കുറഞ്ഞ സമയത്തില്‍ കൂടുതല്‍ മഴ പെയ്യുമ്പോള്‍.. താത്കാലികമല്ല മണ്‍സൂണിന്റെ ഭാവമാറ്റം - നീത ഗോപാല്‍

#കെ.ഉണ്ണികൃഷ്ണൻ
കൊച്ചിയില്‍ പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ പോകുന്ന ഇരുചക്രവാഹന യാത്രികര്‍. കലൂര്‍-കടവന്ത്ര റോഡിലെ കാഴ്ച. | ചിത്രം: ടി.കെ. പ്രദീപ് കുമാര്‍, മാതൃഭൂമി. ഇന്‍സൈറ്റില്‍ നീത ഗോപാല്‍.
കൊച്ചിയില്‍ പെയ്ത കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ പോകുന്ന ഇരുചക്രവാഹന യാത്രികര്‍. കലൂര്‍-കടവന്ത്ര റോഡിലെ കാഴ്ച. | ചിത്രം: ടി.കെ. പ്രദീപ് കുമാര്‍, മാതൃഭൂമി. ഇന്‍സൈറ്റില്‍ നീത ഗോപാല്‍.

മണ്‍സൂണ്‍കാലത്തെ മഴയുടെ രീതിയിലെ മാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്ന് തിരുവനന്തപുരം കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മേധാവി നീത ഗോപാല്‍. ''സാധാരണയായി മണ്‍സൂണില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയാണ് ലഭിച്ചിരുന്നത്. ഇപ്പോള്‍ ഇടയ്ക്കിടെയുള്ള തീവ്രമഴയാണ്. ലോകമെങ്ങുമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ് മണ്‍സൂണിന്റെ ഭാവമാറ്റത്തിനു കാരണം. ഇത് ജീവനും സ്വത്തിനും പ്രശ്‌നമാകുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ മഴപെയ്യുമ്പോള്‍ അത് ഒഴുകിപ്പോകുന്നതിന് സമയം കിട്ടുന്നില്ല. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍.'' - നീത പറയുന്നു.

കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യ വനിതാ മേധാവിയായ നീതയ്ക്ക് മേഖലയില്‍ 25 വര്‍ഷത്തെ അനുഭവപരിചയമുണ്ട്. കൊച്ചി സര്‍വകലാശാലയില്‍നിന്ന് കാലാവസ്ഥാശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയ നീത കൊച്ചി ഏവിയേഷന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെയും ഡോപ്ലര്‍ റഡാര്‍ സ്റ്റേഷന്റെയും മേധാവിയായിരുന്നു. തൊടുപുഴ സ്വദേശിനിയായ നീത ഡല്‍ഹി, പുണെ കേന്ദ്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സമുദ്ര കാലാവസ്ഥാ സേവനങ്ങളുടെ ഇന്ത്യയിലെ നോഡല്‍ ഓഫീസറുമാണ്. നീത മാതൃഭൂമിയോട് സംസാരിക്കുന്നു...

കൃത്യതയിലെ മുന്നേറ്റം

ഇന്ത്യന്‍ കാലാവസ്ഥാ പഠനരംഗം ഏറെ മുന്നേറിയിട്ടുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ചക്രവാതങ്ങളെക്കുറിച്ചും മറ്റും 10 ദിവസം മുന്‍പെങ്കിലും സൂചനകൊടുക്കാന്‍ സാധിക്കുന്നു. 1999-ല്‍ ഒഡിഷയില്‍ കൊടുങ്കാറ്റ് നാശംവിതച്ചപ്പോള്‍ പതിനായിരത്തോളം പേരാണ് മരിച്ചത്. 2019-ലെ ഫാനി ചുഴലിക്കാറ്റില്‍ നൂറില്‍ താഴെയായിരുന്നു മരണസംഖ്യ. കാലാവസ്ഥാമാറ്റങ്ങള്‍ നേരത്തേ അറിഞ്ഞ് മുന്‍കരുതല്‍ എടുത്തതുകൊണ്ടാണിത്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

കൃത്യയുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് പേരുകേട്ട അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ന് ഇന്ത്യ. ചുഴലിക്കാറ്റിനെക്കുറിച്ചുള്ള നമ്മുടെ പ്രവചനങ്ങള്‍ ചിലപ്പോള്‍ അവരെക്കാള്‍ കൃത്യതപുലര്‍ത്തുന്നു.

ആപ്പിലറിയാം എല്ലാം

ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന് 'മോസം' എന്ന ആപ്പുണ്ട്, കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്ക് 'സചേത്' എന്ന ആപ്പുണ്ട്. നില്‍ക്കുന്ന ലൊക്കേഷനിലെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഈ ആപ്പില്‍ അറിയാം. കൂടുതല്‍ വിവരങ്ങള്‍ കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മൗസം വെബ്‌സൈറ്റില്‍ കിട്ടും.

മഴയും കാറ്റുമറിഞ്ഞ്

മഴമാപിനി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് അന്തരീക്ഷമര്‍ദം, കാറ്റിന്റെ വേഗം, ദിശ, മഴയുടെ അളവ്, ഈര്‍പ്പത്തിന്റെ അളവ് എന്നിവ നോക്കിയാണ് കാലാവസ്ഥ നിര്‍ണയിച്ചിരുന്നത്. ഇപ്പോള്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളും ധാരാളമായി ഉപയോഗത്തിലുണ്ട്.

Content Highlights: new face of monsoon kerala witnessing is not temporary says neetha gopal imd chief