കടലിലെ ഉഷ്ണതരംഗം; ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകൾ നാശത്തിന്റെ വക്കിൽ

കടലിലെ ഉഷ്ണതരംഗത്തില്‍ ബ്ലീച്ചിങ്ങിന് വിധേയമായ കവരത്തി ദ്വീപിലെ പവിഴപ്പുറ്റുകള്‍
കടലിലെ ഉഷ്ണതരംഗത്തില്‍ ബ്ലീച്ചിങ്ങിന് വിധേയമായ കവരത്തി ദ്വീപിലെ പവിഴപ്പുറ്റുകള്‍

കൊച്ചി: കടലിലെ ഉഷ്ണതരംഗത്തിൽ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി കണ്ടെത്തൽ. ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും കോറൽ ബ്ലീച്ചിങ്ങിന് വിധേയമായെന്നാണ് കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) പഠനത്തിൽ വ്യക്തമായത്.

സമുദ്രജലത്തിലെ താപനിലയിലുണ്ടാവുന്ന വർധനവ് മൂലം പവിഴപ്പുറ്റുകള്‍ അവയ്ക്കുള്ളിൽ വസിക്കുന്ന സൂസാന്തില്ലകളെന്ന (zooxanthellae) ഭക്ഷണനിര്‍മാതാക്കളായ സൂക്ഷ്മജീവികളെ പുറന്തള്ളുന്നു. ഇതുമൂലം നിറം നഷ്ടപ്പെടുന്ന പവിഴപ്പുറ്റുകള്‍ വൈകാതെ മരണമടയും. ഇങ്ങനെയാണ് കോറൽ ബ്ലീച്ചിങ് സംഭവിക്കുക.

ഉഷ്ണതരംഗസാഹചര്യം കടൽഭക്ഷ്യശൃംഖലയെയും സാരമായി ബാധിക്കും. മീനുകളുടെയും സസ്തനികളുടെയും നിലനിൽപ്പും അപകടത്തിലാകും.

സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയർന്നുനിൽക്കുന്ന അപൂർവ കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരംഗം. താപസമ്മർദം അളക്കുന്ന ഡിഗ്രി ഹീറ്റിങ്‌ വീക്ക് (ഡി.എച്ച്.ഡബ്ല്യു.) സൂചകം ലക്ഷദ്വീപിൽ നാല് ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകളുടെ നശീകരണത്തിനും സമുദ്രജൈവസമ്പത്തിന്റെ തകർച്ചയ്ക്കും ഇടയാക്കുന്നത്. 

അമിതമായ താപസമ്മർദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആൽഗകൾ നശിക്കുന്നതാണ് ബ്ലീച്ചിങ്ങിന് കാരണമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. അന്തരീക്ഷത്തിലെ അമിതചൂടും സമുദ്രപ്രവാഹത്തിലെ മാറ്റവുമാണ് കടലിലെ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണമെന്ന് സി.എം.എഫ്.ആർ.ഐ.യിലെ സീനിയർ സയന്റിസ്റ്റ് ഡോ. ഷൽട്ടൺ പാദുവ പറഞ്ഞു.

Content Highlights: ocean heatwave cause harm in corals of lakshadweep