തൃശ്ശൂർതീരത്ത് ചുവന്ന തിരമാലകള്‍!; നിറംമാറ്റത്തിനു പിന്നില്‍ സൂക്ഷ്മജീവി? കാരണം കണ്ടെത്തി കുഫോസ്

കൊച്ചി: തൃശ്ശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ ബീച്ചില്‍നിന്ന് എറണാകുളം ജില്ലയിലെ പുതുവൈപ്പ് ബീച്ചുവരെ അടുത്ത ദിവസങ്ങളില്‍ കടലില്‍ നിറവ്യത്യാസം അനുഭവപ്പെട്ടതിന്റെ കാരണം കണ്ടെത്തി കുഫോസ് (കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല). റെഡ് ടൈഡ് (Red Tide) എന്നറിയപ്പെടുന്ന പ്രകൃതിദത്ത പ്രതിഭാസമാണിതെന്ന് കുഫോസ് അറിയിച്ചു.
ജലത്തില്‍ നോക്ടിലൂക്ക എന്ന ഡിനോഫ്‌ളാജിലേറ്റ്‌സ് വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മ ജീവിയുടെ കൂടുതലായ സാന്നിധ്യമാണ് റെഡ് ടൈഡിലേക്ക് നയിക്കുന്നത്. പുതുവൈപ്പ് ബീച്ചില്‍ കടല്‍തീരത്തോട് ചേര്‍ന്ന് തിരമാലകള്‍ ചുവന്ന നിറത്തില്‍ പ്രത്യക്ഷപ്പെട്ടത് ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. നോക്ടിലൂക്ക സാധാരണയായി സമുദ്രജലത്തില്‍ ഉണ്ടാകാറുള്ള ഒരു സൂക്ഷ്മജീവിയാണെന്നും ചില സാഹചര്യങ്ങളില്‍ അതിന്റെ എണ്ണം വര്‍ധിക്കുന്നത് കടല്‍ചുവപ്പായി തോന്നാന്‍ കാരണമാവുകയും ചെയ്യാറുണ്ടെന്ന് കുഫോസ് പ്രതികരിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഈ പ്ലവഗങ്ങളെ 'പോള' എന്ന പേരിലാണ് സാധാരണയായി വിളിക്കുന്നത്. കുഫോസ് പ്രാദേശിക മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഈ പ്ലവഗങ്ങള്‍ ഉള്ള പ്രദേശത്ത് മത്സ്യലഭ്യത കുറവായതായും അവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കുഫോസ് ഇന്‍കോയിസുമായി (ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ്) ബന്ധപ്പെട്ടുവെങ്കിലും മേഘാവൃതമായ കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഉപഗ്രഹത്തിന്റെ സഹായത്തോടെയുള്ള വിവരശേഖരണം സാധ്യമായില്ല.
അതേസമയം, കുഫോസിന്റെ ഗവേഷകസംഘം സംഭവത്തിന്റെ പിന്നിലുള്ള പരിസ്ഥിതി ഘടകങ്ങള്‍ വ്യക്തമാക്കുന്നതിനായി വിശദമായ പരിശോധന തുടരുകയാണ്.