മുംബൈയിൽ വായുമലിനീകരണം രൂക്ഷം; 19 കോൺക്രീറ്റ് പ്ലാന്റുകൾ പൂട്ടി, കർശന പരിശോധനകൾ തുടരുമെന്ന് എംപിസിബി

മുംബൈ: പരിസ്ഥിതി മാർഗനിർദേശങ്ങൾ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്സ് കോൺക്രീറ്റ് പ്ലാന്റുകൾ (ആർഎംസി)പൂട്ടാൻ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡ് (എംപിസിബി) ഉത്തരവിട്ടു. ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷൻ മാനേജ്‌മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവർത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കർശനമായ പരിശോധനകൾ തുടരുമെന്നും എംപിസിബി അറിയിച്ചു
നഗരത്തിൽ എംപിസിബി നിലവിൽ 32 ആംബിയന്റ് എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകൾ (സിഎക്യുഎംഎസ്) പ്രവർത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാൺ, പൻവേൽ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവർത്തനം. ഇതിൽ 14 സ്റ്റേഷനുകൾ ബിഎംസി വഴിയാണ് പ്രവർത്തിക്കുന്നത്. ഈ സ്റ്റേഷനുകളിൽനിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓൺലൈൻ ഡാഷ്ബോർഡിൽ പരസ്യമായി പ്രദർശിപ്പിക്കും. മാധ്യമ പ്ലാറ്റ്ഫോമുകൾ വഴി പ്രക്ഷേപണം ചെയ്യും.
മഹാരാഷ്ട്രയിലുടനീളം 22 മൊബൈൽ എയർ ക്വാളിറ്റി മോണിറ്ററിങ് വാനുകൾ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ ആർഎംസി പ്ലാന്റുകൾക്കായി പുതുക്കിയ പ്രവർത്തന മാർഗനിർദേശങ്ങൾ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോൺക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഓം ഗ്ലോബൽ ഓപ്പറേഷൻ, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവർത്തനം നിർത്താൻ ഉത്തരവിട്ടിരുന്നു. താനെയിലും നവി മുംബൈയിലും ആറ് ആർഎംസി യൂണിറ്റുകളും കല്യാണിൽ ഒൻപത് യൂണിറ്റുകളും മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി.തുടർന്ന് പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ടതായി ബോർഡ് അറിയിച്ചു.
ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി.നിബന്ധനകൾ പാലിക്കാത്ത വ്യവസായങ്ങൾക്കെതിരേ നടപടികൾ തുടരുമെന്നും എംപിസിബി വ്യക്തമാക്കി. മലീനികരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറി എം.എം. ദേവേന്ദ്ര സിങ് ഉൾപ്പെടെയുള്ള ബോർഡ് ഉദ്യോഗസ്ഥർ ഫീൽഡ് പരിശോധനകളിൽ പങ്കാളികളാകുന്നു.
Content Highlights: Maharashtra Pollution Control Board shuts down 19 ready-mix concrete plants for violating environmental norms and worsening air quality. Strict action promised.