നിയന്ത്രണാതീതമായി പടർന്ന് കാട്ടുതീ; വെന്തുരുകി ഫ്രാൻസും പാരിസും, 3.25 ലക്ഷം ആളുകളെ ഒഴിപ്പിച്ചു

#ന്യൂസ് ഡെസ്ക്
തീയണയ്കാൻ ശ്രമിക്കുന്ന ഫ്രഞ്ച് സിവില്‍ ഡിഫൻസ് ഏജൻസിയുടെ വിമാനം | PHOTO: AP
തീയണയ്കാൻ ശ്രമിക്കുന്ന ഫ്രഞ്ച് സിവില്‍ ഡിഫൻസ് ഏജൻസിയുടെ വിമാനം | PHOTO: AP

ബോർഡോ: അത്യുഷ്ണത്തിന്റെ പിടിയിലുള്ള ഫ്രാൻസിലും സ്പെയിനിലും 'രാക്ഷസ'കാട്ടുതീകൾ നിയന്ത്രണാതീതമായി പടരുന്നു. വിമാനങ്ങളിൽനിന്ന് വെള്ളവും അഗ്നിശമനോപാധികളും ചീറ്റിച്ച് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതം. എന്നാൽ, എല്ലാറ്റിനെയും മറികടന്ന് തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുകയാണ്.

സ്പെയിനിലെ പെലയോസ് ഡി ലാ പ്രെസയിലുണ്ടായ കാട്ടുതീയെത്തുടർന്ന് കത്തിനശിച്ച എൽ അങ്ക്ല കപ്പൽനിർമാണ ശാല | PHOTO: AFP

ഫ്രാൻസിലെ പ്രധാനനഗരമായ ബോർഡോയ്ക്ക് 15 കിലോമീറ്റർ അകലെ തീയെത്തി. മേഖലയിൽ ചെറിയതോതിൽ മഴലഭിച്ചത് തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് ആശ്വാസം പകർന്നു. എങ്കിലും പുതിയ ഉഷ്ണതരംഗം പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ തീ പൂർണമായും അണയ്ക്കാൻ ആഴ്ചകളെടുക്കുമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധി വിലയിരുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടിയന്തര യോഗം ചേർന്നു. 8.5 ലക്ഷം താമസക്കാരുള്ള ബോർഡോ ഉടൻ ഒഴിപ്പിക്കേണ്ടിവരില്ലെന്ന് കരുതുന്നതായി മേയർ അറിയിച്ചു.

ഫ്രാൻസിലെ ലെ പോർജിൽ കാട്ടുതീ മൂലമുണ്ടായ പുകപടലങ്ങൾ | Photo: AP

തീയണയ്ക്കാനുള്ള ശ്രമങ്ങളുമായി 2500 അഗ്നി രക്ഷാസേനാംഗങ്ങളും 1500 സൈനികരും 1200 പോലീസുകാരും രംഗത്തുണ്ട്. ഫ്രാൻസിന്റെയും സ്പെയിനിന്റെയും ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കാട്ടുതീകളിലൊന്നാണിത്. ഈ മാസം 22-നാണ് ഫ്രാൻസിലെ ജിറോണ്ടിൽ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. ഏതാണ്ടിതേസമയത്ത് സ്പെയിനിലും വലിയ കാട്ടുതീയുണ്ടായി. 24-ന് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇരുരാജ്യങ്ങളിലുമായി ഇതുവരെ മൂന്നുപേർ മരിച്ചു. 3.25 ലക്ഷം പേരെ ഒഴിപ്പിച്ചു. ഫ്രാൻസിൽ 84 അഗ്നിരക്ഷാസേനാഗംങ്ങൾക്ക് പൊള്ളലേറ്റു. ബോർഡോ ഉൾപ്പെടുന്ന ജിറോണ്ട് മേഖലയിലും മഡ്രിഡിന് സമീപമുള്ള മധ്യസ്പെയിനിലുമാണ് കൂടുതൽ നാശനഷ്ടം. ഫ്രാൻസിലെ പ്രധാന വൈൻ ഉത്പാദന മേഖലയാണ് ജിറോണ്ട്. ദുരിതത്തിലായവർക്കായി ഞായറാഴ്ചത്തെ ദിവ്യബലിയിൽ മാർപാപ്പ പ്രാർഥിച്ചു.

Content Highlights: Severe wildfires spreading across France and Spain since July 22, 2026., 325,000 people evacuated across both nations with three reported deaths., Bordeaux's Gironde region and Central Spain near Madrid are the worst affected., Over 5,000 emergency personnel, including soldiers and police, are deployed., New heatwaves predicted, making full containment likely to take weeks.