ചിത്രശലഭങ്ങൾക്ക് പ്രിയപ്പെട്ട കേരളം; പശ്ചിമഘട്ട സംസ്ഥാനങ്ങളിൽ ഏറ്റവുംകൂടുതൽ ശലഭവൈവിധ്യം കേരളത്തിൽ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo:mathrubhumi
പ്രതീകാത്മക ചിത്രം | Photo:mathrubhumi

മലപ്പുറം: പശ്ചിമഘട്ട സംസ്ഥാനങ്ങളിൽ ഏറ്റവുംകൂടുതൽ ചിത്രശലഭ വൈവിധ്യമുള്ളത് കേരളത്തിൽ. സംസ്ഥാനത്ത് 328 ചിത്രശലഭ ഇനങ്ങളുണ്ടെന്നും ഇതിൽ 41 ഇനങ്ങൾ പശ്ചിമഘട്ടങ്ങളിൽ മാത്രം കാണപ്പെടുന്നവയാണെന്നുമാണ് പുതിയ പഠനം. പശ്ചിമഘട്ടത്തിലാകെ 337 ചിത്രശലഭങ്ങളാണുള്ളത്.

‘ചിത്രശലഭങ്ങൾ: കേരളത്തിലെ തത്‌സ്ഥിതിയും വിതരണവും-2025’ എന്ന പഠനത്തിലാണ് ഈ വിവരം. ഡോ. കലേഷ് സദാശിവൻ നേതൃത്വംനൽകുന്ന ഗവേഷകസംഘമാണ് പഠനം തയ്യാറാക്കിയത്. പി.സി. സുജിത, ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, വി.സി. ബാലകൃഷ്ണൻ, കെ. ബൈജു, ഇ. കുഞ്ഞിക്കൃഷ്ണൻ, ടോംസ് അഗസ്റ്റിൻ, വിനയൻ പി. നായർ തുടങ്ങിയ പന്ത്രണ്ടോളം ഗവേഷകർ കേരളത്തിന്റെ വനങ്ങളിലും മലനിരകളിലും തീരപ്രദേശങ്ങളിലും 25 വർഷത്തിലധികമായി നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങൾ ശാസ്ത്ര ജേണലായ എന്റോമോൺ പ്രസിദ്ധീകരിച്ചു.

ആറു കുടുംബങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ വൈവിധ്യത്തിൽ രോമപാദ ചിത്രശലഭങ്ങൾ (97), നീലി ചിത്രശലഭങ്ങൾ (96), തുള്ളൻ ചിത്രശലഭങ്ങൾ (82) എന്നിവയാണ് പ്രധാനമായുമുള്ളത്. ഇതിനുപുറമെ കിളിവാലൻ, പീതശ്വേത, ആട്ടക്കാരൻ ചിത്രശലഭങ്ങളുടെ സാന്നിധ്യവും സംസ്ഥാനത്തുണ്ട്. 70 ഇനങ്ങൾ ഇന്ത്യൻ വന്യജീവി സംരക്ഷണനിയമം (1972) പ്രകാരം ഷെഡ്യൂൾ ഒന്നിലെ ഏറ്റവും ഉയർന്ന സംരക്ഷണനില വിഭാഗത്തിലും ബാക്കി ഷെഡ്യൂൾ രണ്ടിലുമാണ്.

ദേശാടനക്കാരുടെ ഇഷ്ടനാട്

കാലാവസ്ഥാ മാറ്റവും സസ്യലഭ്യതയിലെ കുറവും കൊണ്ട് നൂറുകണക്കിനു കിലോമീറ്ററുകൾ സഞ്ചരിച്ച് ഇഷ്ടസ്ഥലം തേടിപ്പോകുന്ന ശലഭങ്ങൾക്കും പ്രിയം കേരളത്തോട്. 36 ചിത്രശലഭങ്ങൾ കേരളത്തിലെ സ്ഥിരം സന്ദർശകരാണ്. കാലാനുസൃത ചിത്രശലഭസഞ്ചാരങ്ങൾക്ക് കേരളം ഇടവഴിയാകുന്നതിന്റെ സൂചനയാണിത്. 

കേരളത്തിലെ 22 ശലഭങ്ങൾ വംശനാശഭീഷണി നേരിടുന്നു. കേരളത്തിലെ ജൈവവൈവിധ്യം കാടുകളിൽമാത്രം ഒതുങ്ങുന്നില്ല. പുൽമേടുകൾ, നെൽവയലുകൾ, റബ്ബർ-തേയില തോട്ടങ്ങൾ, കായലുകൾ, ഉയർന്ന മലനിരകൾ എന്നിവയെല്ലാം ചിത്രശലഭങ്ങൾക്ക് ആവാസവ്യവസ്ഥയൊരുക്കുന്നു. ലാർവ ഘട്ടത്തിൽ ചിത്രശലഭങ്ങൾ ആശ്രയിക്കുന്ന 1800-ലധികം സസ്യങ്ങളെക്കുറിച്ചും പഠനത്തിലുണ്ട്. ഇതുവരെ ഒരേ ഇനമായി കണക്കാക്കിയ പളനി ചോലത്തെയ്യൻ, നീലഗിരി ചോലത്തെയ്യൻ, ടൈൽഡ് പാം ഫ്ലൈ (ഓലണ്ടൻ), കോമൺ പാം ഫ്ലൈ, ഡബിൾ ബാൻഡഡ് ജൂഡി, ലങ്കൻ പ്ലം ജൂഡി എന്നിവയും വ്യത്യസ്ത ഇനങ്ങളാണെന്ന് ഗവേഷണം സ്ഥിരീകരിച്ചു.

കേരളത്തിൽ കണ്ടെത്തിയ പുതിയ ഉപ ഇനമായ സഹ്യാദ്രി സ്പൊട്ടേഡ് റോയൽ (പൊട്ടുനീലാംബരി) എന്ന ശലഭത്തിന് പ്രശസ്ത പ്രകൃതിപ്രവർത്തകനും വന്യജീവി സിനിമാസംവിധായകനുമായ സുരേഷ് ഏലമണിൻ്റെ പേരും നൽകി. 'റ്റേ ജുറിയ മക്‌ലാറ്റ സുരേഷി' എന്നാണത്.

Content Highlights: Discover Kerala`s rich butterfly diversity, with 328 species found. Learn about endangered species, migratory patterns, and unique habitats in this Western Ghats biodiversity hotspot.