ഒരു കൊല്ലത്തിനിടെ ഏഴാംവട്ടവും പൊട്ടിത്തെറിച്ച് അഗ്നിപര്‍വതം; ലാവ ഒഴുകുന്ന ദൃശ്യം വൈറല്‍

അഗ്നിപര്‍വതത്തില്‍നിന്നുള്ള ലാവയുടെ ദൃശ്യം | Image courtesy: https://x.com/or_bit_eye
അഗ്നിപര്‍വതത്തില്‍നിന്നുള്ള ലാവയുടെ ദൃശ്യം | Image courtesy: https://x.com/or_bit_eye

രുകൊല്ലത്തിനിടെ ഏഴാംവട്ടവും പൊട്ടിത്തെറിച്ച് അഗ്നിപര്‍വതം. തെക്കുപടിഞ്ഞാറന്‍ ഐസ്‌ലന്‍ഡിലെ റെയ്കനെസ് ഉപദ്വീപിലെ ഗ്രൈന്‍ഡവിക്കിന് സമീപം സ്ഥിതിചെയ്യുന്ന സുന്‍ഡ്‌നുക്‌സ്ഗിഗാര്‍ എന്ന സജീവ അഗ്നിപര്‍വതമാണ് വീണ്ടും പൊട്ടിത്തെറിച്ചത്. ചുവപ്പ്-ഓറഞ്ച് നിറത്തിലുള്ള ലാവ പൊട്ടിയൊലിക്കുന്നതിന്റെയും പുകപടലങ്ങളുടെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

അഗ്നിപര്‍വതം പൊട്ടിത്തെറിച്ചുവെങ്കിലും സമീപത്തെ നിര്‍മിതികള്‍ക്കൊന്നും കേടുപാടുണ്ടായിട്ടില്ലെന്ന് ഐസ്‌ലാന്‍ഡിക് മീറ്റിയോറോളോജിക്കല്‍ ഓഫീസ് (ഐ.എം.ഒ.) അറിയിച്ചു. അതേസമയം, ജിയോതെര്‍മല്‍ സ്പായ്ക്കും വിനോദസഞ്ചാരത്തിനും പേരുകേട്ട മത്സ്യബന്ധനഗ്രാമമായ ഗ്രൈന്‍ഡവിക്കിലെ ആളുകളെ ബുധനാഴ്ച രാത്രിയോടെ ഒഴിപ്പിച്ചു. 

റെയ്കനെസ് ഉപദ്വീപിലെ അഗ്നിപര്‍വതങ്ങള്‍ ദീര്‍ഘകാലമായി സുഷുപ്തിയിലായിരുന്നു. എന്നാല്‍, ഉയര്‍ന്ന തീവ്രതയിലുള്ള ഭൂചലനങ്ങള്‍ പ്രദേശത്ത് അനുഭവപ്പെടാന്‍ തുടങ്ങിയതോടെ അഗ്നിപര്‍വതങ്ങള്‍ വീണ്ടും സജീവമാകുകയായിരുന്നു. ഇപ്പോഴത്തെ പൊട്ടിത്തെറി ഇതിന് തൊട്ടുമുന്‍പത്തേതിനെ അപേക്ഷിച്ച് ചെറുതാണെന്നും ഐ.എം.ഒ. കൂട്ടിച്ചേര്‍ക്കുന്നു. ഓഗസ്റ്റ് മാസത്തിലായിരുന്നു ഇതിന് മുന്‍പ് ഈ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്.

നാലായിരത്തോളം താമസക്കാരാണ് ഗ്രൈന്‍ഡവിക്കിലുള്ളത്. പ്രദേശത്തെ ആദ്യത്തെ പൊട്ടിത്തെറിക്ക് പിന്നാലെ ഇവരെ ഇവിടെനിന്ന് ഒഴിപ്പിച്ചിരുന്നു. തുടര്‍ന്ന് മേഖലയിലെ ഭൂരിഭാഗം വീടുകളും ഉടമകള്‍ സര്‍ക്കാരിന് വില്‍ക്കുകയും പ്രദേശത്തുനിന്ന് പോവുകയും ചെയ്തു.

ജനുവരിയില്‍ ഉണ്ടായ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ ഗ്രാമത്തിലെ മൂന്ന് വീടുകള്‍ കത്തിനശിക്കുകയും ചെയ്തിരുന്നു. 33 സജീവ അഗ്നിപര്‍വതങ്ങളാണ് ഐസ്‌ലന്‍ഡിലുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ അഗ്നിപര്‍വതങ്ങളുള്ളത് ഇവിടെയാണ്. 

Content Highlights: iceland volcano eruption seventh time in a year