ഫ്രാൻസിലും സ്പെയിനിലും ആളിപ്പടർന്ന് കാട്ടുതീ; 50,000 പേരെ ഒഴിപ്പിച്ചു, യുഎൻ സഹായംതേടി രാജ്യങ്ങൾ

പാരീസ്: യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടർന്നുപിടിക്കുന്നു. മേഖലയിൽ കാട്ടുതീ അനിയന്ത്രിതമായി പടർന്നതിനെത്തുടർന്ന് ഒരാഴ്ചക്കിടെ ഏകദേശം 50,000 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് അധികൃതർ മാറ്റിപ്പാർപ്പിച്ചത്. അതിശക്തമായ ഉഷ്ണതരംഗവും കാറ്റുമാണ് തീ അതിവേഗം പടരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഫ്രാൻസിലെ ബോർഡോ മേഖലയിലാണ് കാട്ടുതീ ഏറ്റവും കൂടുതൽ നാശം വിതയ്ക്കുന്നത്. ഇവിടെനിന്ന് മാത്രം 40,000-ഓളം ആളുകളെയാണ് ഒഴിപ്പിച്ചത്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനാൽ ആയിരക്കണക്കിന് വരുന്ന വിനോദസഞ്ചാരികളോട് ക്യാമ്പ് സൈറ്റുകളിൽനിന്നും അവധിക്കാല വസതികളിൽനിന്നും മാറിതാമസിക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിന് സമീപവും കാട്ടുതീ ആളിപ്പടരുകയാണ്. മാഡ്രിഡ് മേഖലയിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടെനിന്ന് പതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഇതിൽ കെയർ ഹോമുകളിൽ കഴിഞ്ഞിരുന്ന നാനൂറിലധികം വയോധികരും ഭിന്നശേഷിക്കാരും ഉൾപ്പെടുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും പുകപടലങ്ങൾ നിറഞ്ഞു. രാജ്യത്തെ സുരക്ഷാ സേനകളെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ടെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.
സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ ഫ്രാൻസും സ്പെയിനും യൂറോപ്യൻ യൂണിയന്റെ സഹായം തേടിയിട്ടുണ്ട്. പ്രത്യേക അഗ്നിശമന വിമാനങ്ങളിൽ നാലെണ്ണം സ്പെയിനിലേക്കും മൂന്നെണ്ണം ഫ്രാൻസിലേക്കും അയച്ചതായി യൂറോപ്യൻ യൂണിയൻ അറിയിച്ചു. പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനം കാരണം മേഖലയിലുണ്ടായ കടുത്ത വരൾച്ചയാണ് കാട്ടുതീ പടരാൻ കാരണമായതെന്നാണ് വേൾഡ് വെതർ ആട്രിബ്യൂഷൻ ഗ്രൂപ്പിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.
Content Highlights: Over 50,000 people evacuated across France and Spain due to severe wildfires., Temperatures exceeding 40°C combined with strong winds fueling rapid fire spread., Bordeaux region in France significantly affected with 40,000 evacuations., Madrid declares state of emergency as fires threaten residential and care facilities., EU deploying specialized firefighting aircraft to assist containment efforts.