ഭൂഗര്‍ഭജലത്തിനും രക്ഷയില്ല, താപനില ഉയരും; ആശങ്കയുണര്‍ത്തുന്ന റിപ്പോര്‍ട്ടുമായി ഗവേഷകര്‍

പ്രതീകാത്മക ചിത്രം | Photo-Gettyimage
പ്രതീകാത്മക ചിത്രം | Photo-Gettyimage

ഭൂമിക്കടിയിലെ ജീവന്റെ സ്രോതസ്സ് കൂടിയാണ് ഭൂഗര്‍ഭജലം. ഭൂഗര്‍ഭജല മീനുകള്‍ അതിനൊരു ഉദാഹരണം കൂടിയാണ്.  ആഗോളതലത്തില്‍ തന്നെ ഈ സ്രോതസ്സുകളിലെ താപനില ഉയരുമെന്നാണ് പുതിയ പഠനം നല്‍കുന്ന സൂചന. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ശരാശരിയില്‍ 2.1 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3.5 ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവുണ്ടായേക്കാമെന്നാണ് പഠനം പറയുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ന്യൂകാസില്‍, ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഗവേഷക സംഘമാണ് ആഗോളതലത്തില്‍ ആദ്യത്തെ ഭൂഗര്‍ഭജല താപനിലയെ പറ്റിയുള്ള പഠനം പുറത്തുവിട്ടത്. 

ആമസോണ്‍ മഴക്കാടുകളെ പോലും ഈ മാറ്റം ബാധിക്കും. മധ്യ റഷ്യ, വടക്കന്‍ ചൈന, വടക്കന്‍ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റു പ്രദേശങ്ങളും ഇതുമൂലം ബാധിക്കപ്പെടും. കാലാവസ്ഥാ മാറ്റം പ്രകൃതിക്ഷോഭങ്ങളിടയാക്കാനുള്ള കാരണങ്ങള്‍ പഠിക്കുമ്പോള്‍, ഭൂഗര്‍ഭജലത്തില്‍ വന്നേക്കാവുന്ന മാറ്റങ്ങളെ കുറച്ചു കാണരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഭൂഗര്‍ഭജലത്തില്‍ ഓക്‌സിജന്‍ അളവ് കുറവാണ്‌. ഇത് വരള്‍ച്ചാ കാലത്ത് ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്ന മീനുകളെ ബാധിക്കുകയും അവ ചത്തൊടുങ്ങുകയും ചെയ്യും. താപനിലയിലെ നേരിയ ചലനങ്ങള്‍ പോലും ഭൂഗര്‍ഭജലത്തില്‍ കാതലായ മാറ്റങ്ങളുണ്ടാക്കാം. അതിനെ ആശ്രയിച്ച് ജീവിക്കുന്ന ആവാസവ്യവസ്ഥയ്ക്ക് പുതിയ പഠനം വെല്ലുവിളി തന്നെയാണ്. 

കുടിവെള്ളത്തിന് നിലവില്‍ ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങളെയും താപനില വര്‍ധന രൂക്ഷമായി ബാധിക്കും. ആ പ്രദേശങ്ങളിലെ മനുഷ്യരുടെ ആരോഗ്യത്തെയും ഇത് താറുമാറാക്കും. ദൃശ്യരൂപത്തില്‍ ഈ മാറ്റങ്ങള്‍ കാണുന്നതിനായി ഗൂഗിള്‍ എര്‍ത്ത് എന്‍ജിന്‍ ഉപയോഗിച്ച് ഒരു ഇന്ററാക്ടീവ് ഓണ്‍ലൈന്‍ അപ്ലിക്കേഷനും ഗവേഷകര്‍ വികസിപ്പിച്ചു. ഇത് വരുംവര്‍ഷങ്ങളില്‍ വിവിധ കാലാവസ്ഥകളില്‍ വരുത്തുന്ന മാറ്റങ്ങള്‍ ദൃശ്യങ്ങളായി ഗവേഷകര്‍ക്ക് മുന്നിലെത്തി. ഗവേഷകര്‍ വികസിപ്പിച്ച ഭൂഗര്‍ഭജല താപനില വര്‍ധനമാതൃക പ്രകാരം 2099-ല്‍ ഭൂഗര്‍ഭ ജല വര്‍ധന ഏറ്റവുമേറെ, അതായത് റെക്കോഡളവില്‍ അഭിമുഖീകരിക്കുന്ന സ്ഥലങ്ങളിലാകും  5.9 കോടിക്കും 58.8 കോടിക്കും ഇടയില്‍ ആളുകൾ താമസിക്കുക. 

Content Highlights: groundwater temperature to rise by end of century