ഗ്രേറ്റ് നികോബാർ പദ്ധതി പരിസ്ഥിതി ദുരന്തത്തിനുള്ള വഴി; പ്രതിരോധമന്ത്രിക്ക് കത്തെഴുതി ജയറാം രമേഷ്

ന്യൂഡൽഹി: ഗ്രേറ്റ് നികോബാർ പദ്ധതി പാരിസ്ഥിതിക ദുരന്തത്തിന് വഴിയൊരുക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്. പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങിന് അദ്ദേഹം കത്തയച്ചു.
രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിൽ തർക്കമില്ല. എന്നാൽ പരിസ്ഥിതിക്ക് കുറഞ്ഞ നാശം വരുത്തുന്ന പ്രതിരോധസൗകര്യം വികസിപ്പിക്കാനുള്ള മറ്റു മാർഗങ്ങൾ പരിഗണിക്കണം- കത്തിൽ ആവശ്യപ്പെട്ടു.
ഗ്രേറ്റ് നികോബാറിലെ കാംപ്‌ബെൽ ബേയിലുള്ള ഐ.എൻ.എസ്. ബാസ് 2012 ജൂലായിൽ കമ്മിഷൻ ചെയ്തതാണ്. നിലവിലെ റൺവേയുടെ നീളം മൂന്നിരട്ടിയാക്കുന്നതിനും നാവിക ജെട്ടി നിർമിക്കുന്നതിനുമുള്ള പദ്ധതികൾക്ക് അഞ്ചു വർഷത്തിലേറെയായി അനുമതി ലഭിച്ചിട്ടില്ല. ഈ വികസനപദ്ധതികൾക്ക് പാരിസ്ഥിതികാഘാതം കുറവായിരിക്കുമെന്ന് രമേഷ് അഭിപ്രായപ്പെട്ടു.
മറ്റു സൈനിക കേന്ദ്രങ്ങളും കാർ നികോബാർ വ്യോമസേനാ നിലയവും പാരിസ്ഥിതികാഘാതം കുറച്ച് വികസിപ്പിക്കാമെന്ന് അദ്ദേഹം നിർദേശിച്ചു.
ഗ്രേറ്റ് നികോബാർ പദ്ധതിയിലെ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖവും ടൗൺഷിപ്പും രാജ്യത്തിന്റെ സൈനിക ശേഷി വർധിപ്പിക്കില്ല. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവ ന്യായീകരിക്കപ്പെടുന്നതെന്ന് രമേഷ് കുറ്റപ്പെടുത്തി. പരിസ്ഥിതി അനുമതികൾ ’സംശയാസ്പദമായി’ നൽകിയതാണെന്നും വനാവകാശ നിയമപ്രകാരം ആദിവാസി സമൂഹങ്ങൾക്കു ലഭിക്കേണ്ട അവകാശങ്ങൾ ലംഘിക്കപ്പെട്ടതായും ചൂണ്ടിക്കാട്ടി ജയറാം രമേഷ് നേരത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രിക്കും കത്തയച്ചിരുന്നു.
Content Highlights: Jairam Ramesh highlights severe ecological risks of the Great Nicobar development project., Concerns raised regarding the potential violation of tribal rights under the Forest Rights Act., Proposal to prioritize low-impact defense infrastructure over large-scale commercial expansion., Criticism of the transshipment port and township justification for military security.