പുൽക്കുരുവി മുതൽ മലബാർ ഇംപീരിയല്‍ പീജിയന്‍ വരെ; റാണിപുരത്തെ സർവേയിൽ കണ്ടെത്തിയത് 97 ഇനം പക്ഷികളെ

റാണിപുരം വനമേഖലയിൽ സർവേസംഘം പക്ഷിനിരീക്ഷണം നടത്തുന്നു
റാണിപുരം വനമേഖലയിൽ സർവേസംഘം പക്ഷിനിരീക്ഷണം നടത്തുന്നു

രാജപുരം(കാസര്‍കോട്): കാടിന്റെ സ്പന്ദനമറിഞ്ഞ് മൂന്ന് സംഘങ്ങളായി രണ്ടുനാള്‍ നീണ്ട തിരച്ചില്‍. കാസര്‍കോട് ജില്ലയില്‍ അപൂര്‍വമായി കാണപ്പെടുന്ന പുല്‍ക്കുരുവിയടക്കം 97 ഇനം പക്ഷികളെ കണ്ടെത്തി റാണിപുരം വനമേഖലയില്‍ നടത്തിയ പക്ഷിസര്‍വേ. പക്ഷികളെക്കുറിച്ച് ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുന്ന ഇ-ബേര്‍ഡ് രേഖകള്‍ പ്രകാരം ജില്ലയില്‍ രണ്ടാമത്തെ തവണയാണ് പുല്‍ക്കുരുവിയെ കണ്ടെത്തുന്നത്.

വനംവകുപ്പും റാണിപുരം വനസംരക്ഷണസമിതിയും കാസര്‍കോട് ബേഡേഴ്സ് കൂട്ടായ്മയുമായി സഹകരിച്ച് നടത്തിയ സര്‍വേയിലാണ് വിവിധയിനത്തിലുള്ള പക്ഷികളെ റാണിപുരത്ത് കണ്ടെത്തിയത്. തുടര്‍ച്ചയായ അഞ്ചാംവര്‍ഷമാണ് റാണിപുരത്ത് പക്ഷിസര്‍വേ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സര്‍വേയിലൂടെ 120-ലധികം ഇനം പക്ഷികളെ കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ വര്‍ഷം സര്‍വേ നടക്കുന്ന സമയത്താണ് റാണിപുരം മാനിമലയില്‍ തീപ്പിടിത്തമുണ്ടായത്. അതോടെ, നിരീക്ഷണസമയത്തില്‍ കുറവ് വരുത്തിയതും തീ ഭയന്ന് പക്ഷികള്‍ സുരക്ഷിതമേഖലയിലേക്ക് മാറിയതുമാകാം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവ് വരാന്‍ കാരണമായതെന്ന് കരുതുന്നു.

പുല്‍ക്കുരുവിയെ കൂടാതെ ഇന്ത്യന്‍ ബ്ലൂറോബിന്‍, ചെമ്പന്‍ എറിയാന്‍, കൊല്ലിക്കുറവന്‍, ചെങ്കുയില്‍, മുത്തുപ്പിള്ള, കരിമ്പരുന്ത്, മലമ്പുള്ള്, വെള്ളി എറിയാന്‍, കാട്ടുരാച്ചുക്ക്, മരതകപ്രാവ്, ചാരവരിയന്‍ പ്രാവ്, മലബാര്‍ ഇംപീരിയല്‍ പീജിയന്‍ തുടങ്ങിയ അപൂര്‍വ പക്ഷികളെയടക്കമാണ് സര്‍വേയില്‍ കണ്ടെത്താനായത്. 10 പേര്‍ വീതമടങ്ങുന്ന മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു നിരീക്ഷണം.

ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫ്, കാഞ്ഞങ്ങാട് റേഞ്ച് ഓഫിസര്‍ കെ.രാഹുല്‍ എന്നിവര്‍ സര്‍വേയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.സേസപ്പ, വനസംരക്ഷണസമിതി സെക്രട്ടറി വിമല്‍രാജ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ പ്രകാശന്‍, എ.കെ.ഷിഹാബുദീന്‍, വിഷ്ണു കൃഷ്ണന്‍, ജി.സൗമ്യ, കെ.ജിത്തു, വാച്ചര്‍ എങ്കാപ്പു, കാസര്‍കോട് ബേഡേഴ്സ് പ്രവര്‍ത്തകരായ ശ്യാംകുമാര്‍ പുറവങ്കര, സി.ശ്രീകാന്ത്, ഹരീഷ് ബാബു, ഹരിഹരന്‍, കെ.ടി.സന്തോഷ് പനയാല്‍, ശ്രീലാല്‍ കെ.മോഹന്‍ എന്നിവര്‍ സര്‍വേയില്‍ പങ്കെടുത്തു.

Content Highlights: kasargod ranipuram bird survey