കല്ലൂര്‍ ബാലന്‍; ഓര്‍മ്മയാവുന്നത് പച്ചപ്പിന്റെ കാവലാള്‍

പാലക്കാട്: പച്ചലുങ്കിയും ടീ ഷര്‍ട്ടും. നീട്ടിവളര്‍ത്തിയ താടി, അനുസരണയില്ലാത്ത മുടി, തലയില്‍ പച്ചറിബണ്‍കൊണ്ട് ബാലചന്ദ്രമേനോന്‍സ്‌റ്റൈലില്‍ ഒരു കെട്ടും. പരിചയമുള്ളവരെക്കണ്ടാല്‍ തുറന്നചിരി. പ്രായത്തില്‍ക്കുറഞ്ഞവരെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കും. കരിമ്പനയെക്കുറിച്ചും മരങ്ങളെക്കുറിച്ചും പറഞ്ഞുതുടങ്ങിയാല്‍ സംസാരത്തില്‍ ആവേശം കയറും.... വൃക്ഷത്തൈകള്‍ നടാന്‍ ആരുവിളിച്ചാലും കൂടെപ്പോവും.
മരംനട്ടാല്‍ എല്ലാമായെന്ന് കരുതുന്നയാളായിരുന്നില്ല കല്ലൂര്‍ ബാലന്‍. നട്ട തൈകള്‍ക്കടുത്തേക്ക് ഇടയ്‌ക്കെത്തും. കുറച്ച് വെള്ളമൊഴിക്കും. പിന്നെ നടാന്‍ വിളിച്ചവരെ ഓര്‍മ്മിപ്പിക്കും. 'കുട്ട്യോളെ, മരംനടല്‍ മാത്രമല്ല കാര്യം. നട്ടമരങ്ങള്‍ നന്നായി വളരുന്നുണ്ടെന്ന് ഉറപ്പാക്കണം...' നാട്ടുവഴിയോരങ്ങളില്‍ ആലും വേപ്പും തരിശിടങ്ങളില്‍ കരിമ്പനവിത്തും പാകിവളര്‍ത്തി. മരവും മണ്ണും ജീവിതത്തെ മുന്നോട്ടുനയിക്കുന്നതുപോലെ ലഹരി സര്‍വവും തകര്‍ക്കുമെന്നും പറഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്ക് യോഗയെക്കുറിച്ചും ധ്യാനത്തെക്കുറിച്ചും കുട്ടികളോടും മുതിര്‍ന്നവരോടും പറഞ്ഞു. അവ ജീവിതത്തിന്റെ ഭാഗമാക്കി.... പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടുവഴിക്കല്ലാത്തയാളായിരുന്നു തിങ്കളാഴ്ച അന്തരിച്ച കല്ലൂര്‍ ബാലന്‍ എന്ന കല്ലൂര്‍ പുന്നക്കുറുശ്ശി അരങ്ങാട്ടില്‍ വേലു ബാലകൃഷ്ണന്‍.
കല്ലൂരിലെ വീടിന്റെ മുറ്റത്തുനിന്ന് നേരെ കാണുക അയ്യര്‍മലയാണ്. വീട്ടിനുപിന്നില്‍ ചൂടിയന്‍മലയും. ഈ രണ്ട് മലകള്‍ക്കിടയ്ക്ക് ജീവിതം മുന്നോട്ടുനയിച്ച കല്ലൂര്‍ ബാലന്‍ പരിസ്ഥിതിയാണ് സ്വാസ്ഥ്യം എന്ന് ജീവിച്ചുകാണിച്ചുകൊടുക്കയായിരുന്നു.
ചെത്തുകാരനായിരുന്നു അച്ഛന്‍. കള്ളുഷാപ്പും നടത്തിയിരുന്നു. കേരളശ്ശേരി സ്‌കൂളില്‍ പത്താംക്ലാസ് കഴിഞ്ഞ് അച്ഛനൊപ്പം പണിക്കുകൂടി. ഇടയ്ക്ക് വനംവകുപ്പില്‍ ചേരാനുള്ള അവസരം കിട്ടിയെങ്കിലും പോവാനായില്ലെന്ന് അദ്ദേഹം ഖേദപൂര്‍വം ഓര്‍ക്കുമായിരുന്നു.
ചുണ്ണാമ്പുചൂള, വളംഡിപ്പോ, നെല്ല് ഏജന്റ്, പത്ര ഏജന്റ്, തേങ്ങ-കൊപ്ര കച്ചവടം, തുടങ്ങി കല്ലൂര്‍ ബാലന്‍ കൈവെക്കാത്ത മേഖലകളില്ല. തേങ്ങക്കച്ചവടക്കാരനായിരിക്കെയാണ് പ്രകൃതി മനസ്സില്‍ക്കയറിയത്. ഒരു ഉള്‍വിളി പോലെ മരങ്ങള്‍ നട്ടുപിടിപ്പിച്ചുതുടങ്ങി. മരങ്ങള്‍ കൂടിയാലേ ചൂട് കുറയൂ എന്ന് കേരളം തിരിച്ചറിയുംമുമ്പേ കല്ലൂര്‍ ബാലന്‍ കരിമ്പനയും ആലും വേപ്പും നട്ടുതുടങ്ങിയിരുന്നു. മലമ്പുഴ ആര്‍.ബി.സി. കനാലിന്റെ വശങ്ങളിലും ചൂടിയന്‍മലയിലുമെല്ലാം തൈകള്‍ നട്ടുപിടിപ്പിച്ചു.
സ്വന്തം ബൈക്കില്‍ ചെടികളും കൈക്കോട്ടും കമ്പിപ്പാരയുമായിട്ടായിരുന്നു ആദ്യകാലങ്ങളില്‍ ചെടിനടാന്‍ യാത്ര. ഭാരതപ്പുഴയോരത്ത് മുളംതൈകള്‍ നട്ടിരുന്നു. ഡി.എഫ്.ഒ.ആയിരുന്ന ബാബു ബോണവെഞ്ച്വര്‍ ഇടക്കാലത്ത് വനംവകുപ്പില്‍ താത്കാലിക ജീവനക്കാരനായി നിയോഗിച്ചു. അയ്യായിരം രൂപയായിരുന്നു മാസം പ്രതിഫലം. അരലക്ഷത്തോളം തൈകള്‍ അദ്ദേഹത്തിനൊപ്പംനടന്ന് നട്ടു. ആ വര്‍ഷം വനംവകുപ്പിന്റെ പുരസ്‌കാരവും പാലക്കാട് ജില്ലയ്ക്കായിരുന്നു.
ബോണവെഞ്ച്വര്‍ മരംബാലനെന്ന് വളരെ സ്‌നേഹത്തോടെ വിളിച്ചിരുന്നു. ബാലന്റെ മരത്തോടുള്ള ഇഷ്ടം ഹ്രസ്വചിത്രങ്ങളായും ഡോക്യുമെന്ററികളായും പ്രകൃതിസ്‌നേഹികള്‍ ആഘോഷിച്ചു. മരംനടാനുള്ള ബാലന്റെ യാത്രയറിഞ്ഞ് മഞ്ചേരിയിലെ പരിസ്ഥിതി സ്‌നേഹികള്‍ ഒരു ജീപ്പ് സമ്മാനിച്ചു. പിന്നീട് ഡോ. സിദ്ദിഖ് അഹമ്മദ് നേതൃത്വം നല്‍കുന്ന ഇറാം ഗ്രൂപ്പ് ജീപ്പും പക്ഷികള്‍ക്കുംമറ്റും വെള്ളമെത്തിക്കാനുള്ള സൗകര്യത്തോടെയുള്ള വാഹനവും നല്‍കി. ആ ജീപ്പ് നിറയെ തൈകളുമായി നാട്ടിടവഴികളിലൂടെ ഓടി. വൃക്ഷങ്ങള്‍ കഴിഞ്ഞാല്‍ കല്ലൂര്‍ബാലന് ഇഷ്ടം നാടകങ്ങളോടായിരുന്നു. കല്ലൂര്‍ കലാസാംസ്‌കാരികസംഘടന അക്കാലത്ത് അരങ്ങേറിയ നാടകങ്ങളില്‍ പലതിലും വേഷമിടുകയും ചെയ്തു.
Content Highlights: kallur Balan, a Palakkad resident, dedicated his life to planting trees