നൗറദേഹി വന്യജീവി സങ്കേതം രാജ്യത്ത് ചീറ്റകളുടെ മൂന്നാം ആവാസവ്യവസ്ഥയാകും- മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.ടി.ഐ
പ്രതീകാത്മക ചിത്രം | ഫോട്ടോ: പി.ടി.ഐ

ഖണ്ഡ്വ (മധ്യപ്രദേശ്): മധ്യപ്രദേശിലെ നൗറദേഹി വന്യജീവി സങ്കേതം ചീറ്റകളുടെ രാജ്യത്തെ മൂന്നാമത് ആവാസവ്യവസ്ഥയാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. മധ്യപ്രദേശില്‍ത്തന്നെ സ്ഥിതിചെയ്യുന്ന കുനോ ദേശീയോദ്യാനത്തിലും ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലും ചീറ്റകളെ പുനരധിവസിപ്പിച്ച ശേഷമാണ് നൗറദേഹിയെ മൂന്നാം ആവാസവ്യവസ്ഥയായി പരിഗണിക്കുന്നത്. ആഫ്രിക്കയിലെ നമീബിയയില്‍നിന്ന് ചീറ്റകളെ നൗറദേഹിയിലെത്തിക്കുമെന്ന് മോഹന്‍ യാദവ് പറഞ്ഞു.

‘ഏഷ്യയിൽനിന്ന് അപ്രത്യക്ഷമായ ജീവജാലമാണ് ചീറ്റകള്‍. കുനോ ദേശീയോദ്യാനത്തിലും ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലും ഞങ്ങള്‍ അവയെ പുനരധിവസിപ്പിച്ചു. ചീറ്റകളുടെ അടുത്ത സങ്കേതകമാകുന്നത് നൗറദേഹിയാകും. ആഫ്രിക്കയിലെ നമീബിയയില്‍നിന്ന് ചീറ്റകളെ ഇവിടെ എത്തിക്കും’, മോഹന്‍ യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നര്‍മദ നദിയിലെ ഇന്ദിര സാഗര്‍ അണക്കെട്ടിന്റെ ജലാശയത്തില്‍ മുതലകളെ പുനരധിവസിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മോഹന്‍ യാദവ്. നാല് പെണ്‍മുതലകളെയും രണ്ട് ആണ്‍മുതലകളെയുമാണ് ഇവിടെ പുനരധിവസിപ്പിച്ചത്. വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി ഭോപ്പാലിലെ വന്‍വിഹാറില്‍ നിന്നെത്തിച്ച മുതലകളാണിവ.

മറ്റ് സംസ്ഥാനങ്ങളുമായി ചേര്‍ന്നുള്ള വന്യജീവി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് മോഹന്‍ യാദവ് ചൂണ്ടിക്കാട്ടി. അസം തങ്ങളുടെ പക്കല്‍നിന്ന് ഘരിയലുകളെ (മീന്‍മുതലകള്‍) ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ തങ്ങള്‍ അത് നല്‍കുമെന്നും മോഹന്‍ യാദവ് വ്യക്തമാക്കി.

Content Highlights: Nauradehi Sanctuary to Become Third Home For Cheetahs In Madhyapradesh