'കന്നഡ പഠിക്കൂ, ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കൂ'; ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ വൈറല്‍ പോസ്റ്റ്‌

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ടുത്ത വായുമലിനീകരണമാണ് ഡല്‍ഹി അഭിമുഖീകരിക്കുന്നത്. തിങ്കളാഴ്ച ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) 484-ല്‍ എത്തി. വായുമലിനീകരണത്തിന് പോംവഴിയില്ലാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. ഡൽഹി വിട്ട് മറ്റെവിടെയെങ്കിലും താമസമാക്കുന്നതിനേക്കുറിച്ചാണ് ഡൽഹി നിവാസികളിൽ പലരും ആലോചിക്കുന്നത്.

ഇപ്പോഴിതാ ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഡൽഹി നിവാസികൾക്ക് ഒരു പരിഹാര മാർഗം നിർദേശിക്കുകയാണ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു ഉപയോക്താവ്. കന്നഡ പഠിച്ച് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കാനാണ് ഇദ്ദേഹം നിർദേശിക്കുന്നത്. ഡൽഹിയിലെ വായു മലിനീകരണം അതിഗുരുതരമാകുന്നതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഈ എക്സ് പോസ്റ്റ് വൈറലാകുന്നത്.

"മലിനീകരണമില്ലാത്ത വായു നമ്മുടെ മൗലികാവകാശമാണ്‌. 
എന്നാല്‍, ഡല്‍ഹിയില്‍ വായുവിനൊപ്പം 18 ശതമാനം ജി.എസ്.ടിയും അടയ്ക്കണം. 
കന്നഡ പഠിച്ച്, എ.ക്യു.ഐ 60-80 നിലയിലുള്ള ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കാന്‍ ഇതാണ് പറ്റിയ സമയം"

റേ എന്ന എക്‌സ് അക്കൗണ്ടാണ് ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കുന്നതിനേപ്പറ്റി ഹാസ്യരൂപേണ എക്‌സില്‍ ഇങ്ങനെ കുറിച്ചത്. നിരവധി പേര്‍ പോസ്റ്റിന് കമന്റുമായി എത്തി. ഡല്‍ഹിയിലെ എല്ലാവരും ബെംഗളൂരുവിലെത്തുകയാണെങ്കില്‍ ബെംഗളൂരു ഡല്‍ഹിക്ക് സമാനമാകുമെന്ന് കമന്‍റിട്ടവരും ഇക്കൂട്ടത്തിലുണ്ട്.

സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (സിപിസിബി) റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യതലസ്ഥാനത്ത് എ.ക്യു.ഐ 488 ആയിരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഹാനികരമാണ് ഈ സാഹചര്യം. അതേസമയം, ബെംഗളൂരുവിലെ വായുഗുണനിലവാര സൂചിക ചൊവ്വാഴ്ചത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 159 ആണ്.

Content Highlights: learn kannada and permanently settle in banglore x user on delhi air pollution