ഗ്രേറ്റ് നികോബാർ പദ്ധതി; അനുമതി നൽകിയത് ഗോത്രവിഭാഗങ്ങളുടെ വനാവകാശനിയമം മറികടന്നെന്ന് രേഖകൾ

ന്യൂഡൽഹി: കോടികളുടെ ഗ്രേറ്റ് നികോബാർ പദ്ധതിക്ക് അനുമതി നൽകിയത് വനാവകാശനിയമം മറികടന്ന്. പദ്ധതിക്കായി 130.75 ചതുരശ്ര കിലോമീറ്റർ സംരക്ഷിതവനഭൂമി വകമാറ്റുന്നത് 2006-ലെ വനാവകാശനിയമം ലംഘിച്ചാണ്.
അന്തമാനിലെ പുരാതന ഗോത്രമായ ഷോംപെൻ വിഭാഗത്തിന്റെ അനുമതിയോടെയാണ് വനഭൂമി വകമാറ്റുന്നതെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണെന്ന് പുറത്തുവന്ന രേഖകളിൽ വ്യക്തമാണ്.
ആദിവാസികളുടെ വനഭൂമി ഏറ്റെടുക്കുമ്പോൾ വനാവകാശനിയമപ്രകാരം അവരുടെ അവകാശസംരക്ഷണം ഉറപ്പാക്കണം. ഷോംപെൻ, നിക്കോബാറി ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഗലാത്തിയ, കാംപ്‌ബെൽ ബേ ദേശീയോദ്യാനങ്ങൾ പദ്ധതിയിൽവരും. ജനസംഖ്യയിൽ കുറവുള്ള ഇവരുടെ ആവാസവ്യവസ്ഥയാണ് നഷ്ടമാകുന്നത്. വനാവകാശനിയമപ്രകാരം, ഇവരുടെ സംരക്ഷണമുറപ്പാക്കുന്ന പ്രമേയം ഗോത്രവിഭാഗത്തിലെ മുതിർന്ന അംഗങ്ങളുള്ള ഗ്രാമസഭകൾ പാസാക്കണം.
2022 ഓഗസ്റ്റ് 12-ന് ഗ്രാമസഭകൾ പ്രമേയം പാസാക്കി വനഭൂമി കൈമാറ്റം അനുവദിച്ചെന്നാണ് സർക്കാർവാദം. എന്നാൽ, അനുമതി നൽകിയ മൂന്നുഗ്രാമസഭകളും ആദിവാസി ഇതര കുടിയേറ്റക്കാരുടെ പഞ്ചായത്തുകളിലെ ഗ്രാമസഭകളാണ്. ഇത് ചൂണ്ടിക്കാട്ടി മുൻ കേന്ദ്രസെക്രട്ടറി മീന ഗുപ്ത, കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. കേന്ദ്രസർക്കാർ ഇതിനെ ചോദ്യം ചെയ്തെങ്കിലും ഹൈക്കോടതി വാദം കേൾക്കാൻ തീരുമാനിച്ചിരിക്കയാണ്.
ഷോംപെൻ വിഭാഗത്തിന്റെ സമ്മതപത്രം കൈമാറിയത് അന്തമാൻ ആദിം ജൻജാതി വികാസ് സമിതി എന്ന സർക്കാർ സംഘടനയുടെ ഉദ്യോഗസ്ഥനാണ്. നിക്കോബാറികളുടെ സമ്മതപത്രം കൈമാറിയത് ട്രൈബൽ കൗൺസിലിന്റെ ചെയർപേഴ്‌സണും.
Content Highlights: The Great Nicobar project allegedly violates the 2006 Forest Rights Act., Tribal consent from the Shompen and Nicobari tribes is disputed., Consent was reportedly obtained from non-tribal settler village councils., Former Central Secretary Meena Gupta has challenged the project in the Calcutta High Court., The project threatens the habitat of vulnerable indigenous communities.