സസ്യ ജനിതകവിഭവങ്ങൾക്കുള്ള അന്താരാഷ്ട്ര ഉടമ്പടി; വിത്തു ബില്ലിൽ ആശങ്കയറിയിച്ച് ഇന്ത്യൻ കർഷകർ

ന്യൂഡൽഹി: പുതിയ വിത്തു ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചതിനുപിന്നാലെ, ഭക്ഷ്യ-കാർഷിക മേഖലയിലെ സസ്യ ജനിതകവിഭവങ്ങൾക്കുള്ള അന്താരാഷ്ട്ര ഉടമ്പടി വിപുലമാക്കാനുള്ള നീക്കത്തിൽ ആശങ്കയറിയിച്ച് ഇന്ത്യൻ കർഷകർ.
ഇന്ത്യൻ കാർഷികമേഖലയിലെ ജനിതകവിഭവങ്ങൾ അന്താരാഷ്ട്ര വിത്തുകമ്പനികൾക്ക് തുറന്നുകൊടുക്കാൻ വഴിയൊരുക്കുന്ന നീക്കമാണിതെന്ന് ആരോപിച്ച് കർഷകരും കൃഷിശാസ്ത്രജ്ഞരും കാർഷികമേഖലയിലെ വിദഗ്‌ധരും കേന്ദ്രസർക്കാരിനെ സമീപിച്ചു. നീക്കം തള്ളണമെന്ന് പ്രധാനമന്ത്രിക്കും കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനും കത്തുനൽകി.
നിലവിൽ 64 ജനിതക വിളകളാണ് ഉടമ്പടിയുടെ ഭാഗമായുള്ളത്.ഭക്ഷ്യ-കാർഷിക മേഖലയിലെ സസ്യ ജനിതക വിഭവങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയായ ഐടിപിജിആർഎഫ്എ 2004-ലാണ് പ്രാവർത്തികമായത്.
വിഭവങ്ങളുടെ തുല്യവും നീതിയുക്തവുമായ വിതരണം അംഗരാജ്യങ്ങൾക്കെല്ലാം ഉറപ്പാക്കണം എന്നതാണ് വ്യവസ്ഥ. ഇന്ത്യയുൾപ്പെടെ 155 രാജ്യങ്ങൾ ഉടമ്പടിയിൽ അംഗങ്ങളാണ്. 11-ാം ഗവേണിങ് ബോഡി യോഗം അടുത്തയാഴ്ച പെറുവിലെ ലിമയിൽ ചേരാനിരിക്കുകയാണ്.
അലയൻസ് ഫോർ സസ്റ്റെയ്‌നബിൾ ആൻഡ് ഹോളിസ്റ്റിക് അഗ്രിക്കൾച്ചർ, കിസാൻ സ്വരാജ്, രാഷ്ട്രീയ കിസാൻ മഹാസംഘ്, ഭാരത് ബീജ് സ്വരാജ് മഞ്ച്, ജനിതക വൈവിധ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർ എന്നിവരാണ് എതിർപ്പുമായെത്തിയത്.
Content Highlights: Indian farmers express concern over the new Seed Bill draft and expansion of an international treaty, fearing it may open up genetic resources to global seed companies.