ഫിറ്റ്‌സ് വന്ന് ലിയോ ഗുരുതരാവസ്ഥയില്‍; ജീവികൾ ചാവുന്നു, ആശങ്കയിൽ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്

തൃശ്ശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ലിയോ എന്ന പുള്ളിപ്പുലിക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് അധികൃതര്‍. നിരവധി മരുന്നുകളുടെ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഒന്നര വയസ്സ് പ്രായമുള്ള പുലിക്കുട്ടിക്ക് ഫിറ്റ്‌സ് വരുന്നതിനാല്‍ പതിവായി കുഴഞ്ഞുവീഴുകയാണ്. ഭക്ഷണം കഴിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആറുമാസം പ്രായമുള്ള പുലിക്കുട്ടിയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുവന്നത്.
ഏതെങ്കിലും വിധത്തില്‍ ആക്രമിക്കപ്പെടുകയോ വീഴ്ചയില്‍ പരിക്കേല്‍ക്കുകയോ ജന്മനാലുള്ള പ്രശ്‌നങ്ങള്‍ കാരണമോ ആകാം അവശത നേരിടുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോള്‍ പാര്‍ക്കിലെ സൂ ആശുപത്രിയില്‍ തന്നെയാണ് കഴിയുന്നത്. പുലിക്കുട്ടിയെ മറ്റൊരിടത്തേക്ക് മാറ്റാനാവില്ലെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ജെ. വര്‍ഗീസ് പറഞ്ഞു. തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നെത്തിച്ച ജീവികളില്‍ അഞ്ചെണ്ണം ഇതിനകം ചത്തു. ലിയോക്കും ഇതേ വിധിയാകുമോ എന്ന് ആശങ്കയിലാണ് അധികൃതര്‍.
Read more at: സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയ അഞ്ച് ജീവികള്‍ ചത്തു; വിവരംമറച്ചുവെച്ചു, ജീവനക്കാർക്ക് സസ്‌പെൻഷൻ
സെസന്റ് ഇനത്തില്‍പ്പെട്ട നാല് വര്‍ണപ്പക്ഷികളും ഒരു പന്നിമാനുമാണ് ഇവിടെ ഇതിനകം ചത്തത്. പിന്നീട് ജീവികളെ കൊണ്ടു വന്നിട്ടില്ല. തൃശ്ശൂരില്‍നിന്ന് ഒറ്റയടിക്ക് പരമാവധി ജീവികളെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ആദ്യം മുഴുവന്‍ മാനുകളെയും മാറ്റാനുള്ള പരിശീലനം ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. അടുത്ത മാസം ഇത് തുടങ്ങും. ഇപ്പോള്‍ ഇവിടെ നാല് കടുവ, പുലിക്കുട്ടി, മലയണ്ണാന്‍, സിംഹവാലന്‍ കുരങ്ങ്, മയിലുകള്‍, വര്‍ണപ്പക്ഷികള്‍ ഉള്‍പ്പെടെ മുപ്പത്തിനാല് ജീവികളാണുള്ളത്.
പാലക്കാട് അയിലൂരില്‍ മൃതപ്രായനായി നാട്ടുകാരാണ് ലിയോയെ കണ്ടത്. പുത്തൂരിലെത്തിച്ചപ്പോള്‍ കൈകാലുകള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ന്യൂമോണിയയും ബാധിച്ചിരുന്നു. മണ്ണുത്തി വെറ്ററിനറി കോളേജ് വെറ്ററിനറി വിഭാഗം മേധാവി ഡോ. ശ്യാം കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ ചികിത്സയെ തുടര്‍ന്ന് പുലിക്കുട്ടി ആരോഗ്യം വീണ്ടെടുത്ത് വരുകയായിരുന്നു. ഇതിനിടെയാണ് ഫിറ്റ്‌സ് വന്ന് പുലിക്കുട്ടി വീണ്ടും അവശനിലയിലായത്.
Content Highlights: leopard leo of thrissur zoological park in dangerous medical condition