധാകരൻ നായർ പറയുന്നു. പണവും സമ്പത്തുമെല്ലാം നേടിയാലും സന്തോഷം കണ്ടെത്താൻ പലർക്കും കഴിയാറില്ല. പ്രകൃതിയോട് ഇണങ്ങിജീവിച്ചാൽ ദുഃഖംവരില്ലെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സന്തോഷം കൂടെക്കൂടുകയുംചെയ്യും.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ളവർ ഇവിടെ എത്തുന്നു. കലുഷിതമായ മനസ്സോടെ എത്തുന്നവർപോലും കുറച്ചുദിവസം ഇവിടെ താമസിച്ച് മടങ്ങുന്നത് ശാന്തമായ മനസ്സോടെ. ഈ സൗകര്യം സൗജന്യമാണ്. ഭാവിയിൽ വയോജനങ്ങൾക്കായി ഇവിടെ ശാന്തമായ ഒരിടം ഒരുക്കാനുള്ള ആലോചനയിലാണ് ഈ എഴുപതുകാരൻ. പ്രസന്നയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ (കുവൈത്ത്), അർപ്പിത (യു.കെ.).
Content Highlights: Created on 65 cents of ancestral land by 70-year-old Sudhakaran Nair, Features hundreds of fruit trees, tubers, and creepers grown completely naturally without fertilizers or watering, Serves as a peaceful sanctuary offering free stays for visitors seeking mental calm, Plans underway to develop a quiet space for senior citizens in the future