ദേവസ്വം ബോർഡ് കോളേജ് ഭൂമിത്രസേന ക്ലബ്ബിന് പശ്ചിമഘട്ട രക്ഷാപുരസ്കാരം

ശാസ്താംകോട്ട: നേച്ചർ ക്ലബ് വേൾഡ് വൈഡിന്റെ പശ്ചിമഘട്ട രക്ഷാപുരസ്കാരത്തിന് ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിലെ ഭൂമിത്ര സേന ക്ലബ്ബ് അർഹരായി. പ്രകൃതി സംരക്ഷണവുമായും ശാസ്താംകോട്ട തടാക സംരക്ഷണവുമായും ബന്ധപ്പെട്ട് നടത്തിയ ക്ലബ്ബിന്റെ മികവുറ്റ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു.
കലാലയ വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ അന്തർസർവ്വകലാശാല മത്സരങ്ങൾ, ദേശീയ സെമിനാറുകൾ, പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണ പരിപാടികൾ, പുനരുപയോഗ പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള സെമിനാറുകൾ, തടാക ജലപഠനം, തടാക ശുചീകരണം, വനവത്കരണം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം.
തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ നേച്ചർ ക്ലബ്ബ് വേൾഡ് വൈഡ് ചെയർമാൻ ബി.എസ് ബാലചന്ദ്രനാണ് പുരസ്കാരം നൽകിയത്. ഭൂമിത്രസേന ക്ലബ്ബിന്റെ കോ-ഓർഡിനേറ്റർ പ്രൊഫ. ലക്ഷ്മി ശ്രീകുമാർ, ബോട്ടണി വിഭാഗത്തിലെ അധ്യാപിക പ്രൊഫ. ധന്യ എസ് ആർ, ലൈബ്രേറിയൻ ഡോ. പി. ആർ ബിജു എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
മുൻമന്ത്രി എം. എം. ഹസ്സൻ, നേച്ചർ ക്ലബ് സെക്രട്ടറി ജയ ശ്രീകുമാർ, ചെറിയാൻ ഫിലിപ്പ്, പ്രൊഫ. അച്യുത് ശങ്കർ,ഡോ. പി. കൃഷ്ണകുമാർ, ബി.എസ് ഗോപകുമാർ, കെ. ജി ബാബുരാജ്, ബിന്ദു രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മിയാവാക്കി വനങ്ങളെ പ്രമേയമാക്കിയുള്ള സെമിനാറും അവതരിപ്പിച്ചു. ഭൂമിത്രസേന ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ ആസ്പദമാക്കിയുള്ള പ്രസന്റേഷൻ ഭൂമിത്രസേന ക്ലബ്ബ് കോർഡിനേറ്റർ ലക്ഷ്മി ശ്രീകുമാർ നിർവഹിച്ചു.
Content Highlights: pakshimagatta rakshapuraskaram to boomithra sena club