‘പറക്കും’ ചിലന്തിയെ പഠിക്കാൻ മലയാളി

കൊച്ചി: 'നാലുകാലിൽ എഴുന്നേറ്റുനിന്ന് പേടിപ്പിക്കും. പറന്നു കടിക്കുന്ന ഭീകരനാണവൻ. മരണം ഉറപ്പ്...' - രാത്രിയുടെ അന്ത്യയാമങ്ങളിൽ രാമേശ്വരം ഹനുമാൻകോവിൽ ഉത്സവത്തിനു പോകുന്നവർ അടക്കംപറയും. പുളിമരങ്ങൾക്കു മേലെ നിന്നു പറന്നിറങ്ങുന്ന 'രാമേശ്വരം പാരച്യൂട്ട് ചിലന്തി'യെ അവർക്ക് വല്ലാത്ത പേടിയാണ്. കൈപ്പത്തിയെക്കാൾ വലുപ്പമുള്ള ആ 'ഭീകരൻ' മുന്നിൽപ്പെട്ടാൽ തല്ലിക്കൊല്ലലാണ് പതിവ്. ലോകത്ത് അതിഗുരുതര വംശനാശ ഭീഷണി നേരിടുന്ന ചിലന്തിയുടെ അവസ്ഥയാണിത്. കടുവാ ചിലന്തിയുടെ വർഗത്തിൽപ്പെട്ട 'രാമേശ്വരം ചിലന്തി'യുടെ വംശം സംരക്ഷിക്കാനായി പഠനത്തിനൊരുങ്ങുകയാണ് മലയാളി. തേവര സേക്രഡ് ഹാർട്ട് കോളേജ് ചിലന്തി ഗവേഷണ കേന്ദ്രത്തിലെ ഡോ. എം.ജെ. മാത്യുവാണ് നേതൃത്വം നൽകുന്നത്.
ജീവജാലങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മുഹമ്മദ് ബിൻ സായിദ് സ്പീഷീസ് കൺസർവേഷൻ ഫണ്ട് ആണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അബുദാബി ഭരണാധികാരിയും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റുമായ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണിത്.
ലോകത്ത് രാമേശ്വരം ദ്വീപിലും അതിനടുത്തുള്ള മണ്ഡപം പ്രദേശത്തുമാണ് കടുവാ ചിലന്തിയോട് സാമ്യമുള്ള രാമേശ്വരം അലങ്കാര ചിലന്തി അഥവാ രാമേശ്വരം പാരച്യൂട്ട് ചിലന്തിയുടെ ആവാസകേന്ദ്രം. ബ്രിട്ടീഷ് ഗവേഷകനായ ആൻഡ്രു സ്മിത്താണ് 2004-ൽ രാമേശ്വരം ഹനുമാവിലാസ ക്ഷേത്രത്തിലെ കാവുകളിൽ ആദ്യമായി ഈ ചിലന്തിയെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ശാസ്ത്രീയ നാമത്തിലും ഹനുമാവിലാസമുണ്ട്. 'പോയിസിലോത്തീരിയ ഹനുമാവിലാസുമികാ' എന്നാണ് അറിയപ്പെടുന്നത്. പുളി, കാറ്റാടി, ഈന്തപ്പന എന്നിവയിലെ പൊത്തുകളിലാണ് ഇവയുണ്ടാവുക. രാത്രിയിൽ മാത്രമാണ് പുറത്തിറങ്ങുക.
മരത്തിനു മുകളിൽനിന്നു പാരച്യൂട്ടിലെന്ന പോലെ അതിവേഗം മണ്ണിലേക്ക് ഇറങ്ങാൻ ഇവയ്ക്ക് കഴിയും. ഇത് കണ്ടിട്ടാണ് ഇവയ്ക്ക് പറക്കാനുള്ള കഴിവുണ്ടെന്ന് നാട്ടുകാർ തെറ്റിദ്ധരിക്കുന്നത്. അതുപോലെ ശത്രുവിനെ പേടിപ്പിക്കാൻ പിന്നിലെ കാലുകൾ കുത്തി ഇവ എഴുന്നേറ്റു നിൽക്കും. ഇതും നാട്ടുകാരെ ഭയപ്പെടുത്തുന്നു.
ഈ ചിലന്തിയുടെ കടി കിട്ടിയാൽ വിഷമുള്ളതിനാൽ അണുബാധയ്ക്ക് സാധ്യതയുണ്ട്. ചികിത്സ തേടിയില്ലെങ്കിൽ അല്പം ഗുരുതരമാകാനും സാധ്യതയുണ്ട്. ഇതൊക്കെയാണ് നാട്ടുകാർ ഈ ചിലന്തിയെ കൊല്ലാനുള്ള കാരണം. ഇതിനൊപ്പം വികസനത്തിന്റെ പേരിൽ മരങ്ങൾ വ്യാപകമായി മുറിച്ചുമാറ്റുന്നത് ഇവയുടെ ആവാസ വ്യവസ്ഥയെ തകർക്കുകയും ചെയ്യുന്നു. ലോകത്ത് മുന്നൂറിൽ താഴെ മാത്രമേ ഈ ചിലന്തികൾ ശേഷിക്കുന്നുള്ളൂ എന്നതിനാൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ (ഐ.യു.സി.എൻ.) ചെമ്പട്ടികയിൽ ഉൾപ്പെടുത്തിയ ജീവിവർഗമാണിത്. ശ്രീലങ്കയിലെ മാന്നാറിൽ ഇവയെ കണ്ടെത്തിയതായി റിപ്പോർട്ട് ഉണ്ടെങ്കിലും ആധികാരികത സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് ഡോ. എം.ജെ. മാത്യു പറയുന്നു.
Content Highlights: keralite to research on an endangered spider