മഞ്ഞക്കൊന്നയെ നശിപ്പിക്കാന്‍ ഈ പെണ്‍പ്രാണി സഹായിക്കും; ഫംഗസ് മരത്തിലാകെ പടര്‍ത്തും, ഉണങ്ങിനശിച്ചോളും

പത്തനംതിട്ട: വനത്തിലെ പച്ചപ്പിനെ ഇല്ലാതാക്കി വളരുന്ന മഞ്ഞക്കൊന്നയെ നശിപ്പിക്കുന്ന പ്രാണിയെ ശാസ്ത്രസംഘം തിരിച്ചറിഞ്ഞു. കേരള വനഗവേഷണ സ്ഥാപനത്തിലെ (കെ.എഫ്.ആർ.ഐ.) നോഡൽ സെന്റർ ഫോർ ബയോളജിക്കൽ ഇൻവേഷൻസിനെ ഏകോപിപ്പിക്കുന്ന ചീഫ് സയന്റിസ്റ്റ് ഡോ. ടി.വി. സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിനുപിന്നിൽ.
ഐലൻഡ് പിൻഹോൾ ബോറർ (സൈലോ ബോറസ് പെർഫോറൻസ്) എന്ന പ്രാണിയാണ് സെന്ന സ്പെക്ടാബിലിസ് എന്ന മഞ്ഞക്കൊന്നയുടെ അന്തകനാവുമെന്ന പ്രതീക്ഷയുള്ളത്. അധിനിവേശ സസ്യമായ ഇതിന്റെ നിർമാർജനത്തിന് വനംവകുപ്പ് കോടികൾ ചെലവാക്കിയിട്ടും ഫലം കണ്ടിരുന്നില്ല.
അടിക്കാട് പൂർണമായും ഇല്ലാതാക്കി ജൈവമണ്ഡലത്തെ സെന്ന തകർക്കുന്നത്, വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നതിന്റെ കാരണങ്ങളിലൊന്നായി മാറിയിരുന്നു. പ്രാണിയുടെ ആക്രമണത്തിൽ വയനാട് മുത്തങ്ങ റേഞ്ചിലെ തകരപ്പാടി വനമേഖലയിൽ ഉണങ്ങിത്തുടങ്ങിയ മഞ്ഞക്കൊന്നകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാപകമായി മരങ്ങളുടെ നാശം തുടങ്ങിയെന്നും കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രാണികൾ പടരുന്നുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു.
രക്ഷകരാവുന്നത് പെൺപ്രാണികൾ
സെന്നയുടെ തടിതുരന്ന് ഉള്ളിൽകയറി മുട്ടയിടുന്ന പെൺപ്രാണികളാണ് മരത്തെ അന്ത്യത്തിലേക്ക് നയിക്കുന്നത്. മുട്ടയിടുന്നതിനൊപ്പം ശരീരത്തിലുള്ള ഒരുതരം പൂപ്പൽ (ഫംഗസ്) മരമാകെ പടർത്തും. ഈ ഫംഗസ്, മരത്തെ ആഹാരമാക്കുന്നതോടെ മരം ഉണങ്ങിത്തുടങ്ങും.
രണ്ടു മില്ലീമീറ്റർ നീളമുള്ള പ്രാണിയുടെ ജീവിതകാലം 16-18 ദിവസമാണ്. ഇതിനിടയ്ക്ക് വലിയതോതിൽ മരങ്ങളെ ‘കീഴ്‌പ്പെടുത്തും’. മുട്ടവിരിഞ്ഞുള്ള വംശവർധന കൂടുന്നതിനാൽ സമീപത്തെ സെന്ന മരങ്ങളും ആക്രമണത്തിനിരയാകും.
തകരപ്പാടിയിൽ സെന്നമരങ്ങൾ ഉണങ്ങുന്നെന്ന വിവരം കിട്ടിയതിനെത്തുടർന്നാണ് ഡോ. ടി.വി. സജീവും സംഘവുമെത്തി സാംപിൾ ശേഖരിച്ചത്. ഇരിങ്ങാലക്കുട സെയ്‌ന്റ് ജോസഫ് കോളേജിലെ ബയോടെക്നോളജി പി.ജി. വിദ്യാർഥിനി എം.എസ്. ആതിരയാണ് ഡി.എൻ.എ. വേർതിരിച്ചുള്ള പരിശോധന നടത്തിയത്.
Content Highlights: insect which destroys senna plant have been found