പശ്ചിമഘട്ടത്തില്‍ പതിവാകുന്ന പ്രകൃതിദുരന്തങ്ങള്‍; ജനകീയ ശാസ്ത്രസംഘം പഠനത്തിന്

പശ്ചിമഘട്ട പ്രദേശങ്ങളില്‍ അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജനകീയ ശാസ്ത്രസംഘം പഠനത്തിന്. പശ്ചിമഘട്ടസംരക്ഷണ ജനകീയ സമിതിയും പരിസ്ഥിതി-സാമൂഹിക വിഷയങ്ങള്‍ പഠനവിധേയമാക്കുന്ന തൃശ്ശൂരിലെ ട്രാന്‍സിഷന്‍ സ്റ്റഡീസ് കേരളയുമാണ് ശാസ്ത്രസംഘത്തെ നിയോഗിച്ചത്.
പ്രകൃതി ദുരന്തങ്ങളുടെ കാരണം, പാരിസ്ഥിതിക ദുര്‍ബലാവസ്ഥ, ആവര്‍ത്തിക്കുന്ന പൊതുസ്വഭാവം, പ്രദേശവാസികളും തദ്ദേശസ്ഥാപനങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളും നടത്തിയ മുന്‍കരുതലുകള്‍, രക്ഷാപ്രവര്‍ത്തനം, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ സംഘം പഠനവിധേയമാക്കും.
ദുരന്തങ്ങളുണ്ടായ പ്രദേശങ്ങളും അപകടസാധ്യതാ മുന്നറിയിപ്പുള്ള പ്രദേശങ്ങളും പഠന സംഘം സന്ദര്‍ശിക്കും. ദുരന്തങ്ങള്‍ നേരിടേണ്ടിവരുന്ന സാഹചര്യങ്ങളിലെ തയ്യാറെടുപ്പ്, ദുരന്തനിവാരണ പ്രവര്‍ത്തനം എന്നിവസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്വാറികള്‍, ഖനനം, മരംമുറിക്കല്‍, തോട്ടങ്ങള്‍, ടൂറിസം പദ്ധതികള്‍, കൈയേറ്റങ്ങള്‍ എന്നിവ പഠനവിധേയമാക്കും.
സംഘത്തിലുള്ളവര്‍...
സാമ്പത്തിക വിദഗ്ധ പ്രൊഫ. മേരിജോര്‍ജ് പഠനസംഘം അധ്യക്ഷയും കെ. സഹദേവന്‍ കോഡിനേറ്ററുമാണ്. ജവഹര്‍ലാല്‍ നെഹറു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ പ്രൊഫ. സി.പി. രാജേന്ദ്രന്‍, ഡോ. ജയ്ശ്രീ സന്‍വാള്‍, കേരള വനംഗവേഷണ കേന്ദ്രത്തിലെ ഡോ. ടി.വി. സജീവ്, യു.എന്‍.ഇ.പി.യിലെ മുന്‍ റിസ്‌ക് അനലിസ്റ്റ് സാഗര്‍ ധാര, കുസാറ്റ് റഡാര്‍ റിസര്‍ച്ച് സെന്ററിലെ ഡോ. എസ്. അഭിലാഷ്, നാടന്‍ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്‍, കൃഷിശാസ്ത്രജ്ഞന്‍ ഡോ. എന്‍ അനില്‍കുമാര്‍, സസ്യശാസ്ത്രജ്ഞന്‍ ഡോ. പ്രകാശ് സി. ത്ധാ, സസ്റ്റെയ്നബിലിറ്റി വിദഗ്ധന്‍ ഡോ. എ. ശ്രീകുമാര്‍, പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ജി.ആര്‍. സന്തോഷ് കുമാര്‍, സെന്റര്‍ ഫോര്‍ ഇക്കോളജിയിലെ സി.കെ. വിഷ്ണുദാസ്, ബെംഗളൂരു ഐ.ഐ.എസ്.സി.യിലെ ഡോ. കുസല രാജേന്ദ്രന്‍, ബെംഗളൂരു സി.എസ്.ഐ.ആറിലെ ഡോ. അനില്‍ ഏണസ്റ്റ്, സസ്യശാസ്ത്രജ്ഞ ഡോ. സ്മിത പി.കുമാര്‍, മാണ്ടി ഐ.ഐ.ടി.യിലെ ഡോ. നീതുദാസ്, എന്‍.ഐ.ടി.കെ.യിലെ ഫാത്തിമ നസ്രീന്‍, സോഷ്യല്‍വര്‍ക്കര്‍ ഡോ. കെ.പി. നിതീഷ്‌കുമാര്‍, പശ്ചിമഘട്ട സംരക്ഷണസമിതി ഭാരവാഹികളായ വര്‍ഗീസ് വട്ടേക്കാട്, പി.ജി. മോഹന്‍ദാസ്, ബഷീര്‍ ആനന്ദ് ജോണ്‍, എം.കെ. രാംദാസ് എന്നിവരാണ് സംഘത്തിലുള്ളത്.
Content Highlights: natural calamities increasing in western ghats scientific team to study