പശ്ചിമഘട്ട മലനിരകളിൽ നിന്നൊരു പുതിയ സസ്യം; കണ്ടെത്തിയത് കിഴങ്ങ് ഇനത്തിൽപ്പെട്ട ചെടി

കാസർകോട്: വയനാട്ടിലെ പശ്ചിമഘട്ട മലനിരകളിൽനിന്ന് കിഴങ്ങ് ഇനത്തിൽപ്പെട്ട പുതിയൊരു സസ്യം ഗവേഷകർ കണ്ടെത്തി. ജൈവവൈവിധ്യ ഗവേഷകനും സീനിയർ ഗ്രേഡ് ഡിവൈഎസ്‌പിയും സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറിയുമായ ഡോ. വി.ബാലകൃഷ്ണനോടുള്ള ആദരസൂചകമായി ഡയോസ്കോറിയ ബാലകൃഷ്ണനി എന്ന് ഇതിന് പേരിട്ടു. ഡോ. ബാലകൃഷ്ണന്റെ പേരിൽ അറിയപ്പെടുന്ന രണ്ടാമത്തെ സസ്യമാണിത്. വയനാടൻ മലനിരകളിൽനിന്ന് കണ്ടെത്തിയ ടൈലോഫോറ ബാലകൃഷ്ണനി ആയിരുന്നു ആദ്യത്തേത്. അങ്ങനെ സ്വന്തം പേരിൽ രണ്ട് സസ്യങ്ങളുള്ള പോലീസ് ഓഫീസറായി ഡോ. ബാലകൃഷ്ണൻ.
സാധാരണ കൃഷിചെയ്യുന്ന കാച്ചിൽ അഥവാ കാവത്ത് എന്നറിയപ്പെടുന്ന കിഴങ്ങുകളുടെ വന്യ ബന്ധുക്കളാണ് ഡയോസ്കോറിയ ഇനത്തിൽപ്പെട്ട കിഴങ്ങുകൾ. ഡയോസ്കോറിയേസി സസ്യകുടുംബത്തിൽപ്പെട്ട ഇവയിൽ പുതുതായി കണ്ടെത്തിയ ഡയോസ്കോറിയ ബാലകൃഷ്ണനി ഉൾപ്പെടെ 14-ലധികം ഇനങ്ങളിലായി 23 വ്യത്യസ്ത കിഴങ്ങ് ചെടികൾ വയനാട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഓരോ കിഴങ്ങിനും തനതായ നാടൻപേരുകളുണ്ട്. മഞ്ഞനൂറ, നാര, നെയ്യ്‌നൂറ, വെള്ളനൂറ, നോക്കപ്പ, നാരക്കവല, വെണ്ണി, കവലക്കിഴങ്ങ്, ഹെക്ക് എന്നിങ്ങനെ. നിത്യഹരിത ചോലവനങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ കാണുന്ന കിഴങ്ങാണ് 'ചോലക്കിഴങ്ങ്'. ഇവയാണ് ഇനി ശാസ്ത്രീയമായി ഡയോസ്കോറിയ ബാലകൃഷ്ണനി എന്നറിയപ്പെടുക.
വയനാട് എം.എസ്.സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ പിച്ചൻ എം.സലിം, ആലപ്പുഴ സനാതനധർമ കോളേജിലെ ബോട്ടണി അസി. പ്രൊഫസർ ഡോ. ജോസ് മാത്യു, തിരുവനന്തപുരം കേരള കാർഷിക സർവകലാശാലയിലെ അസി. പ്രൊഫസർ ഡോ. എം.എം.സഫീർ എന്നിവരാണ് സസ്യം കണ്ടെത്തിയത്. ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘സ്പീഷീസി’ന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു.
വയനാടൻ ജൈവവൈവിധ്യം ഇനിയും പൂർണമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നതിന്റെ തെളിവാണ് പുതിയ സസ്യത്തിന്റെ കണ്ടെത്തലെന്ന് ഡോ. ജോസ് മാത്യു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാനും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും കഴിയുന്ന തനത് വന്യ ഭക്ഷ്യവിഭവങ്ങളെക്കുറിച്ച് പശ്ചിമഘട്ടത്തിൽ പഠനം നടത്തി പുതിയ ഇനങ്ങളെ ഇനിയും കണ്ടെത്തണമെന്ന് ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ.അനിൽകുമാർ അഭിപ്രായപ്പെട്ടു. വന്യ ഇനമാണെങ്കിലും പുതുതായി കണ്ടെത്തിയ കിഴങ്ങ് ഭക്ഷ്യയോഗ്യമാണെന്ന് ഡോ. ബാലകൃഷ്ണൻ പറഞ്ഞു. ഇവ കൃഷിചെയ്യാമെന്നതിനുപുറമേ പുതിയ സങ്കര ഇനങ്ങൾ വികസിപ്പിക്കാനും പ്രയോജനപ്പെടുത്താം.
ഡോ. എം.എസ്.സ്വാമിനാഥന്റെയും ഡോ. എൻ.അനിൽകുമാറിന്റെയും ശിഷ്യനാണ് ഡോ. ബാലകൃഷ്ണൻ. കാസർകോട് അരവത്ത് സ്വദേശിയും കഥകളി ആചാര്യനുമായിരുന്ന നാട്യരത്നം കണ്ണൻ പാട്ടാളിയുടെ മകനാണ്. ചിലന്തിഗവേഷകയും ഉദുമ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ സുധയാണ് ഭാര്യ. മക്കൾ: ധ്യാൻ, തീർഥ.
Content Highlights: new plant species discovered from westernghats