പല ജില്ലകളിലും നേരിയ തോതില്‍ ചൂട് കൂടി; നാളെ മുതല്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷ

പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

തിരുവനന്തപുരം: പലജില്ലകളിലും ചൂട് നേരിയതോതിൽ കൂടി. ആലപ്പുഴയിൽ വീണ്ടും ഉഷ്ണതരംഗസാഹചര്യമെത്തി. എന്നാൽ, പ്രഖ്യാപിച്ചിട്ടില്ല. ബുധനാഴ്ചമുതൽ കേരളത്തിൽ വ്യാപകമായി വേനൽമഴയ്‌ക്കു സാധ്യതയുണ്ട്. അന്നുവരെ പലയിടത്തും ചൂട് കൂടിനിൽക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴപെയ്യുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ മലപ്പുറത്തും വയനാടും വ്യാഴാഴ്ച മഞ്ഞമുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ഇടുക്കിയിലും മഞ്ഞമുന്നറിയിപ്പുണ്ട്.

ആലപ്പുഴയിൽ ചൂട് 37.4 ഡിഗ്രിയിൽനിന്ന് 37.7 ആയി. സാധാരണയിൽനിന്ന്‌ 4.5 ഡിഗ്രി കൂടുകയും ചെയ്തു. ഇത് ഉഷ്ണതരംഗ സാഹചര്യമാണ്. എന്നാൽ, രണ്ടുദിവസം തുടർച്ചയായി ഇതേ നില തുടരുമ്പോഴാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. 

പാലക്കാട്ടെ ചൂട് 39-ൽനിന്ന് 39.4 ഡിഗ്രിയായി. കോഴിക്കോട് കഴിഞ്ഞദിവസത്തെക്കാൾ 0.7 കൂടി 37.9 ഡിഗ്രിയായി. കോട്ടയം. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ചൂടിൽ നേരിയകുറവ് രേഖപ്പെടുത്തി. രാജ്യത്തിന്റെ തെക്കൻപ്രദേശങ്ങളിൽ ചൊവ്വാഴ്ചമുതൽ ഉഷ്ണതരംഗത്തിന് തീവ്രത കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിഗമനം.

Content Highlights: high temperature in various districts and chance for summer rain