സെെലന്റ് വാലിയിൽ രണ്ടുവർഷത്തിനുശേഷം വീണ്ടും തുമ്പികളുടെ കണക്കെടുപ്പ്; നടക്കുന്നത് നാലാമത് സർവേ

#സ്വന്തം ലേഖകൻ
സൈലന്റ് വാലിയില്‍ കണ്ടുവരുന്ന സൂചിത്തുമ്പി ഇനത്തില്‍പ്പെട്ട വടക്കൻ അരുവിയൻ തുമ്പി
സൈലന്റ് വാലിയില്‍ കണ്ടുവരുന്ന സൂചിത്തുമ്പി ഇനത്തില്‍പ്പെട്ട വടക്കൻ അരുവിയൻ തുമ്പി

മണ്ണാർക്കാട്: നിത്യഹരിതവനമായ സൈലന്റ് വാലിയിൽ രണ്ടുവർഷത്തിനുശേഷം വീണ്ടും തുമ്പികളുടെ കണക്കെടുപ്പ്. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെയും സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസിന്റെയും നേതൃത്വത്തിലാണ് മൂന്നുദിവസം നീളുന്ന കണക്കെടുപ്പ് വെള്ളിയാഴ്ച തുടങ്ങുന്നത്. അപൂർവയിനം തുമ്പികളുൾപ്പെടെയുള്ള ജീവജാലങ്ങളുടെ കലവറകൂടിയാണ് സൈലന്റ് വാലി.

ഇതിനുമുൻപ് മൂന്നുതവണയാണ് സൈലന്റ് വാലിയിൽ തുമ്പിസർവേ നടത്തിയിട്ടുള്ളത്. 2018-ൽ നടത്തിയ ആദ്യ സർവേയിൽ 83 ഇനം തുമ്പികളെയും 2019-ൽ 76 ഇനങ്ങളെയും 2023-ൽ 103 ഇനങ്ങളെയും കണ്ടെത്തി. തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിവിഷൻ, സൈലന്റ് വാലി, പെരിയാർ കടുവസങ്കേതം എന്നിവിടങ്ങളിലാണ് നൂറിലധികം ഇനം തുമ്പികളെ കണ്ടെത്തിയിട്ടുള്ളത്. ശുദ്ധജലവും കാട്ടുചോലകളുമുള്ള ഭാഗത്താണ് ഇവയെ കൂടുതലായി കാണാനാവുക. അതുകൊണ്ട് പരിസ്ഥിതിയിലെ നല്ല ജൈവസൂചകങ്ങളായാണ് തുമ്പികളെ കണക്കാക്കുന്നത്.

വലിയ ഇനമായ കല്ലൻതുമ്പി വിഭാഗത്തിൽപ്പെടുന്ന മരതകരാജൻ, നീലരാജൻ, സൂചിത്തുമ്പി വിഭാഗത്തിലെ ചതുപ്പ് മുളവാലൻ, കാട്ടുപുൽ ചിന്നൻ, പത്തിപ്പുൽ ചിന്നൻ തുടങ്ങിയ ഇനങ്ങളും സൈലന്റ്‌വാലി മേഖലയിൽ ധാരാളമായുണ്ടെന്ന് മുൻപ് സർവേനടത്തിയ സംഘത്തിലെ ഡോ. സുജിത് വി.ഗോപാലൻ പറഞ്ഞു. അപൂർവയിനമായ കോമരത്തുമ്പികളെയും കണ്ടെത്തിയിട്ടുണ്ട്. സൈലന്റ് വാലിയുടെ ഏറ്റവും ഉയരംകൂടിയതും തമിഴ്‌നാട്ടിലെ ഊട്ടിയുമായി ചേർന്നുകിടക്കുന്ന മേഖലയിലാണ് കാട്ടുമുളവാലൻ തുമ്പികളെ കണ്ടുവരുന്നത്.തുമ്പിനിരീക്ഷകരായ ഡോ. സുജിത് വി.ഗോപാലൻ, ഡോ. വിവേക് ചന്ദ്രൻ, രഞ്ജിത് ജേക്കബ്, മുഹമ്മദ് ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലാണ് നാലാമത് സർവേ. 35 പേരാണ് സംഘത്തിലുണ്ടാവുക.

Content Highlights: Fourth population of dragonfly estimate running in silent valley