മുറിച്ചുമാറ്റിയിട്ടും നശിച്ചില്ല, കാടിനുള്ളിൽ യൂക്കാലിത്തോട്ടം വളർത്തി വനംവകുപ്പ്; വനനയത്തിന് വിരുദ്ധം

കൊല്ലം: വന നയത്തിന് വിരുദ്ധമായി പശ്ചിമഘട്ട മലനിരകളിൽ യൂക്കാലിത്തോട്ടങ്ങൾ വളർത്തി വനംവകുപ്പ്. പരിസ്ഥിതി സംരക്ഷണത്തിന്റെയും വന്യജീവികളുടെ ആവാസവ്യവസ്ഥ പുനരുജ്ജീവിപ്പിക്കുന്നതിന്റെയും ഭാഗമായി യൂക്കാലിപ്റ്റസ് മരങ്ങൾ മുറിച്ചുമാറ്റിയ ഇടങ്ങളിലാണ് കുറ്റിക്കിളിർപ്പ് പരിപാലിച്ച് (കോപ്പിസിങ് രീതി) തോട്ടങ്ങളാക്കുന്നത്.
മുറിച്ച ഭാഗത്തുണ്ടാകുന്ന അഞ്ചുംആറും കിളിർപ്പുകളിൽ ആരോഗ്യമുള്ള ഒന്നോ രണ്ടോ നിലനിർത്തുന്നതാണ് ഈ രീതി. വനംവികസന കോർപ്പറേഷന്റെ(കെ.എഫ്.ഡി.സി.) പുനലൂർ ഡിവിഷനുകീഴിലെ പെരുന്തോയിൽ ആനപ്പാറയിൽ 2024-ൽ മുറിച്ചുമാറ്റിയ യൂക്കാലിത്തോട്ടം തഴച്ചുവളരുകയാണ്. ഇത്തരം തോട്ടങ്ങളിൽ ഒരു പ്രവർത്തനവും ചെയ്യുന്നില്ലെന്നാണ് ഔദ്യോഗിക രേഖകൾ.
നാച്വറൽ റീജനറേഷൻ
തൃശ്ശൂരിലെ മായന്നൂർ, ചെമ്പൻകണ്ടം, വെട്ടി, മൂന്നാറിലെ മീശപ്പുലിമല എന്നിവിടങ്ങളിലും കെ.എഫ്.ഡി.സി., ഹൈബ്രിഡ് യൂക്കാലിത്തോട്ടങ്ങൾ പരിപാലിക്കുന്നു. മാഞ്ചിയംപോലുള്ള മരങ്ങളുടെ വിത്തുകൾ വീണുകിളിർത്തും കാടിനുള്ളിൽ തോട്ടങ്ങളായി. അലിമുക്ക്-അച്ചൻ കോവിൽ പാതയിലെ കുടമുക്കിൽ ഇത്തരം തോട്ടങ്ങൾ തഴച്ചുവളർന്നിട്ടുണ്ട്. 'നാച്വറൽ റീ ജനറേഷൻ' എന്ന പേരിലാണ് പരിപാലിക്കുന്നത്.
ഭൂഗർഭജലം വൻതോതിൽ വലിച്ചെടുക്കുന്ന യൂക്കാലി, അക്കേഷ്യ തുടങ്ങിയ മരങ്ങൾ വനത്തിനുള്ളിൽ വളർത്തുന്നത് കടുത്ത വരൾച്ച യുണ്ടാക്കും. വിദേശ മരങ്ങൾക്കു പകരം നാട്ടുമരങ്ങൾ നട്ടുപിടിപ്പിക്കണമെന്നാണ് വനനയം. ഇത് നിലനിൽക്കെ, 2024-ൽ കാടിനുള്ളിൽ യൂക്കാലി നടാൻ കെ.എഫ്.ഡി.സി.ക്ക് അനുമതി നൽകി. ഇതുസംബന്ധിച്ച് മാതൃഭൂമി നൽകിയ വാർത്തയെ തുടർന്ന്, ആ തീരുമാനം സർക്കാർ പിൻവലിച്ചിരുന്നു. അതാണിപ്പോൾ വീണ്ടും വളർത്തുന്നത്.
Content Highlights: Forest Department is growing eucalyptus plantations in the Western Ghats against forest policy., The coppicing method is being used to regenerate eucalyptus trees in areas like Perunthode Anappara., Eucalyptus and acacia trees deplete groundwater and cause severe drought., Despite government withdrawal of a 2024 planting permission, these plantations are thriving under natural regeneration.