കടുവാ സെന്‍സസ് ആദ്യഘട്ടം പൂര്‍ത്തിയായി; രണ്ടാംഘട്ടം ഫെബ്രുവരിയില്‍

#എ.കെ. ജയപ്രകാശ്
മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് മേഖലയിൽ കടുവാ സെൻസസ് നടത്തുന്ന വനപാലക സംഘവും കോളേജ് വിദ്യാർഥിനികളും| കടുവ - ചിത്രം: നിഹാദ് വാജിദ്, മാതൃഭൂമി
മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് മേഖലയിൽ കടുവാ സെൻസസ് നടത്തുന്ന വനപാലക സംഘവും കോളേജ് വിദ്യാർഥിനികളും| കടുവ - ചിത്രം: നിഹാദ് വാജിദ്, മാതൃഭൂമി

കോതമംഗലം: സംസ്ഥാനത്ത് എട്ട് ദിവസത്തെ ദേശീയ കടുവാ സെന്‍സസിന്റെ ആദ്യഘട്ടം തിങ്കളാഴ്ച പൂര്‍ത്തിയായി. രണ്ടാംഘട്ടം ഫെബ്രുവരിയില്‍ നടക്കും. വനംവകുപ്പിന്റെ 36 ഡിവിഷനുകളിലെ വനമേഖലയെ 686 ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. ആദ്യഘട്ട സെന്‍സസ് മൂന്ന് ഭാഗങ്ങളായാണ് പൂര്‍ത്തീകരിച്ചത്.

ആദ്യഘട്ട സെന്‍സസില്‍ ഓരോ ബ്ലോക്കിലും നാലുപേര്‍ വീതം അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. കടുവകളെ നേരിട്ട് കണ്ടും ട്രാന്‍സെക്ട് ലൈന്‍ രീതി അവലംബിച്ചുമായിരുന്നു കണക്കെടുപ്പ്. കടുവകളെ കൂടാതെ മറ്റ് വന്യജീവികളുടേയും കണക്കുകളും ശേഖരിക്കുന്നുണ്ട്. വിവരശേഖരത്തിനായി എം സ്ട്രിപ്പ് മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിക്കുന്നുണ്ട്.

ആദ്യ മൂന്നുദിവസം കുറഞ്ഞത് അഞ്ചുകിലോമീറ്റര്‍ നടന്ന് കടുവകളെ നേരിട്ട് കണ്ടും കാല്‍പ്പാടുകളും കാഷ്ഠവും കണ്ടെത്തിയുമാണ് കണക്കെടുത്തത്.

ഓരോ ദിവസവും വനമേഖലയിലൂടെ സഞ്ചരിച്ച് ആന, കാട്ടുപോത്ത്, പുലി, കരടി, ചെന്നായ, കാട്ടുപട്ടി തുടങ്ങിയവയെ കുറിച്ചും രേഖപ്പെടുത്തി. തുടര്‍ന്നുള്ള രണ്ട് ദിവസം 2 കിലോമീറ്റര്‍ നീളത്തിലുള്ള ട്രാന്‍സെക്ട് ഒരുക്കി. ഈ നേര്‍രേഖയിലൂടെ സസ്യഭുക്കുകളുടേയും ഇര ജീവികളുടേയും സാന്നിധ്യം കണ്ടെത്തി.

അവസാന മൂന്ന് ദിവസം ട്രാന്‍സെക്ടറിലൂടെ പോയി കാഷ്ഠം, മരത്തില്‍ മാന്തിയ പാടുകള്‍ തുടങ്ങിയ കടുവാ സാന്നിധ്യം ഉറപ്പാക്കുന്ന തെളിവ് ശേഖരിച്ചു. വനപാലകരെ കൂടാതെ ദിവസവേതന വാച്ചര്‍മാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കോളേജ് വിദ്യാര്‍ഥികളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. കോട്ടയം സിസിഎഫും ഫീല്‍ഡ് ഡയറക്ടറും ആയ പി.പി. പ്രമോദ് ആണ് നോഡല്‍ ഓഫീസര്‍.

രണ്ടാംഘട്ട കണക്കെടുപ്പിന്റെ ഭാഗമായി ഫെബ്രുവരി ഒന്ന് മുതല്‍ മാര്‍ച്ച് രണ്ട് വരെ ക്യാമറ ട്രാപ്പ് സെന്‍സസ് നടത്തുമെന്ന് പി.പി. പ്രമോദ് മാതൃഭൂമിയോട് പറഞ്ഞു. ആദ്യഘട്ട സെന്‍സസില്‍ കടുവാ സാന്നിധ്യം കണ്ടെത്തിയ വനമേഖലയില്‍ രണ്ട് ചതുരശ്ര കിലോമീറ്ററിന് ഒരു ക്യാമറ വീതം സ്ഥാപിക്കും. ഇതില്‍ പതിയുന്ന ചിത്രങ്ങള്‍കൂടി അടിസ്ഥാനമാക്കിയാണ് സെന്‍സസ് പൂര്‍ത്തീകരിക്കുക.

കഴിഞ്ഞ കടുവാ സെന്‍സസില്‍ ഇന്ത്യയില്‍ 3661 കടുവകളെയാണ് കണ്ടെത്തിയത്. 213 എണ്ണം കേരളത്തിലായിരുന്നു. മലയാറ്റൂര്‍ ഡിവിഷനിലെ കരിമ്പാനി, ഇടമലയാര്‍, പെരുമുഴി, എണ്ണക്കല്‍, പൂയംകുട്ടി, ആനക്കയം എന്നീ സ്റ്റേഷനുകളിലെ ബ്ലോക്കുകള്‍ ഏറെ ദുര്‍ഘട മേഖലയാണ്.

വനത്തില്‍ താമസിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. മലയാറ്റൂര്‍ ഡിവിഷനിലെ കണക്കെടുപ്പ് ഡിഎഫഒ പി. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ്. തുണ്ടം ആര്‍എഫ്ഒ നിഖില്‍ ജെറോം ആണ് ഡിവിഷണല്‍ കോഡിനേറ്റര്‍.

Content Highlights: Kerala`s 8-day tiger census first phase is complete. The second phase, involving camera traps, will be held in February. Learn about the methodology and results.