50 വര്‍ഷങ്ങള്‍ക്കിടെ നഷ്ടമായത് 69 % ജന്തുസമ്പത്ത്‌, ഭൂമിക്ക് വേണ്ടി നമുക്ക് ചെയ്യാനാവുന്നതെന്ത്?

വണ്‍ ഫോര്‍ ചേഞ്ചെന്ന സന്ദേശത്തിന്റെ ഭാഗമായി പങ്കുവെച്ച ചിത്രങ്ങള്‍ | Photo: twitter.com/NatGeoIndia
വണ്‍ ഫോര്‍ ചേഞ്ചെന്ന സന്ദേശത്തിന്റെ ഭാഗമായി പങ്കുവെച്ച ചിത്രങ്ങള്‍ | Photo: twitter.com/NatGeoIndia

കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കിടെ 69 ശതമാനം ജന്തുവിഭാഗങ്ങളാണ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായത്. ജെെവവെെവിധ്യത്തിനുണ്ടായ ഈ കനത്ത നഷ്ടം ഏപ്രില്‍ 22, ഭൗമദിനത്തില്‍ 'വണ്‍ ഫോര്‍ ചേഞ്ച്' എന്ന മഹത് സന്ദേശത്തിന്റെ മൂന്നാംപതിപ്പിലൂടെ വീണ്ടും ചിത്രങ്ങളായി അവതരിപ്പിച്ചിരിക്കുകയാണ് നാഷണല്‍ ജ്യോഗ്രഫിക് ഇന്ത്യ.

ഓരോ വ്യക്തിയും ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്ക് പോലും പാരിസ്ഥിതികമായ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്ന ബോധവത്കരണമാണ് 'വണ്‍ ഫോര്‍ ചേഞ്ച്' പദ്ധതിയിലൂടെ നാഷണല്‍ ജ്യോഗ്രഫിക് ഇന്ത്യ ഉദ്ദേശിക്കുന്നത്. ആഗോളതലത്തില്‍ തന്നെ വലിയ പ്രതിസന്ധിയായികൊണ്ടിരിക്കുന്ന ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകല്‍, വനനശീകരണം, സമുദ്രങ്ങളിലെ പ്ലാസ്റ്റിക് തുടങ്ങിയവയാണ് ഇത്തവണ പ്രധാന പ്രമേയങ്ങളായത്. 

സമുദ്രങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പശ്ചാത്തലമാക്കിയ ചിത്രത്തില്‍ സ്രാവിനെ പോലും വേട്ടയാടുന്ന ഭീകരനായാണ് പ്ലാസ്റ്റിക്കിനെ ചിത്രീകരിച്ചിരിക്കുന്നത്. സ്രാവ് അതിന്റെ ഇരകളായ മറ്റ് മത്സ്യങ്ങളെ പിന്തുടരുന്നതും കാണാം. സമുദ്രത്തിലെ ഭക്ഷ്യശൃംഖലയ്ക്ക് തന്നെ പ്ലാസ്റ്റിക് ഉയര്‍ത്തുന്ന ഭീഷണിയാണ് Plastic is now the ocean's biggest predator-ലൂടെ അവതരിപ്പിക്കുന്നത്. 

മഞ്ഞുരുകല്‍ എല്ലാക്കാലവും അവിടുത്തെ ജീവജാലങ്ങള്‍ക്ക് ഭീഷണിയാണ്. ഒരുപക്ഷേ മഞ്ഞുപ്രദേശങ്ങളിലെ പ്രതീകങ്ങളായ ഹിമക്കരടികള്‍ തന്നെയാകും ഇതിന് ഏറ്റവും കൂടുതല്‍ ഇരയാവുക. ഔര്‍ ഫ്യൂച്ചര്‍ ഈസ് മെല്‍റ്റിങ് എവേ (Our future is melting away) ഇത് പ്രമേയമാക്കിയുള്ളതാണ്. മഞ്ഞുരുകല്‍ തോത് ഉയരുന്നത് ഈ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിനെ കുറിച്ച് ആശങ്കയുണര്‍ത്തുന്നതാണ്. 

വെട്ടിനശിപ്പിക്കപ്പെട്ട മരങ്ങള്‍ക്ക് നടുവില്‍ ഒരു മരത്തെ കെട്ടിപിടിച്ചിരിക്കുന്ന ചിമ്പാന്‍സിയാണ് മൂന്നാമത്തെ ചിത്രത്തിലുളളത്. വനനശീകരണം അവിടുത്തെ ജീവജാലങ്ങള്‍ക്ക് വരുത്തുന്ന ദോഷങ്ങളാണ് ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ഒരുപക്ഷേ സംസാരിക്കാന്‍ ശേഷിയുണ്ടായിരുന്നെങ്കില്‍ മരം തങ്ങള്‍ക്ക് എന്താണെന്നവര്‍ പറയുമായിരുന്നു എന്ന സന്ദേശമാണ് ഇതിലൂടെ ലോകത്തിന് നല്‍കുന്നത്. 

സുസ്ഥിര ജീവിത ശൈലി പുൽകുന്നതിലൂടെ  ഭൂമിക്ക് ദോഷം വരാത്ത രീതിയില്‍ എങ്ങനെ നിത്യജീവിതത്തെ ക്രമീകരിക്കാമെന്ന മാർ​ഗനിർദേശങ്ങളും നാഷണല്‍ ജ്യോഗ്രഫിക് ഇന്ത്യ ഭൗമദിനത്തിന്റെ ഭാ​ഗമായി പങ്കുവെച്ചു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്ക് പകരം മെറ്റല്‍ ബോട്ടിലുകള്‍ ഉപയോഗിക്കാമെന്നതാണ് പ്രധാന നിര്‍ദേശം.

മറ്റ് നിര്‍ദേശങ്ങള്‍ 

  • നടുന്ന ഓരോ മരങ്ങളും ചൂടില്ലാത്ത ഭൂമിക്ക് നാം നല്‍കുന്ന സംഭാവനകളാണ്. 
  • ഒരുമിച്ച് ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതുവഴി ഇന്ധനലാഭമുണ്ടാവുകയും വായുമലിനീകരണം കുറയുകയും ചെയ്യുന്നു. 
  • എസി പോലുളളവ ആവശ്യമില്ലാത്ത സമയങ്ങളില്‍ ഓഫ് ചെയ്യുന്നതുവഴി ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറയ്ക്കാം. 
  • ഊര്‍ജക്ഷമത ഉറപ്പാക്കിയ ശേഷം ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുക. 
  • പേപ്പര്‍ ബില്ലുകള്‍ക്ക് പകരം ഡിജിറ്റല്‍ ബില്ലുകള്‍
     

Content Highlights: nat geo india earth day posters