താത്‌പര്യം കാട്ടിയില്ല; നരഭോജികടുവകളടക്കമുള്ള വന്യജീവികളുടെ സംരക്ഷണ പദ്ധതിയിൽനിന്ന് കേരളം പുറത്ത്

ന്യൂഡൽഹി: മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ വനമേഖലയ്ക്ക് പുറത്ത് വിഹരിക്കുന്ന കടുവകളടക്കമുള്ള വന്യജീവികളുടെ ശാസ്ത്രീയപരിപാലനത്തിനായുള്ള കേന്ദ്രപദ്ധതിയിൽനിന്ന് കേരളം പുറത്ത്. പദ്ധതിയിൽ വയനാട് ജില്ലയിലെ മൂന്ന് വനംഡിവിഷനുകളെ പരിഗണിച്ചിരുന്നെങ്കിലും ഇതിനെതിരേ ഉയർന്ന പരാതികളും പദ്ധതിക്കായി കേരളം മുൻകൈയെടുക്കാതിരുന്നതുമാണ് പുറത്താകാൻ കാരണം. കേരളത്തിനുപുറമേ പശ്ചിമബംഗാളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ഒരു വനംഡിവിഷന് 90 ലക്ഷം രൂപവീതം ലഭിക്കുമായിരുന്നു. ദേശീയ കടുവസംരക്ഷണ അതോറിറ്റി ആവിഷ്കരിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലെ 40 ഡിവിഷനുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ കർണാടകത്തിലെ അഞ്ചും തമിഴ്നാട്ടിലെ രണ്ടും ഡിവിഷനുകൾ ഉൾപ്പെടും. മൂന്നുവർഷത്തേക്കാണ് പദ്ധതി.
80 ഡിവിഷനുകളിലേക്കായി 88.7 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ്. ഈ വർഷം 36 കോടിയാണ് നീക്കിയിരിപ്പ്. 2022-ലെ അഖിലേന്ത്യാ കടുവ കണക്കെടുപ്പ് പ്രകാരം രാജ്യത്തെ 212 വനം ഡിവിഷനുകളിലാണ് കടുവ റിസർവുകൾക്കുപുറത്ത് കടുവകളുടെ സാന്നിധ്യമുള്ളത്.
വനമേഖലയ്ക്ക് പുറത്തിറങ്ങുന്ന മൃഗങ്ങളെ തുരത്തുന്നതിനല്ല, വളർത്തുന്നതിനാണ് പദ്ധതിയെന്ന് ആരോപിച്ച് കേരളത്തിൽ ചില സംഘടനകൾ രംഗത്തുവന്നിരുന്നു.
വന്യജീവിപ്രതിരോധ നടപടികൾക്ക് ഫണ്ടിന്റെ അഭാവം കേരളത്തിന് വെല്ലുവിളിയുയർത്തവേ, അതിന് പരിഹാരമാകാവുന്ന പദ്ധതിയാണ് തട്ടിമാറ്റപ്പെട്ടത്. കർണാടകത്തിൽ മടിക്കേരി ടെറിട്ടോറിയൽ, മടിക്കേരി വന്യജീവിസങ്കേതം, വിരാജ്പേട്ട്, മൈസൂരു വന്യജീവിസങ്കേതം, ഹുൻസൂർ ഡിവിഷനുകളും തമിഴ്നാട്ടിൽ ഗൂഡല്ലൂർ, നിലഗിരി ഡിവിഷനുകളുമാണ് പരിഗണിക്കപ്പെട്ടത്.
അതേസമയം പദ്ധതിയെപ്പറ്റി കേട്ടിരുന്നെങ്കിലും പിന്നീട് ആശയവിനിമയങ്ങളുണ്ടായിട്ടില്ലെന്ന് സംസ്ഥാന വനംമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വന്യജീവി ആക്രമണപ്രതിരോധത്തിന് ഫണ്ട് മുഖ്യഘടകമാണെന്നും ശാസ്ത്രീയപ്രതിരോധത്തിനുള്ള ഫലപ്രദമായ പദ്ധതിയായതിനാൽ കേരളം ഇതിനെ സ്വീകരിക്കുമായിരുന്നുവെന്നുമാണ് വനംമന്ത്രിയുടെ ഓഫീസിൻ്റെ അറിയിച്ചത്.
Content Highlights: Kerala excluded from central scheme for scientific management of tigers and wildlife outside forests. Find out why and the implications for wildlife protection.