കടലാഴങ്ങളിലെ വിസ്മയങ്ങൾ; അന്റാർട്ടിക്കയിലെ അഗാധതയിൽ ഒളിഞ്ഞിരിക്കുന്ന ‘മരണപ്പന്ത്’

#Environment Desk
ഡെത്ത്-ബോൾ സ്പോഞ്ച് | Photo: The Nippon Foundation-Nekton Ocean Census/Schmidt Ocean Institute © 2025
ഡെത്ത്-ബോൾ സ്പോഞ്ച് | Photo: The Nippon Foundation-Nekton Ocean Census/Schmidt Ocean Institute © 2025

ന്റാർട്ടിക്കയിലെ ആഴക്കടലിൽ ഒളിഞ്ഞിരിക്കുന്ന വിസ്മയങ്ങളെ തേടിയുള്ള നിപ്പോൺ ഫൗണ്ടേഷൻ-നെക്ടൺ ഓഷ്യൻ സെൻസസിന്റെ പുതിയ കണ്ടുപിടിത്തം ശാസ്ത്രലോകത്തെ അദ്‌ഭുതപ്പെടുകയാണ്. ദക്ഷിണ സമുദ്രത്തിലെ (അന്റാർട്ടിക് സമുദ്രം) അറിയപ്പെടാത്ത ജീവജാലങ്ങളെ പട്ടികപ്പെടുത്തുക എന്ന ദൗത്യത്തിനിടയിൽ, വിദൂരമായ ദ്വീപുസമൂഹങ്ങളിലൊന്നായ മോണ്ടേഗു ദ്വീപിന് കിഴക്കുള്ള ഒരു ഗർത്തത്തിലാണ് ‘മരണപ്പന്ത്’ (ഡെത്ത് ബോൾ) എന്നറിയപ്പെടുന്ന പുതിയ ഇനം മാംസഭുക്കായ കടൽജീവിയെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഏകദേശം 3,601 മീറ്റർ (11,814 അടി) ആഴത്തിലായിരുന്നു ഇവയുടെ വാസം.

സാധാരണയായി കടലിൽ കാണപ്പെടുന്ന സ്പോഞ്ചുകൾ ഒരിടത്ത് ഉറച്ചിരുന്ന് വെള്ളത്തിലെ ചെറിയ കണികകൾ ആഹാരമാക്കുന്ന നിരുപദ്രവകാരികളാണ്. എന്നാൽ, ഈ പുതിയ അതിഥി അങ്ങനെയല്ല. കടൽത്തട്ടിൽ ഇരയെ കാത്തിരിക്കുന്ന ഒരു തന്ത്രശാലിയായ വേട്ടക്കാരനാണ്.

സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകൾക്ക് സമീപം കടലിന്റെ ഉപരിതലത്തിൽനിന്ന് ഏകദേശം 3.5 കിലോമീറ്റർ ആഴത്തിലാണ് ഇവയെ കണ്ടെത്തിയത്. ഒരു തണ്ടിൽ കോർത്തുവെച്ച പന്തുകൾ പോലെയാണ് ഇതിന്റെ രൂപം. ഇതിന്റെ ശരീരത്തിലുള്ള ചെറിയ കൊളുത്തുകളിൽ ഏതെങ്കിലും ജീവി തട്ടിയാൽ പിന്നെ രക്ഷയില്ല. ചെറിയ ജീവികളെയും മറ്റും നിമിഷനേരം കൊണ്ട് ഇത് കുടുക്കിയെടുക്കും. ഡോ. മിഷേൽ ടെയ്‌ലറാണ് പര്യവേക്ഷണത്തിന് നേതൃത്വം നൽകിയത്.

ദക്ഷിണ സമുദ്രത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ച് നമുക്ക് ഇപ്പോഴും വളരെ കുറഞ്ഞ അറിവ് മാത്രമേയുള്ളൂ എന്ന് ഓഷ്യൻ സെൻസസിലെ ശാസ്ത്ര മേധാവി മിഷേൽ ടെയ്ലർ വ്യക്തമാക്കുന്നു. ഈ ദൗത്യത്തിനിടയിൽ ശേഖരിച്ച സാമ്പിളുകളിൽ 30 ശതമാനത്തിൽ താഴെ മാത്രം പരിശോധിച്ചപ്പോൾ തന്നെ 30 പുതിയ ഇനങ്ങളെ സ്ഥിരീകരിക്കാനായത് അവിടുത്തെ കണ്ടെത്തപ്പെടാത്ത ജൈവവൈവിധ്യത്തിന്റെ വ്യാപ്തി വെളിവാക്കുന്നുണ്ട്. ഈ ദൗത്യത്തിന്റെ ഭാഗമായി കണ്ടുപിടിക്കപ്പെട്ട എല്ലാ ജീവിവർഗ്ഗങ്ങളുടെയും വിവരങ്ങൾ പൊതുജനങ്ങൾക്കും ശാസ്ത്രജ്ഞർക്കും ലഭ്യമാകുന്ന രീതിയിൽ ഒരു ഓപ്പൺ ആക്സസ് ഡാറ്റാ പ്ലാറ്റ്‌ഫോമിൽ സൂക്ഷിക്കുമെന്നും മിഷേൽ ടെയ്ലർ പറഞ്ഞു.

Content Highlights: Scientists discover a new carnivorous `Death Ball` sea creature lurking in the Antarctic`s Southern Ocean. Learn about this remarkable find and ongoing ocean exploration.