പ്രൊജക്ട് ചീറ്റ അടുത്ത ഘട്ടത്തിലേക്ക്; ബോട്സ്വാനയിൽനിന്നുള്ള എട്ട് ചീറ്റകളെ ഇന്ത്യക്ക് കൈമാറാൻ ധാരണയായി

#ന്യൂസ് ഡെസ്ക്
ബോട്സ്വാനയിൽ ചീറ്റകളെ ക്വാറന്റൈൻ കേന്ദ്രത്തിൽ തുറന്നുവിടുന്നു, രാഷ്ട്രപതി ദ്രൗപതി മുർമുവും സംഘവും സമീപം | Photo:X/byadavbjp
ബോട്സ്വാനയിൽ ചീറ്റകളെ ക്വാറന്റൈൻ കേന്ദ്രത്തിൽ തുറന്നുവിടുന്നു, രാഷ്ട്രപതി ദ്രൗപതി മുർമുവും സംഘവും സമീപം | Photo:X/byadavbjp

ബോട്സ്വാന: പ്രൊജക്ട് ചീറ്റയുടെ അടുത്ത ഘട്ടത്തിനായി ബോട്സ്വാനയിൽനിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിക്കും. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബോട്സ്വാന സന്ദർശന വേളയിലാണ് എട്ട് ചീറ്റകളെ ഇന്ത്യയ്ക്ക് കൈമാറാൻ ധാരണയായത്.

ജൈവവൈവിധ്യ സഹകരണത്തിന്റെ ഭാഗമായി ചീറ്റകളെ കൈമാറാനുള്ള നീക്കം ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കുമെന്ന് ബോട്സ്വാന പ്രസിഡന്റ് ഡുമ ഗിഡിയൻ ബോക്കോ പറഞ്ഞു. ബോട്സ്വാനയിൽനിന്നുള്ള ചീറ്റകളെ കുറച്ചുകാലം മൊകൊലോഡി പ്രകൃതി സംരക്ഷണ ക്വാറന്റൈൻ കേന്ദ്രത്തിൽ പാർപ്പിക്കും. അതിനുശേഷമായിരിക്കും അവയെ ഇന്ത്യയിലേക്ക് മാറ്റുക. ചീറ്റകളെ ഇന്ത്യ നല്ല രീതിയിൽ പരിപാലിക്കുമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ബോട്സ്വാന പ്രസിഡന്റ് ഡുമ ഗിഡിയൻ ബോക്കോയ്ക്ക് ഉറപ്പുനൽകി.

രാജ്യത്ത് ചീറ്റപ്പുലികൾക്കുണ്ടായ വംശനാശത്തുടർന്നാണ് 2022 സെപ്റ്റംബറിൽ പ്രോജക്ട് ചീറ്റയ്ക്ക് കേന്ദ്രസർക്കാർ രൂപം നൽകിയത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നമീബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണ് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

Content Highlights: India officially receives 8 cheetahs from Botswana as part of Project Cheetah.