രാജ്യത്ത് ആദ്യം, മഹാരാഷ്ട്രയുടെ അഭിമാനം; 'തേന്‍ഗ്രാമം' റിപ്പബ്ലിക് പരേഡിലേക്ക്

ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ മഹാരാഷ്ട്രയുടെ നിശ്ചലദൃശ്യമായി സംസ്ഥാനത്തിന്റെ തേന്‍ഗ്രാമം പദ്ധതി അവതരിപ്പിക്കും. എന്നാല്‍, സംസ്ഥാനത്തിന്റെ അഭിമാനമായി അവതരിപ്പിക്കുമ്പോഴും തങ്ങള്‍ക്ക് അവഗണനമാത്രമാണ് ബാക്കിയെന്നാണ് നാട്ടുകാരുടെ പരാതി. രാജ്യത്തെ തന്നെ ആദ്യത്തെ തേന്‍ഗ്രാമമാണ് മഹാരാഷ്ട്രയിലെ സത്താറയിലെ മന്‍ഗഢ് ഗ്രാമം.
മഹാരാഷ്ട്ര ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴില്‍ 2022 മേയിലാണ് തേന്‍ഗ്രാമം എന്ന ആശയം നടപ്പാക്കിയത്. തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനും ഗ്രാമീണര്‍ക്ക് അധികവരുമാനം ഉറപ്പാക്കാനും പാരിസ്ഥിതിക സന്തുലനാവസ്ഥ ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു പദ്ധതി. മന്‍ഗഢ് ഗ്രാമത്തിന്റെ ചുവടുപിടിച്ച് മറ്റ് ജില്ലകളിലേക്കും ആശയം വ്യാപിപ്പിച്ചു. ജില്ലയില്‍ ഒരു തേന്‍ഗ്രാമം എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം.
റിപ്പബ്ലിക് പരേഡില്‍ നിശ്ചലദൃശ്യമായി അവതരിപ്പിക്കുന്നതോടെ അന്തര്‍ദേശീയ ശ്രദ്ധലഭിക്കുമെന്ന സന്തോഷത്തിലാണ് ഗ്രാമനിവാസികള്‍. തങ്ങള്‍ക്കിത് അഭിമാനനിമിഷമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍, തങ്ങള്‍ വിജയകരമായി നടപ്പാക്കിയ ആശയം നിശ്ചലദൃശ്യമായി അവതരിപ്പിക്കുന്നത് അറിയിക്കുകപോലും ചെയ്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അഭിമാനമുഹൂര്‍ത്തത്തില്‍ പങ്കാളികളാവാന്‍ തങ്ങളെക്കൂടെ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികാരികളെ ബന്ധപ്പെട്ടെങ്കിലും മറുപടി അനുകൂലമായിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്. തേന്‍ഗ്രാമം നടപ്പാക്കുന്നതില്‍ തങ്ങളുടെ പങ്കാളിത്തം നേരിട്ട് അവതരിപ്പിക്കാന്‍ ഇനി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ തേടാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Content Highlights: Maharashtra’s ‘honey village’ to feature in Republic Day event