ക്യാമറയുമായി അവര്‍ യാത്ര നടത്തി.. ഉരുകിത്തീരുന്ന ഉത്തരധ്രുവത്തിന്റെ കണ്ണീരറിയാന്‍

#ടി. സൗമ്യ
1, ഉത്തരധ്രുവത്തിലെത്തിയ പരിസ്ഥിതപ്രവര്‍ത്തകരായ വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ സംഘം. 2, ഡോ. പി.വി. മോഹനന്‍ ഉത്തരധ്രുവത്തില്‍നിന്ന് പകര്‍ത്തിയ ചിത്രം.
1, ഉത്തരധ്രുവത്തിലെത്തിയ പരിസ്ഥിതപ്രവര്‍ത്തകരായ വന്യജീവി ഫോട്ടോഗ്രാഫര്‍മാരുടെ സംഘം. 2, ഡോ. പി.വി. മോഹനന്‍ ഉത്തരധ്രുവത്തില്‍നിന്ന് പകര്‍ത്തിയ ചിത്രം.

കണ്ണൂര്‍: ക്യാമറയുമായി അവര്‍ 12 പേരും ഒരു യാത്ര നടത്തി. വിനോദയാത്രയല്ല.. ഉരുകിത്തീരുന്ന ഉത്തരധ്രുവത്തിന്റെ കണ്ണീരും സൗന്ദര്യവും ക്യാമറക്കണ്ണിലൂടെ ജനങ്ങളിലേക്കെത്തിച്ച് ബോധവത്കരണം നടത്താന്‍. ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള 12 പരിസ്ഥിതിപ്രവര്‍ത്തകരായ വന്യജീവി ഫോട്ടോഗ്രാഫര്‍മാരാണ് ഉത്തരധ്രുവത്തിലേക്ക് (ആര്‍ട്ടിക്) മൂന്നാഴ്ച നീണ്ട യാത്ര നടത്തിയത്. ഇതില്‍ ഏഴുപേര്‍ മലയാളികളാണ്.

പരിസ്ഥിതിപ്രവര്‍ത്തകനും ഖത്തര്‍ സര്‍ക്കാരിന്റെ മുന്‍ പരിസ്ഥിതി ഉപദേഷ്ടാവുമായിരുന്ന ദിലീപ് അന്തിക്കാടായിരുന്നു സംഘത്തലവന്‍. കണ്ണൂരില്‍നിന്നുള്ള ഡോ. പി.വി. മോഹനന്‍, പി. മധു, ജി. വിഷ്ണു (ഇരുവരും ഖത്തര്‍), രമ്യ വാരിയര്‍ (കെനിയ), എം. ജിതേഷ് (സൗദി), സി. ഹസീബ് (ഉസ്ബെക്കിസ്താന്‍) എന്നിവരാണ് ബാക്കിയുള്ള മലയാളികള്‍. രമ്യയടക്കം അഞ്ച് വനിതകള്‍ സംഘത്തിലുണ്ട്.

നവമാധ്യമങ്ങളിലൂടെയും മറ്റും അവിടെ കണ്ട കാഴ്ചകളും ആര്‍ട്ടിക്കിലെ ചൂട് കൂടുന്നത് തടയാനായുള്ള ബോധവത്കരണവും നടത്താനൊരുങ്ങുകയാണ് സംഘാംഗങ്ങള്‍. ബോധവത്കരണത്തിനായി പുസ്തകം എഴുതാന്‍ ഒരുങ്ങുകയാണ് ഡോ. മോഹനന്‍. കഴിഞ്ഞ ദിവസമാണ് ഇവര്‍ തിരിച്ചെത്തിയത്.

ഇടിയുന്ന മഞ്ഞുമലകള്‍

കപ്പലിലുള്ള യാത്രയ്ക്കിടെ വലിയ ഇരമ്പലോടെ പലഭാഗത്തുനിന്നും മഞ്ഞുമലകള്‍ ഇടിയുന്ന കാഴ്ച ആശങ്കയുളവാക്കുന്നതാണെന്ന് സംഘാംഗങ്ങള്‍ പറയുന്നു. നൂറ്റാണ്ടുകള്‍കൊണ്ട് രൂപം കൊണ്ട മഞ്ഞുമലകള്‍ പോലും ഇടിഞ്ഞുകൊണ്ടിരിക്കുന്ന കാഴ്ച കാണാനിടയായി. ഇടിയുന്ന ശബ്ദവും അവ വെള്ളത്തിലുണ്ടാക്കുന്ന ഓളവും അനുഭവിച്ചറിഞ്ഞായിരുന്നു യാത്ര. ആഗോളതാപനത്തിന്റെ ഭയനാക ഫലമാണിത്. അതേസമയം, ഒരു ഭാഗത്ത് ഉത്തരധ്രുവത്തിന്റെ മോഹിപ്പിക്കുന്ന കാഴ്ചകളും പകര്‍ത്താനായി.

ഒന്നരവര്‍ഷം നീണ്ട തയ്യാറെടുപ്പ്

സംഘാംഗങ്ങളെത്തിയ ദിവസങ്ങളിലെ താപനില പൂജ്യത്തെക്കാള്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ താഴെയായിരുന്നു. ഒന്നരവര്‍ഷം മുന്‍പ് കനത്ത തണുപ്പിനെ പ്രതിരോധിക്കാനും മറ്റുമായുള്ള യാത്രാ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോ വരെയും അവിടെ നിന്ന് ലോങ്ഇയര്‍ബൈനിലേക്കും വിമാനയാത്രയായിരുന്നു. പിന്നീട് ഉത്തരധ്രുവത്തിലേക്ക് കപ്പലിലായിരുന്ന യാത്ര. 12 ദിവസത്തോളമായിരുന്നു കപ്പല്‍ യാത്ര. കപ്പലിന് പോകാനാവാത്ത ഉള്‍പ്രദേശങ്ങളിലേക്ക് റബ്ബര്‍ ബോട്ടുകളിലും യാത്രചെയ്തു. ആര്‍ട്ടിക്കിലെ ഇന്ത്യന്‍ ഗവേഷകരുടെ സ്ഥാപനവും കണ്ടായിരുന്നു മടക്കം.

Content Highlights: indian wildlife photographers visits arctic region to collect photographs for awareness programs