എൽസ 3 കപ്പൽ അപകടം; കടലിലേക്കൊഴുകിയത് ടൺ കണക്കിന് രാസവസ്തുക്കൾ, പരിസ്ഥിതി ആഘാതപഠനമില്ലാത്തതിൽ വിമർശനം

കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ എം.എസ്.സി. എൽസ 3 കപ്പൽ മുങ്ങിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും സമഗ്രമായ പരിസ്ഥിതി ആഘാത പഠനം നടത്താത്തതിനെ വിമർശിച്ച് ഹൈക്കോടതി. പരിസ്ഥിതി ആഘാതമടക്കമുള്ള വിഷയത്തിൽ സ്വതന്ത്രമായ പരിശോധന അനിവാര്യമാണെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യത്തിൽ കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ മന്ത്രാലയത്തോട് നിലപാട് അറിയിക്കാനും നിർദേശിച്ചു. മന്ത്രാലയത്തെ സ്വമേധയാ കക്ഷിചേർത്തുകൊണ്ടാണ് നിർദേശം.
ഏത് ഏജൻസിയെയായിരിക്കും പഠനത്തിനായി നിയോഗിക്കുക, എങ്ങനെയായിരിക്കും പഠനം, എത്ര സമയത്തിനുള്ളിൽ പൂർത്തിയാക്കാനാകും എന്നതടക്കമുള്ള വിവരങ്ങൾ അറിയിക്കണം. ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കപ്പലപകടം ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ അടക്കം നൽകിയ പൊതുതാത്പര്യ ഹർജികളാണ് പരിഗണിച്ചത്.
ഒരു വർഷമായിട്ടും സമഗ്ര പരിസ്ഥിതിയാഘാത പഠനം നടത്തിയിട്ടില്ലെന്നും ഇതിനായി നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പരിശോധന ആവശ്യമാണ്. ഷിപ്പിങ് ഡയറക്ടർ ജനറലും കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥവ്യതിയാന മന്ത്രാലയവും നിലവിലെ സ്ഥിതി വിശദമാക്കി റിപ്പോർട്ട് ഫയൽ ചെയ്യണം.
മുങ്ങിക്കിടക്കുന്ന കപ്പലിൽ 12 കണ്ടെയ്‌നറുകളിൽ അപകടകരമായ കാൽസ്യം കാർബൈഡ് 339.02 മെട്രിക് ടൺ ഉണ്ട്. 70 കണ്ടെയ്‌നറുകിലായി 1836.1 മെട്രിക് ടൺ നർഡിൽസും ഉണ്ട്. മൺസൂൺ ശക്തമായതോടെ ഇവയൊക്കെ വലിയ ഭീഷണിയാണെന്ന് കോസ്റ്റ് ഗാർഡിന്റെ റിപ്പോർട്ട്. കപ്പലിൽനിന്ന് ഓയിൽ കഴിഞ്ഞ സെപ്റ്റബറിൽത്തന്നെ നീക്കിയെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ തെളിവുവേണം.
മുങ്ങിക്കിടക്കുന്ന കപ്പൽ യാതൊരു ഭീഷണിയും സൃഷ്ടിക്കുന്നില്ലെന്നാണ് കപ്പൽക്കമ്പനി പറയുന്നത്. ബ്രാൻഡ് മറൈൻ കൺസൾട്ടന്റ്‌സ് (ബി.എം.സി) സീഗ്രൗണ്ട്, ഐ.ആർ.ക്ലാസ്, സി-ട്രാക്ക് സർവേ തുടങ്ങിയ സ്വകാര്യ ഏജൻസികളുടെ പഠനറിപ്പോർട്ടാണ് കപ്പൽക്കമ്പനി ആശ്രയിച്ചിരിക്കുന്നത്. ഈ റിപ്പോർട്ട് പൂർണമായും സ്വീകരിക്കാനാകില്ലെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പറയുന്നത്.
കപ്പൽ മാറ്റുന്നതിൽ ഇതുവരെ ഉടമകൾ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് എക്കണോമിക് സോണിലാണ് കപ്പൽ. കടൽയാത്ര തടസ്സപ്പെടാനും കപ്പൽ മുങ്ങിക്കിടക്കുന്നത് കാരണമായേക്കാം. കപ്പലിലുണ്ടായിരുന്ന 643 കണ്ടെയ്‌നറുകളിൽ 72 എണ്ണം മാത്രമാണ് ഇതുവരെ വീണ്ടെടുത്തത്. ബാക്കിയുള്ളവ കടലിന്റെ അടിത്തട്ടിലും കപ്പലിനുള്ളിലുമാണ്. 50 മീറ്റർ ആഴത്തിലാണ് കപ്പൽ കിടക്കുന്നത്.
പരിസ്ഥിതി ആഘാതത്തെക്കുറിച്ചുള്ള സി.എസ്.ഐ.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ റിപ്പോർട്ട് ജൂലായ് 30-ഓടെ ലഭിക്കുമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചത്. ഹർജിക്കാർക്കായി അഡ്വ. ഹരീഷ് വാസുദേവനടക്കമുള്ളവരാണ് ഹാജരാകുന്നത്. വിഷയം ജൂൺ 23-ന് വീണ്ടും പരിഗണിക്കും.
Content Highlights: High Court criticizes one-year delay in environmental impact assessment for MSC Elsa 3., Central Ministry of Environment directed to file a status report., Concerns over hazardous calcium carbide and nurdles in 12+ containers., Court rejects reliance on private agency reports submitted by the shipping company., Next hearing scheduled for June 23 to review CSIR-NIO findings.