‘പ്രോജക്ട് ചീറ്റ’ പദ്ധതി വിജയത്തിലേക്ക്; ഇന്ത്യയിൽ ചീറ്റകൾ 39 ആയി, എട്ടെണ്ണം കുനോയിൽ തുറന്നുവിടും

#സ്വന്തം ലേഖകൻ
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ 'ഗാമിനി' എന്ന ചീറ്റ  | Photo: @byadavbjp/X via PTI Photo
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ 'ഗാമിനി' എന്ന ചീറ്റ | Photo: @byadavbjp/X via PTI Photo

ന്യൂഡൽഹി: വംശനാശത്തെത്തുടർന്ന് 1952-ൽ ഇന്ത്യയിൽ ഇല്ലാതായ ചീറ്റകളെ തിരിച്ചുകൊണ്ടുവരാനുള്ള ‘പ്രോജക്ട് ചീറ്റ’ പദ്ധതി വിജയത്തിലേക്ക്. രാജ്യത്ത് ചീറ്റകളുടെ എണ്ണം 39 ആയി. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ഗാമിനി എന്ന ചീറ്റ വെള്ളിയാഴ്ച ഒരു കുഞ്ഞിന് ജന്മം നൽകിയതോടെയാണിത്.

2022-ൽ നമീബിയയിൽനിന്ന് എട്ടു ചീറ്റകളെ എത്തിച്ച് തുടങ്ങിയതാണ് പദ്ധതി. ബോട്‌സ്വാനയിൽനിന്ന് എട്ടു ചീറ്റകളെക്കൂടി വെള്ളിയാഴ്ച എത്തിച്ചിട്ടുണ്ട്. ഇവയെ ശനിയാഴ്ച മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിടും.

നമീബിയയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിൽ 2022 സെപ്റ്റംബർ 17-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഔദ്യോഗികമായി തുറന്നുവിട്ടത്. 2032-ഓടെ ഇന്ത്യയിൽ ചീറ്റകളുടെ എണ്ണം 70 എങ്കിലും ആക്കുകയാണ് ലക്ഷ്യമെന്ന് പരിസ്ഥിതി മന്ത്രാലയവൃത്തങ്ങൾ സൂചിപ്പിച്ചു.

സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ പഞ്ചാബ് മുതൽ തിരുനെൽവേലി വരെയും ഗുജറാത്ത്, രാജസ്ഥാൻ, പശ്ചിമബംഗാൾ തുടങ്ങിയ ഇടങ്ങളിലും ചീറ്റകളുണ്ടായിരുന്നു. എന്നാൽ, ക്രമേണ അപ്രത്യക്ഷമാകാൻ തുടങ്ങിയ ഇവയെ രാജ്യത്ത് ഏറ്റവും അവസാനം കണ്ടത് 1947-ൽ ഛത്തീസ്ഗഢിലെ കോരിയ ജില്ലയിലെ സാൽവനമേഖലയിലാണ്. 1952-ഓടെയാണ് ഇവ ഇന്ത്യയിൽനിന്ന് പൂർണമായി പ്രത്യക്ഷമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Content Highlights: Project Cheetah Milestone: India’s Cheetah Count Climbs to 39 After New Cub Birth