12 പക്ഷികളടക്കം 20 സ്പീഷിസുകള്‍ മടങ്ങിവരവിന്റെ പാതയില്‍; IUCN-ന്റെ ഏറ്റവും പുതിയ ചുവപ്പുപട്ടിക പുറത്ത്

മൂന്ന് ആര്‍ട്ടിക് സീല്‍ സ്പീഷിസുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള പകുതിയിലധികം പക്ഷികളും വംശനാശത്തിന്റെ വക്കിലാണെന്ന് കാട്ടിയുളള ഐയുസിഎന്നിന്റെ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍) ഏറ്റവും പുതിയ ചുവപ്പുപട്ടിക പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. എന്നാല്‍ ആശങ്കകള്‍ക്ക് മാത്രമല്ല, പ്രതീക്ഷയ്ക്കുകൂടി വകനല്‍കുന്നതാണ് ഈ പുതുക്കിയ പട്ടിക.
12 പക്ഷികളടക്കമുള്ള 20 ജീവിവര്‍ഗങ്ങളെ വംശനാശത്തിന്റെ വക്കില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ സാധിച്ചുവെന്നാണ് പട്ടിക പറയുന്നത്. സംരക്ഷണപ്രവര്‍ത്തനങ്ങളും ഇവ നേരിട്ടുകൊണ്ടിരുന്ന വെല്ലുവിളികളും കുറച്ചുകൊണ്ടുവന്നത് ഇവയുടെ മടങ്ങിവരവിന് സഹായകരമായതായി വിലയിരുത്തപ്പെടുന്നു.
റോഡ്രിഗസ് വാര്‍ബ്ലര്‍, റോഡ്രിഗസ് ഫോഡി, ഒലീവ് സൈഡഡ് ഫ്‌ളൈകാച്ചര്‍, റസ്റ്റിക് ബന്‍ഡിങ്, ലിഡ്ത്‌സ് ജേയ്, ഗ്വാഡലൂപെ ജുന്‍കോ, ഒക്കിനാവ റോബിന്‍, അലക്‌സാന്‍ഡ്രൈന്‍ പാരക്കീറ്റ്, ബ്ലാക്ക്-ഫെയ്‌സ്ഡ് സ്പൂണ്‍ബില്‍, ബ്ലൂ വിങ്ഡ് മക്കാവു, അമാമി വുഡ്‌കോക്ക്, റെഡ് വിങ് തുടങ്ങിയ പക്ഷികളാണ് മടങ്ങിവരവിന്റെ പാതയില്‍ ഇടം പിടിച്ചവ. ഇതില്‍ത്തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള മൗറീഷ്യസിലെ റോഡ്രിഗസെന്നറിയപ്പെടുന്ന ഒരു അഗ്നിപര്‍വത ദ്വീപില്‍ മാത്രം കാണപ്പെടുന്ന രണ്ടിനം തദ്ദേശ പക്ഷികളാണ് റോഡ്രിഗസ് വാര്‍ബ്ലറും റോഡ്രിഗസ് ഫോഡിയും. ഒരിക്കല്‍ ലോകത്തെവിടെയും കാണാത്ത 12 ഇനം പക്ഷികളുടെ പ്രധാന ആവാസവ്യവസ്ഥയായിരുന്നു ഈ ദ്വീപ്. ഇതില്‍ പലതും വംശനാശം സംഭവിച്ചുപോയി. സംരക്ഷണപ്രവര്‍ത്തനങ്ങളില്ലായിരുന്നെങ്കില്‍ റോഡ്രിഗസ് വാര്‍ബ്ലറുടെയും റോഡ്രിഗസ് ഫോഡിയുടെയും ഗതിയും ഇതുതന്നെയാകുമായിരുന്നു.
ബേഡ്‌ലൈഫ് ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1968-ല്‍ റോഡ്രിഗസ് ഫോഡിയുടെ ആറ് ജോഡികള്‍ മാത്രമാണ് ശേഷിച്ചിരുന്നത്. 1979-ല്‍ റോഡ്രിഗസ് വാര്‍ബ്ലറില്‍ ശേഷിച്ചതാകട്ടെ വെറും ഒന്‍പതുജോഡിയും. ബേഡ്‌ലൈഫിന്റെ പങ്കാളിയായ മൗറീഷ്യന്‍ വൈല്‍ഡ്‌ലൈഫ് ഫൗണ്ടേഷന്‍ (എംഡബ്ല്യുഎഫ്) വഴി നടത്തിയ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഈ പക്ഷികളുടെ എണ്ണം ഉയരാന്‍ കാരണമായി. നിലവില്‍ ദ്വീപില്‍ 20,000 റോഡ്രിഗസ് ഫോഡി പക്ഷികളാണുള്ളത്. റോഡ്രിഗസ് വാര്‍ബ്ലര്‍ പക്ഷികളുടെ എണ്ണമാകട്ടെ ഇന്ന് കാല്‍ലക്ഷത്തിലെത്തി നില്‍ക്കുകയാണ്. ഇരുപക്ഷി സ്പീഷിസുകളും ഏറ്റവും പുതിയ ചുവപ്പുപട്ടികയില്‍ കുറവ് ആശങ്കയുള്ള ജീവജാലങ്ങളുടെ പട്ടികയിലാണ് ഇടംനേടിയിരിക്കുന്നത്.
ഗ്വാഡലൂപെ ദ്വീപില്‍ മാത്രം കാണപ്പെടുന്ന പക്ഷിയായ ഗ്വാഡലൂപെ ജുന്‍കോയുടെ സ്ഥിതിയും സമാനമായിരുന്നു. മെക്‌സിക്കോയിലെ ബജ കാലിഫോര്‍ണിയയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ദ്വീപാണ് ഗ്വാഡലൂപെ. 19-ാം നൂറ്റാണ്ടില്‍ ഇവിടെയുണ്ടായ വളര്‍ത്താടുകളുടെ സാന്നിധ്യം കാടിന്റെ സ്വാഭാവികത നഷ്ടപ്പെടാന്‍ കാരണമായി. ഇത് പക്ഷികളെയും ബാധിച്ചു. 2007-ല്‍ ഒരു സംരക്ഷണ പദ്ധതിയുടെ ഭാഗമായി എല്ലാ ആടുകളെയും ദ്വീപില്‍നിന്ന് നീക്ക ചെയ്തു. അങ്ങനെ കാടും പക്ഷികളും ഇവിടെ തിരികയെത്തി. 2016-ല്‍ വംശനാശഭീഷണിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഗ്വാഡലൂപെ ജുന്‍കോ നിലവില്‍ വംശനാശത്തിന് സാധ്യതയുള്ള ജീവജാലങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
പക്ഷികളെ കൂടാതെ സീ സ്‌നെയിലുകളുടെ (Sea snail) രണ്ട് സ്പീഷിസുകള്‍ വംശനാശ സാധ്യത പട്ടികയില്‍നിന്ന് കുറവ് ആശങ്കയുളള ജീവജാലങ്ങളുടെ പട്ടികയിലേക്ക് മാറ്റപ്പെട്ടു. ഗ്രീന്‍ സീ ടര്‍ട്ടിലുകളെന്ന കടലാമവിഭാഗവും വംശനാശഭീഷണിപ്പട്ടികയില്‍നിന്ന് കുറവ് ആശങ്കയുള്ള ജീവജാലങ്ങളുടെ പട്ടികയിലേക്ക് മാറ്റപ്പെട്ടു.
Content Highlights: Over 20 Animal species on the path of recovery says IUCN latest red list