സൂര്യതാപം പൊള്ളും അകവും പുറവും; രക്തത്തിന്റെ ഘടനവരെ മാറും, അവയവങ്ങളെ ബാധിക്കും

#സി. രൺജിത്ത്
പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA
പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA

കണ്ണൂർ: സംസ്ഥാനത്ത് ചൂട് വല്ലാതെ കൂടിയതോടെ പലവിധ ആരോഗ്യപ്രശ്നങ്ങൾ വന്നുചേരുകയാണ്. കൂട്ടത്തിൽ കാഠിന്യമേറിയതാണ് സൂര്യതാപം. ശരീരത്തിലെ ചൂട് അമിതമായി കൂടിയാൽ അത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കും. അതുകൊണ്ടാണ് സൂര്യതാപം മരണകാരണമാവുന്നത്. അടിയന്തര ചികിത്സലഭിക്കേണ്ട അവസ്ഥയാണത്.

അന്തരീക്ഷ താപനില 40 ഡിഗ്രി എന്നു പറഞ്ഞാൽ 104 ഡിഗ്രി ഫാരൻഹീറ്റാണ്. അതികഠിനമായ പനി വന്നാലുണ്ടാകുന്ന അവസ്ഥയാണത്. ഭൂമിയിൽനിന്നുള്ള ചൂടുകൂടിയാകുമ്പോൾ ഇതിലും നാലുഡിഗ്രിവരെ കൂടുതൽ അനുഭവപ്പെടാം. ചർമത്തിൽ പൊള്ളലേൽക്കൽ മാത്രമല്ല മരണംവരെ സംഭവിക്കാം.

രക്തത്തിന്റെ ഘടനവരെ മാറും

ചൂട് വല്ലാതെ കൂടിയാൽ രക്തത്തിന്റെ ഘടനയിൽ മാറ്റം സംഭവിക്കാം. ശ്വേതരക്താണുക്കൾ, പ്ലേറ്റ്‌ലറ്റ് തുടങ്ങിയ ഘടകങ്ങളുടെ അളവ് മാറും. രക്തം കട്ടപിടിക്കാം. ഇത് ഹൃദയം, മസ്തിഷ്കം എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. പേശികൾക്ക് ക്ഷതംസംഭവിച്ച് മയോഗ്ലോബിൻ ചോർന്ന് രക്തത്തിലെത്താം (റാബ്ഡോമയോലിസിസ്). അത് വൃക്കകളെ ബാധിക്കും.

സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളുടെ അളവിൽ മാറ്റംവന്ന് ശാരീരിക പ്രവർത്തനങ്ങൾ തകരാറിലാകവും.

അവയവങ്ങളെ ബാധിക്കും

ഹൃദയം

ഹൃദയത്തിലേക്ക് രക്തയോട്ടം തടസ്സപ്പെട്ട് ഹൃദയാഘാതം വരാം. ഹൃദയപേശികൾക്ക് തകരാർ സംഭവിച്ച് തെർമൽ കാർഡിയോമയോപ്പതി വരാം. അതുവഴി ഹൃദയപരാജയംമുണ്ടാകും.

മസ്തിഷ്കം

മസ്തിഷ്കാഘാതം വരാം. തലവേദന, ആശയക്കുഴപ്പം, അസാധാരണ പെരുമാറ്റം, തലകറക്കം, അബോധാവസ്ഥ എന്നിവയുണ്ടാകാം

വൃക്കകൾ

നിർജലീകരണം, ചൂട് നേരിട്ടുണ്ടാക്കുന്ന ക്ഷതം, റാബ്ഡോമയോലിസിസ് എന്നിവ വൃക്കസ്തംഭനം ഉണ്ടാക്കുന്നു

കരൾ

കരളിലെ എൻസൈമുകളുടെ (ദീപനരസങ്ങൾ) അളവുകൂടുന്നു. കരൾപ്രവർത്തനം താളംതെറ്റുന്നു

സൂര്യതാപം രണ്ടുവിധത്തിൽ

  1. ക്ലാസിക് ഹീറ്റ് സ്ട്രോക്ക്

പ്രധാനമായും പ്രായമേറിയവരിൽ കാണുന്നതാണ്. പലരും ദീർഘകാല അസുഖമുള്ളവരാവും. ബീറ്റ ബ്ലോക്കർ പോലുള്ള ചിലതരം മരുന്നു കഴിക്കുന്നവരാകും. ശരീരത്തിലെ ചൂട് പുറത്തുകളയാനുള്ള സംവിധാനം ഇവരിൽ ശരിയാംവിധം പ്രവർത്തിക്കില്ല. ചർമം വരണ്ടിരിക്കും. ഉഷ്ണതരംഗം പോലുള്ളവ ഉണ്ടാകുമ്പോൾ വീടിനകത്തായാലും സൂര്യതാപം സംഭവിക്കാം.

 2. എക്സർഷണൽ ഹീറ്റ് സ്ട്രോക്ക്

ആരോഗ്യമുള്ളവരിൽത്തന്നെ വെയിലത്തും മറ്റും അമിതമായി അധ്വാനിക്കുമ്പോഴും ദീർഘനേരം വെയിൽ കൊള്ളുമ്പോഴും സംഭവിക്കുന്നത്. ഇവരിൽ ചർമം വിയർത്തുകുളിച്ചിരിക്കും.

പ്രഥമശുശ്രൂഷ

വെയിലുള്ള സ്ഥലത്തുനിന്നുമാറ്റി തണലിലോ തണുത്ത മുറിയിലോ കിടത്തുക. തണുത്തവെള്ളം ഉപയോഗിച്ച് ശരീരം തുടയ്ക്കുക. ഫാൻ അല്ലെങ്കിൽ എ.സി. ഉപയോഗിക്കുക. കട്ടികൂടിയ വസ്ത്രങ്ങൾ നീക്കുക. ധാരാളം വെള്ളം (നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, സംഭാരം) നൽകുക. വിശ്രമം അത്യാവശ്യമാണ്. ബോധക്ഷയം ഉണ്ടായാൽ, ശരീരതാപം കുറയാതിരുന്നാൽ, ഛർദി അല്ലെങ്കിൽ ശ്വാസതടസ്സം നേരിട്ടാൽ ഉടൻ ആശുപത്രിയിൽ എത്തിക്കുക.

Content Highlights: High ambient temperatures can cause systemic organ failure, including the heart, brain, kidneys, and liver., Heat stroke changes blood composition, potentially leading to blood clotting and rhabdomyolysis., Distinguishes between Classic Heat Stroke (elderly/medicated) and Exertional Heat Stroke (physical activity)., Provides actionable first-aid steps: moving to shade, cooling the body, and hydration., Identifies critical symptoms requiring immediate hospital intervention.